ഒറ്റമാസം കൊണ്ട് വെള്ളിവില 45000 രൂപ കുറഞ്ഞു..! റെക്കോഡില്‍ നിന്ന് 57% കുറവ്
സ്വര്‍ണത്തിന് പിന്നാലെ വെള്ളി വിലയിലും വന്‍ഇടിവ്. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ ഡിസംബര്‍ ഡെലിവറി കരാറിലുള്ള വെള്ളിയുടെ വില കിലോയ്ക്ക് 10,577 രൂപ കൂടി ഇടിഞ്ഞു. ഇതോടെ വില 1.80 ലക്ഷം രൂപ എന്ന നിലവാരത്തിന് താഴെ വീണ് ഏറ്റവും താഴ്ന്ന നിരക്കായ കിലോയ്ക്ക് 1,79,600 രൂപയില്‍ എത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് വെള്ളിക്ക് സമാനമായ വില നിലവാരം ഉണ്ടായിരുന്നത്.
വെള്ളിയാഴ്ചയുണ്ടായ ഇടിവോടെ, ഒക്ടോബര്‍ മാസത്തില്‍ മാത്രം വെള്ളിയുടെ വിലയില്‍ കിലോയ്ക്ക് ഏകദേശം 45,000 രൂപയുടെ കുറവാണുണ്ടായത്. 2026-ലെ ഏറ്റവും വലിയ പ്രതിമാസ ഇടിവിലേക്കാണ് ഇത് നീങ്ങുന്നത്. 2025-ല്‍ തുടര്‍ച്ചയായ മുന്നേറ്റം കാഴ്ചവെച്ച വെള്ളിയുടെ വില, ഇപ്പോള്‍ ആ നേട്ടത്തിന്റെ 50 ശതമാനത്തിലധികവും നഷ്ടപ്പെടുത്തിക്കഴിഞ്ഞു.

ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവും, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും, അമേരിക്കയില്‍ പലിശനിരക്കുകള്‍ ഉയരുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയതാണ് ഇതിന് കാരണമായത്. സമാനമായി, സ്വര്‍ണ വിലയും തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തി. 10 ഗ്രാമിന് 4,347 രൂപ കുറഞ്ഞ് 1,38,249 രൂപ എന്ന ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
മാര്‍ച്ച് അവസാനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. സെപ്റ്റംബറില്‍ 10 ഗ്രാമിന് 5,400 രൂപ കുറഞ്ഞതിന് പിന്നാലെ, ഒക്ടോബറില്‍ 10,787 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. കിലോയ്ക്ക് 4,20,048 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് വെള്ളിയുടെ മൂല്യത്തില്‍ 57 ശതമാനമാണ് ഇടിവുണ്ടായത്. 2025-ല്‍ വെള്ളിയുടെ വിലയില്‍ 170 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതിന് പിന്നാലെയാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്.
സ്വര്‍ണത്തിന്റെ വിലയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. 10 ഗ്രാമിന് 1,80,779 രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് 42,321 രൂപയാണ് കുറഞ്ഞത്. സാധാരണയായി, പണപ്പെരുപ്പത്തിനെതിരായ ഒരു പ്രതിരോധ മാര്‍ഗമായും ഭൗമരാഷ്ട്രീയ അനിശ്ചിതത്വമുള്ള ഘട്ടങ്ങളില്‍ സുരക്ഷിതമായ നിക്ഷേപമായും സ്വര്‍ണം കണക്കാക്കപ്പെടുന്നു. എന്നാല്‍, പലിശനിരക്കുകള്‍ ഉയരുമ്പോള്‍ സ്വര്‍ണത്തോടുള്ള ആകര്‍ഷണം കുറയുന്നു.
കാരണം നിക്ഷേപകര്‍ അപ്പോള്‍ വരുമാനം ലഭിക്കുന്ന മറ്റ് ആസ്തികളിലേക്ക് ശ്രദ്ധ തിരിക്കുന്നു. സിഎംഇ ഫെഡ്‌വാച്ച് ടൂള്‍ പ്രകാരം, ഡിസംബറില്‍ പലിശ നിരക്ക് വര്‍ധിക്കാനുള്ള സാധ്യത ഏകദേശം 75 ശതമാനമാണെന്ന് വ്യാപാരികള്‍ വിലയിരുത്തുന്നു.
സെപ്റ്റംബറില്‍ യുഎസിലെ പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ പ്രൈസ് ഇന്‍ഡക്‌സ് മുന്‍ മാസത്തെ അപേക്ഷിച്ച് 0.5% വര്‍ധിച്ചു. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. വാര്‍ഷിക പണപ്പെരുപ്പം 3.6% ആയി ഉയരുകയും ചെയ്തു. കോര്‍ പിസിഇ പണപ്പെരുപ്പ നിരക്ക് വാര്‍ഷിക അടിസ്ഥാനത്തില്‍ 3.1% ആയും വര്‍ധിച്ചു. അതേസമയം, ഉപഭോക്തൃ ചെലവുകളിലെ കരുത്തും എഐ മേഖലയിലുണ്ടായ ശക്തമായ നിക്ഷേപങ്ങളും മൂലം മൂന്നാം പാദത്തില്‍ യുഎസ് ജിഡിപി 3.4% വാര്‍ഷിക നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തി.
ഇത് 3.2% എന്ന പ്രതീക്ഷകളെ മറികടക്കുന്നതാണ്. ബുധനാഴ്ച ചേര്‍ന്ന ഫെഡറല്‍ റിസര്‍വ് യോഗത്തില്‍, പലിശ നിരക്കുകള്‍ 3.75% - 4% എന്ന നിലയില്‍ മാറ്റമില്ലാതെ തുടരാന്‍ 10-നെതിരെ 2 വോട്ടുകള്‍ക്ക് തീരുമാനമായി. എന്നാല്‍, പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് നയരൂപീകരണ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി.
മധ്യപൂര്‍വേഷ്യയിലെ യുദ്ധം അയവില്ലാതെ തുടരുന്നതും, അതുമൂലം എണ്ണ, വാതക വിലകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതും യുഎസ് ഫെഡറല്‍ റിസര്‍വിനെയും മറ്റ് പ്രമുഖ കേന്ദ്ര ബാങ്കുകളെയും പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ പ്രേരിപ്പിക്കുന്നു. ഹോര്‍മുസ് കടലിടുക്കില്‍ ഒരു ടാങ്കറിനു നേരെ നടന്ന ആക്രമണം, ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം മൂലം വിതരണ ശൃംഖലയിലുള്ള അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.
ഇതിന്റെ ഫലമായി, തുടര്‍ച്ചയായ നാലാം മാസവും എണ്ണ വിലയില്‍ വര്‍ധനയുണ്ടാകാനുള്ള സാധ്യത തെളിഞ്ഞു. ഊര്‍ജ്ജ വിലയിലുണ്ടാകുന്ന വര്‍ധന, ഉയര്‍ന്ന പലിശ നിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് തുടരുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. ഇത്, വരുമാനം നല്‍കാത്ത ആസ്തികളെ, സുരക്ഷിതമായ നിക്ഷേപം തേടുന്നവര്‍ക്ക് അത്ര ആകര്‍ഷകമല്ലാത്തതാക്കി മാറ്റുന്നു.


Click it and Unblock the Notifications
