തമിഴ് സിനിമാതാരം കുരളരസന്‍ ഇസ്ലാം സ്വീകരിച്ചു; പിതാവ് ടി രാജേന്ദറിന്റെ സാന്നിധ്യത്തില്‍
ചെന്നൈ: തമിഴ് സിനിമാ താരം കുരളരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. പ്രശസ്ത സിനിമാ നടന്‍ ചിലമ്പരസന്റെ സഹോദരനാണ്. ഒറ്റപ്പെട്ട സിനിമകളില്‍ മാത്രമാണ് കുരളരസന്‍ അഭിനയിച്ചതെങ്കിലും അദ്ദേഹം തമിഴ് സിനിമാ സംഗീത ലോകത്ത് സജീവമാണ്.

കുരളരസന്‍ ഇസ്ലാം സ്വീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിതാവും തമിഴ്‌സിനിമാ താരവുമായ ടി രാജേന്ദറിന്റെ സാന്നിധ്യത്തിലാണ് കുരളരസന്‍ ഇസ്ലാം സ്വീകരിച്ചത്. രാജേന്ദറിന്റെ കുടുംബം വിശ്വാസികളാണ്. ഇദ്ദേഹത്തിന് മൂന്ന് മക്കളാണുള്ളത്.
മൂത്ത മകനാണ് ചിലമ്പരസന്‍. ഇദ്ദേഹം ശിവ ഭക്തനാണ്. മകള്‍ ഇളക്കിയ ക്രിസത്യാനിയും. എല്ലാ മതങ്ങളെയും താന്‍ ബഹുമാനിക്കുന്നുവെന്ന് രാജേന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചെന്നൈയിലെ അണ്ണാ സലായിക്കടുത്ത പള്ളിയില്‍ വച്ചാണ് കുരളരസന്‍ ഇസ്ലാം സ്വീകരിച്ചത്. ചെറുപ്പത്തില്‍ തന്നെ ചില സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് ഇദ്ദേഹം. പിന്നീട് സംഗീത ലോകത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതു നമ്മ ആള് എന്ന ചിമ്പു നായകനായ ചിത്രത്തില്‍ സംഗീതം നല്‍കിയത് കുരളരസന്‍ ആണ്.
തമിഴ് സിനിമാ സംഗീത ലോകത്ത് നിന്ന് ഇസ്ലാം മതം സ്വീകരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് കുരളരസന്‍. എആര്‍ റഹ്മാന്‍, ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ നേരത്തെ ഇസ്ലാം സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications