ഗായകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച; 60 പവനും വജ്രാഭരണങ്ങളും നഷ്ടമായി, പരാതി
ചെന്നൈ: ഗായകന്‍ യേശുദാസിന്റെ മകന്‍ മകന്‍ വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശനബാലയുടെ വീട്ടില്‍ മോഷണം. വീട്ടില്‍ നിന്ന് 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായാണ് പരാതി നല്‍കിയത്. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. വിജയ് യേശുദാസ് ഭാര്യ ദര്‍ശന ബാലയ്ക്കൊപ്പം ബ്രഹ്മപുരത്താണ് താമസിക്കുന്നത്.

വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കാണാതായതോടെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ വീട്ടില്‍ ജോലി ചെയ്തിരുന്ന വേലക്കാരിയെ സംശയിക്കുന്നതായി പരാതിയില്‍ പറയുന്നുണ്ട്. വീട്ടില്‍ നിന്ന് 60 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും സമാനമായ മോഷണം നടന്നിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന പവന്‍ കണക്കിന് സ്വര്‍ണവും വജ്രാഭരണങ്ങളുമാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
ഐശ്വര്യയുടെ വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 100 സ്വര്‍ണ നാണയങ്ങളും 30 ഗ്രാമിന്റെ വജ്രാഭരണങ്ങളും നാല് കിലോഗ്രാം വെള്ളിയും മോഷ്ടിച്ചെന്നതായിരുന്നു കേസ്. പ്രതികളെ പിടികൂടിയതിനു ശേഷമുള്ള ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ പുറത്തു വന്നത്.
തേനാംപേട്ട് പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. പ്രതികളില്‍ നിന്ന് മോഷണ മുതല്‍ പിടിച്ചെടുത്തിരുന്നു. മോഷ്ടിച്ച ആഭരണങ്ങള്‍ ഉപയോഗിച്ച് ഈശ്വരി ചെന്നൈയില്‍ ഒരു കോടി രൂപ വിലയുള്ള വീട് വാങ്ങിയിരുന്നു. എന്നാല്‍ ഇത് ഐശ്വര്യ രജനീകാന്തിന്റെ വീടാണെന്നും താന്‍ ഐശ്വര്യയുടെ ബിനാമിയാണെന്നുമാണ് പ്രതിയായ ഈശ്വരി പൊലീസിനോട് പറഞ്ഞത്.
ഐശ്വര്യ പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം പ്രതികളില്‍ നിന്ന് കണ്ടെടുത്തിരുന്നു. 18 വര്‍ഷമായി ജോലി ചെയ്തു വന്നിരുന്ന ആളാണ് ഈശ്വരി. ഐശ്വര്യയുടെ വിശ്വസ്തയായിരുന്ന ഈശ്വരിക്ക് വീട്ടില്‍ വളരെ സ്വാതന്ത്ര്യമുണ്ടായിരുന്നു. വീട്ടില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത് എവിടെയെന്നതും കൃത്യമായി അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications