'മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിച്ചു, ഇത്തരം രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും'; ചിന്മയി
ചെന്നൈ: ദില്ലിയിലെ ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ പിന്തുണയുമായെത്തിയ നടന്‍ കമലഹാസനെതിരെ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി താന്‍ നേരിടുന്ന വിലക്കിനെതിരെ ഒരിക്കലെങ്കിലും ശബ്ദിച്ചിട്ടുണ്ടോ എന്ന് ചിന്മയി ചോദിച്ചു.
റെസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ ദില്ലിയില്‍ സമരം നടത്തുന്നത്. ഈ സമരം ഒരു മാസം പിന്നിട്ടിരുന്നു. ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്‍ കമലഹാസന്‍ ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. ഈ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ചിന്മയിയുടെ വിമര്‍ശനം.

'ഒരു പീഡകന്റെ പേര് പരസ്യമായി വിളിച്ചുപറഞ്ഞതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ ഒരു ഗായിക കഴിഞ്ഞ അഞ്ച് വര്‍ഷമായി വിലക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോഴും അത് തുടരുകയാണ്. ആ പീഡകനോട് ബഹുമാനമുള്ളത് കൊണ്ട് ആരും ആയാള്‍ക്കെതിരെ ശബ്ദിച്ചില്ല. നിങ്ങള്‍ ഒരു വാക്കെങ്കിലും പറഞ്ഞോ? മൂക്കിന് താഴെ നടക്കുന്ന പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സംസാരിക്കുകയാണ്. ഇത്തരം രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്ന്' ചിന്മയി ചോദിച്ചു.
ചിന്മയി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. ചിലര്‍ പോസ്റ്റിനെ അനുകൂലിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിച്ച് രംഗത്തെത്തി. 2018ല്‍ ഗാനരചയിതാവ് വൈരമുത്തുവിനെതിരെയാണ് ചിന്മയി മിടൂ ആരോപണവുമായി രംഗത്തെത്തിയത്. ഒരു സംഗീത പരിപാടിക്കായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്.
തമിഴ് സിനിമ ലോകത്ത് ഇത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി-ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഡബ്ബിംഗ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കിയിരുന്നു. ഈ വിലക്ക് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ചിന്മയി കമലഹാസനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ചിന്മയി ശ്രീപാദ നിരവധി ഭാഷകളില്‍ പിന്നണി ഗാനരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നത്തില്‍ മുത്തമിട്ടാല്‍, സാറ സാറ തുടങ്ങിയ ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന തമിഴ് ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ.. എന്ന ഗാനത്തിന് ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് ചിന്മയിയുടെ ഭര്‍ത്താവ്. 2014 ല്‍ ആണ് രാഹുലും ചിന്മയിയും ശ്രീപദും വിവാഹിതരായത്.












Click it and Unblock the Notifications