ഗായകൻ കെകെയുടെ മരണത്തിന് കാരണം ഹൃദയാഘാതം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
മുംബൈ: കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ വെച്ച് മരണപ്പെട്ട ബോളിവുഡ് ഗായകൻ കെകെയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കെകെക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹൃദയാഘാതം മൂലമാണ് ഗായകൻ മരിച്ചത് എന്നാൽ മയോകാർഡിയൽ ഇൻഫ്രാക്ഷന്റെ ലക്ഷണങ്ങളും ഇദ്ദേഹത്തിന്റെ ശരീരം പ്രകടിപ്പിച്ചിരുന്നു. ഇത് മൂലം അദ്ദേഹത്തിന്റെ ഹൃദയത്തിലേക്കുള്ള രക്തം പമ്പ് ചെയ്യുന്നത് നിലച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.
"കൃഷ്ണകുമാറിന് വളരെക്കാലമായി ഒളിഞ്ഞിരിക്കുന്ന ഹൃദ്രോഗമുണ്ടായിരിക്കാൻ സാധ്യത ഉണ്ട്. ഇതിനാലാണ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇടത് കൊറോണറി ധമനിയിൽ വലിയ തടസ്സവും. മറ്റ് വിവിധ ധമനികളിലും ഉപ ധമനികളിലും ചെറിയ തടസ്സങ്ങളും ഉണ്ടായിരുന്നു. തത്സമയ ഷോയ്ക്കിടെയുള്ള അമിത ആവേശം രക്തയോട്ടം നിലച്ചതിന് കാരണമായി ഹൃദയസ്തംഭനത്തിലേക്ക് നയിച്ചു." ഒരു ഡോക്ടർ വാർത്താ ഏജൻസിയോട് പറഞ്ഞു. കൊൽക്കത്തയിലേക്ക് പുറപ്പെടും മുമ്പ് കെകെക്ക് കൈകളിലും തോളിലും വേദന അനുഭവപ്പെട്ടിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യ പോലീസിനോട് പറഞ്ഞിരുന്നു. ഗായകന് ഗ്യാസ്ട്രിക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇടയ്ക്കിടെ ആന്റാസിഡുകൾ കഴിക്കാറുണ്ടെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

സ്റ്റേജിലെ അമിതമായ ആവേശം രക്തപ്രവാഹം നിലക്കാൻ കാരണമായി. പിന്നീട് ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകുകയും അദ്ദേഹം ബോധരഹിതനാകുകയും ചെയ്തു. പിന്നാലെ ഹൃദയാഘാതം സംഭവിച്ചു. ഉടൻ തന്നെ സിപിആർ നൽകിയിരുന്നെങ്കിൽ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു എന്നും ഡോക്ടർ പറഞ്ഞു. ഒരുപക്ഷേ, ദഹനപ്രശ്നമായി അദ്ദേഹം തെറ്റിദ്ധരിച്ച ചില വേദനകൾ ഹൃദ്രോ ഗങ്ങളുടെ ലക്ഷണമായിരുന്നിരിക്കാം എന്നും ഇദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ വെച്ച് കെകെ കുഴഞ്ഞുവീണ് മരണപ്പെട്ടത്. അതിന് തൊട്ട് മുമ്പ് തിങ്ങി നിറഞ്ഞ ഒരു സദസിൽ ഇദ്ദേഹം സം ഗീത പരിപാടി അവതരിപ്പിച്ചിരുന്നു.
ഗായകന്റെ മൃതദേഹം ഇന്ന് രാവിലെയാണ് മുംബൈയിലെ വസതിയിൽ എത്തിച്ചത്. അവിടെ അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് നടത്തുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്തയിൽ നടന്ന സം ഗീത പരിപാടിക്കെതിരെയും വിമർശനങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. അനുവദിച്ചതിലും അധികം ആളുകൾ പരിപാടിക്ക് എത്തിയെന്നും ഇതുമൂലം വേദിയിൽ കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നെന്നും ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2,482 സീറ്റ് കപ്പാസിറ്റി ഉണ്ടായിരുന്ന ഓഡിറ്റോറിയത്തിൽ ഇതിന്റെ ഇരട്ടിയിലധികം ആളുകൾ എത്തിയിരുന്നു. തിക്കിലും തിരക്കിലും ഓഡിറ്റോറിയത്തിന്റെ വാതിലിനും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.












Click it and Unblock the Notifications