ദിവസം 3 രൂപ മാറ്റി വെക്കാമോ? 15 വർഷം കൊണ്ട് ലക്ഷങ്ങൾ പോക്കറ്റിൽ; മാജിക് ഇതാണ്
സമ്പാദ്യം തുടങ്ങാൻ വലിയൊരു തുക കൈവശം വേണമെന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാൽ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, നിക്ഷേപത്തിന്റെ കാര്യത്തിൽ തുകയേക്കാൾ പ്രധാനം അത് എത്ര നേരത്തെ തുടങ്ങുന്നു എന്നതിലാണ്. നിസ്സാരമെന്ന് നമ്മൾ കരുതുന്ന ചെറിയ തുകകൾ പോലും ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യമായി മാറ്റാൻ മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIP) സഹായിക്കും. വെറും 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രതിമാസം 100 രൂപ, 500 രൂപ, 1000 രൂപ എന്നിങ്ങനെ ചെറിയ തുകകൾ 5, 10, 15 വർഷം കൊണ്ട് എത്രത്തോളം വളരുമെന്ന് നമുക്ക് പരിശോധിക്കാം. ശരാശരി 12 ശതമാനം വാർഷിക വളർച്ചാ നിരക്ക് (CAGR) കണക്കാക്കിയുള്ള ഏകദേശ കണക്കുകളാണിത്.
1. പ്രതിമാസം 100 രൂപയുടെ നിക്ഷേപം
ദിവസവും ഏകദേശം 3 രൂപ മാത്രം മാറ്റിവെച്ചാൽ മതിയാകും ഈ നിക്ഷേപത്തിന്. ഒരു ചായയുടെ പൈസ പോലും വരാത്ത ഈ ചെറിയ തുകയുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്.
5 വർഷത്തിന് ശേഷം: നിങ്ങളുടെ ആകെ നിക്ഷേപം 6,000 രൂപയാണ്. എന്നാൽ 12% റിട്ടേൺ ലഭിച്ചാൽ ഏകദേശം 8,248 രൂപയായി ഇത് വളരും.
10 വർഷത്തിന് ശേഷം: ആകെ നിക്ഷേപം 12,000 രൂപ. ലഭിക്കുന്ന ഏകദേശ തുക 23,233 രൂപ.
15 വർഷത്തിന് ശേഷം: ആകെ നിക്ഷേപം 18,000 രൂപ. ലഭിക്കുന്ന തുക 50,457 രൂപയാണ്.

2. പ്രതിമാസം 500 രൂപയുടെ നിക്ഷേപം
ശരാശരി വരുമാനമുള്ള ആർക്കും എളുപ്പത്തിൽ മാറ്റി വെക്കാവുന്ന തുകയാണിത്.
5 വർഷം: ആകെ നിക്ഷേപം 30,000 രൂപ. 12% റിട്ടേണിൽ ഇത് 41,243 രൂപയാകും.
10 വർഷം: ആകെ നിക്ഷേപം 60,000 രൂപ. ലഭിക്കുന്ന ഏകദേശ തുക 1,16,169 രൂപ.
15 വർഷം: ആകെ നിക്ഷേപം 90,000 രൂപ. ലഭിക്കുന്ന ഏകദേശ തുക 2,52,289 രൂപ. അതായത് നിങ്ങളുടെ നിക്ഷേപത്തിന് ഇരട്ടിയിലധികം ലാഭം.
3. പ്രതിമാസം 1000 രൂപയുടെ നിക്ഷേപം
5 വർഷം: ആകെ നിക്ഷേപം 60,000 രൂപ. ലഭിക്കുന്ന ഏകദേശ തുക 82,486 രൂപ.
10 വർഷം: ആകെ നിക്ഷേപം 1,20,000 രൂപ. ലഭിക്കുന്ന ഏകദേശ തുക 2,32,339 രൂപ.
15 വർഷം: ആകെ നിക്ഷേപം 1,80,000 രൂപ. ലഭിക്കുന്ന ഏകദേശ തുക 5,04,577 രൂപ. അതായത് 15 വർഷം കൊണ്ട് അര ലക്ഷത്തിന് മുകളിൽ സമ്പാദിക്കാൻ സാധിക്കുന്നു.
എന്താണ് ഈ വളർച്ചയ്ക്ക് പിന്നിൽ?
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ 'പവർ ഓഫ് കോമ്പൗണ്ടിംഗ്' അഥവാ കൂട്ടുപലിശയുടെ കരുത്താണ് ഈ വളർച്ചയ്ക്ക് പിന്നിൽ. നിക്ഷേപിക്കുന്ന തുകയ്ക്കും അതിൽ നിന്ന് ലഭിക്കുന്ന ലാഭത്തിനും വീണ്ടും ലാഭം ലഭിക്കുന്ന പ്രക്രിയയാണിത്. കാലയളവ് കൂടുന്തോറും ഈ വളർച്ചയുടെ വേഗതയും വർധിക്കുന്നു. അതിനാൽ 20-കളിലോ 30-കളിലോ നിക്ഷേപം ആരംഭിക്കുന്നത് റിട്ടയർമെന്റ് കാലത്ത് വലിയൊരു തുക സ്വന്തമാക്കാൻ സഹായിക്കും.
വിപണിയിലെ ഉയർച്ച താഴ്ചകൾ എസ്‌ഐപി നിക്ഷേപകർക്ക് ഗുണകരമാണ്. വിപണി താഴേക്ക് പോകുമ്പോൾ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ സാധിക്കുന്നു (Rupee Cost Averaging). ഇത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ലാഭം ഉറപ്പാക്കുന്നു. എങ്കിലും, ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപമായതിനാൽ നഷ്ടസാധ്യതകളും നിലനിൽക്കുന്നുണ്ട്. അതിനാൽ മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ സാമ്പത്തിക ഉപദേശകരുടെ സഹായം തേടുന്നത് നന്നായിരിക്കും.












Click it and Unblock the Notifications