എസ്‌ഐആറില്‍ പൊരുത്തക്കേട്; ഡല്‍ഹി മുഖ്യമന്ത്രിക്കും കെജ്രിവാളിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
എസ്‌ഐആര്‍ നടപടികള്‍ക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ഉള്‍പ്പെടെ 33.1 ലക്ഷത്തിലധികം വോട്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. രേഖകളിലെ പൊരുത്തക്കേടുകള്‍ കാരണം നോട്ടീസ് ലഭിച്ച വോട്ടര്‍മാരുടെ പട്ടിക ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പുറത്തുവിട്ടു.
ഓഗസ്റ്റ് 31-ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഈ പട്ടിക പുറത്തിറക്കിയത്. രേഖ ഗുപ്തയും അവരുടെ മാതാപിതാക്കളും തമ്മിലുള്ള പ്രായവ്യത്യാസം 15 വര്‍ഷത്തില്‍ കുറവാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിലെ പൊരുത്തക്കേടാണ് ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് ലഭിക്കാന്‍ കാരണമായി പറഞ്ഞിരിക്കുന്നത്.

കെജ്രിവാളിന്റെ വിവരങ്ങള്‍ മുന്‍കാല എസ് ഐ ആര്‍ രേഖകളുമായി മാപ്പ് ചെയ്യാന്‍ സാധിച്ചില്ല എന്നാണ് പറയപ്പെടുന്നത്. വിവരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയാത്ത ഇതേ പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള്‍, മാതാപിതാക്കള്‍, മകന്‍ പുല്‍കിത് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പുതുക്കല്‍ പ്രക്രിയയ്ക്കിടെ കണ്ടെത്തിയ മാപ്പിംഗ് ഇല്ലായ്മ, യുക്തിപരമായ പൊരുത്തക്കേടുകള്‍ എന്നീ രണ്ട് വിഭാഗങ്ങളുമായാണ് നോട്ടീസുകള്‍ അയച്ചിരിക്കുന്നത്.
മുന്‍കാല എസ് ഐ ആര്‍ പട്ടികയുമായി വിവരങ്ങള്‍ ഒത്തുനോക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് നോട്ടീസ് ലഭിച്ചവരില്‍ രാജ്യസഭാ എംപി കപില്‍ സിബലും ഡല്‍ഹി ബിജെപി മുന്‍ അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയും ഉണ്ട്. പേരുകളിലെ പൊരുത്തക്കേടുകള്‍ കാരണം സച്ച്‌ദേവയുടെ ഭാര്യയ്ക്കും സഹോദരനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ 13,79,785 വോട്ടര്‍മാര്‍ മാപ്പിംഗ് ഇല്ലായ്മ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.
കൂടാതെ, 19,33,134 വോട്ടര്‍മാരുടെ വിവരങ്ങളില്‍ യുക്തിപരമായ പൊരുത്തക്കേടുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഈ വോട്ടര്‍മാരുടെ പേരുകള്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, അവരുടെ രേഖകളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ഹിയറിംഗുകളില്‍ പങ്കെടുക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 97,53,577 വോട്ടര്‍മാരാണുള്ളത്.
ജൂണ്‍ 30-ന് രേഖപ്പെടുത്തിയ 1,45,10,299 വോട്ടര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 32.8% കുറവാണ്. ഈ പുതുക്കല്‍ നടപടി ഡല്‍ഹിയിലുടനീളമുള്ള പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ 14,947 പോളിംഗ് സ്റ്റേഷനുകളുണ്ട്. നേരത്തെയുണ്ടായിരുന്ന 13,033 സ്റ്റേഷനുകളെ അപേക്ഷിച്ച് ഏകദേശം 15% വര്‍ധനവാണിത്. 70 നിയമസഭാ മണ്ഡലങ്ങളിലായി പോളിംഗ് സ്റ്റേഷനുകള്‍ പുനഃക്രമീകരിക്കുകയും, അവയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് അധികൃതര്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications
