കര്‍ണാടകയില്‍ എസ്‌ഐആറിന് ശേഷം 1 കോടിയോളം വോട്ടര്‍മാരുടെ പേര് ഒഴിവാക്കി; അന്തിമ പട്ടിക പുറത്ത്

ബെംഗളൂരു: എസ് ഐ ആര്‍ നടപടികള്‍ക്ക് ശേഷം കര്‍ണാടകയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം സംസ്ഥാനത്തെ അന്തിമ വോട്ടര്‍മാരുടെ എണ്ണം 4,55,00,011 ആണ്. എസ് ഐ ആര്‍ നടപടികള്‍ക്ക് മുന്‍പ് 5,54,32,314 വോട്ടര്‍മാരുണ്ടായിരുന്ന സ്ഥാനത്താണിത്. അതായത് ഏകദേശം 99.32 ലക്ഷം വോട്ടര്‍മാരാണ് എസ് ഐ ആര്‍ നടപടികള്‍ക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്.

1.07 കോടിയിലധികം പേരുകള്‍ ഒഴിവാക്കപ്പെട്ടിരുന്ന കരട് വോട്ടര്‍ പട്ടികയില്‍ നിന്ന്, അന്തിമ പട്ടികയില്‍ 8.64 ലക്ഷം വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികകള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടറല്‍ സെര്‍ച്ച് പോര്‍ട്ടല്‍ വഴിയും വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പേര് പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

SIR Row

പേര് പരിശോധിക്കുന്നതിനായി, വോട്ടര്‍മാര്‍ 'Search by EPIC' എന്നത് തിരഞ്ഞെടുത്ത്, തങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ നല്‍കണം. തുടര്‍ന്ന് സംസ്ഥാനമായി കര്‍ണാടക തിരഞ്ഞെടുത്ത്, ക്യാപ്ച പൂര്‍ത്തിയാക്കി സെര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പോര്‍ട്ടലില്‍ No Result Found (ഫലമൊന്നും കണ്ടെത്തിയില്ല) എന്നാണ് കാണിക്കുന്നതെങ്കില്‍, തങ്ങളുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നത്.

ഇക്കാര്യം ഉറപ്പിക്കുന്നതിന് മുന്‍പായി, ഔദ്യോഗിക വോട്ടര്‍ പട്ടികയുമായി വിവരങ്ങള്‍ ഒത്തുനോക്കുകയോ തിരഞ്ഞെടുപ്പ് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. അന്തിമ വോട്ടര്‍ പട്ടികയില്‍ 2.25 കോടിയിലധികം പുരുഷ വോട്ടര്‍മാരും, 2.29 കോടിയിലധികം സ്ത്രീ വോട്ടര്‍മാരും, 2,841 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ഇതില്‍ 18-19 വയസ് പ്രായമുള്ള 6.83 ലക്ഷത്തിലധികം യുവ വോട്ടര്‍മാരും 85 വയസ്സിന് മുകളിലുള്ള 3.92 ലക്ഷത്തിലധികം വോട്ടര്‍മാരും ഉള്‍പ്പെടുന്നു.

പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള കാലാവധി അവസാനിച്ച സെപ്റ്റംബര്‍ 23-ന് ശേഷം, ഫോം-6 വഴി പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവരെ സപ്ലിമെന്ററി പട്ടികകളില്‍ ഉള്‍പ്പെടുത്തും. എസ്‌ഐആര്‍ പ്രക്രിയയ്ക്ക് ശേഷം ഓരോ പാദത്തിലും ഇത്തരം അനുബന്ധ പട്ടികകള്‍ പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ അപേക്ഷിച്ചവരുടെ പേരുകള്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എസ്‌ഐആര്‍ പ്രക്രിയയ്ക്കിടെ തെറ്റായി ഒഴിവാക്കപ്പെട്ട യഥാര്‍ത്ഥ വോട്ടര്‍മാരെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് (പേര് ചേര്‍ക്കല്‍ യജ്ഞം) നടത്തുമെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസ് അറിയിച്ചു. വോട്ടര്‍ പട്ടികയുടെ കരട് തയ്യാറാക്കുന്ന ഘട്ടത്തില്‍, വോട്ടര്‍മാര്‍ മരണപ്പെട്ടു എന്ന കാരണത്താല്‍ 16.39 ലക്ഷം പേരുകള്‍ നീക്കം ചെയ്തു.

കൂടാതെ, ഏഴ് ലക്ഷത്തിലധികം പേരുകള്‍ ആവര്‍ത്തിച്ചു വന്നവയായി കണ്ടെത്തി. മറ്റുള്ളവ എന്ന വിഭാഗത്തിന് കീഴില്‍ 3.83 ലക്ഷം പേരുകള്‍ കൂടി ഒഴിവാക്കപ്പെട്ടു. എസ്‌ഐആര്‍ പ്രക്രിയ നടത്തിയ മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരമൊരു വിഭാഗം ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ പ്രക്രിയ അവസാന ഘട്ടത്തിലെത്തിയിട്ടും മറ്റുള്ളവ എന്ന വിഭാഗത്തില്‍ എന്തൊക്കെ ഉള്‍പ്പെടുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസ് തയ്യാറായിട്ടില്ല.

ഒപ്പുവെക്കാന്‍ വിസമ്മതിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു എന്ന് മാത്രമാണ് അവര്‍ അറിയിച്ചിട്ടുള്ളത്. എങ്കിലും, ഒഴിവാക്കപ്പെട്ടവയില്‍ ഏറ്റവും വലിയ വിഭാഗം അതായത് 80.62 ലക്ഷം പേരുകള്‍, താമസസ്ഥലം മാറിയവരോ അല്ലെങ്കില്‍ വിവരശേഖരണ ഘട്ടത്തില്‍ നല്‍കിയിരുന്ന വിലാസത്തില്‍ കണ്ടെത്താന്‍ കഴിയാത്തവരോ ആയ വോട്ടര്‍മാരുടേതാണ്. മരണപ്പെട്ടവരോ അല്ലെങ്കില്‍ ആവര്‍ത്തിച്ചു വന്നവരോ ആയവരില്‍ നിന്ന് വ്യത്യസ്തമായി, ഇക്കൂട്ടര്‍ വോട്ട് ചെയ്യാന്‍ അയോഗ്യരായവര്‍ ആകണമെന്നില്ല.

വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുകള്‍ തിരികെ ഉള്‍പ്പെടുത്തുന്നതിനായി ഇവര്‍ ഫോം 6 വഴി അപേക്ഷിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, പുതിയ വോട്ടര്‍മാരുടേത് ഉള്‍പ്പെടെ ആകെ 7,87,534 അപേക്ഷകള്‍ മാത്രമാണ് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma