25000 കോടി രൂപയുടെ ദീപാവലി കച്ചവടം നഷ്ടമാകും; പ്രതിഷേധ റാലി മാറ്റണമെന്ന് രാഹുലിനോട് വ്യാപാരികള്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ക്കെതിരേയും ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 1-ന് നടത്താന്‍ ഉദ്ദേശിക്കുന്ന പ്രതിഷേധ പരിപാടികള്‍ മാറ്റി വെക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ വ്യാപാരികള്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും ഇക്കാര്യമാവശ്യപ്പെട്ട് വ്യാപാരികള്‍ കത്തയച്ചു.
നവംബര്‍ 1-ന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന റാലി മാറ്റിവെക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഫെഡറേഷന്‍ ഓഫ് സദര്‍ ബസാര്‍ ട്രേഡ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ദീപാവലി ഷോപ്പിംഗ് സീസണ്‍ പോലെയുള്ള നിര്‍ണായക സമയത്ത്, ഡല്‍ഹിയിലെ വാണിജ്യ വിപണികളിലെ കച്ചവട പ്രവര്‍ത്തനങ്ങളെ ഇത് തടസപ്പെടുത്തിയേക്കാമെന്ന് വ്യാപാരി സംഘടന ചൂണ്ടിക്കാട്ടി.

റാലി നവംബര്‍ 10-ന് ശേഷമുള്ള മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്ന് അസോസിയേഷന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു. പ്രതിഷേധങ്ങള്‍, ഗതാഗത നിയന്ത്രണങ്ങള്‍, ജനങ്ങളുടെ ഒഴുക്ക് എന്നിവ നിലവില്‍ തന്നെ നഷ്ടം നേരിടുന്ന കച്ചവടക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഫെഡറേഷന്റെ കണക്കനുസരിച്ച്, ധന്തേരസ് മുതല്‍ ദീപാവലി വരെയുള്ള കാലയളവില്‍ ഡല്‍ഹിയിലെ വിപണികളില്‍ ഏകദേശം 25,000 കോടി രൂപയുടെ വിറ്റുവരവ് നടക്കാറുണ്ട്.
അതിനാല്‍, കടയുടമകള്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഏറ്റവും പ്രധാനപ്പെട്ട വ്യാപാര സമയമാണിത്. മധ്യ ഡല്‍ഹിയിലും പഴയ ഡല്‍ഹിയിലുമുള്ള 20 പ്രധാന വിപണികളിലായി, ദിവസവും 10,000 മുതല്‍ 12,000 കോടി രൂപ വരെ മൂല്യമുള്ള വ്യാപാരത്തെ ഈ പ്രതിഷേധ പരിപാടി തടസപ്പെടുത്തിയേക്കാമെന്ന് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി കൂട്ടിച്ചേര്‍ത്തു.
സിടിഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ പറയുന്നതനുസരിച്ച്, റാലിയില്‍ ഏകദേശം 10 ലക്ഷം ആളുകളും 15,000 മുതല്‍ 20,000 വരെ വാഹനങ്ങളും എത്തിയേക്കാം. ഇത് ഗുരുതരമായ ഗതാഗതക്കുരുക്കിനും പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ഇത്തരത്തിലുള്ള തടസങ്ങള്‍ ലോക്ക്ഡൗണ്‍ പോലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും ഉത്സവകാല ഷോപ്പിംഗ് സീസണില്‍ ചരക്കുനീക്കത്തെയും ഉപഭോക്താക്കള്‍ക്ക് കടകളിലെത്താനുള്ള സൗകര്യത്തെയും ഇത് ബാധിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
റാലി നവംബര്‍ 10-ലേക്കോ 11-ലേക്കോ മാറ്റുക, അല്ലെങ്കില്‍ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യമുള്ള ബുരാരി മൈതാനത്തേക്ക് വേദി മാറ്റുക എന്നിങ്ങനെ രണ്ട് നിര്‍ദ്ദേശങ്ങള്‍ സിടിഐ മുന്നോട്ടുവെച്ചു. നേരത്തെ രാഹുല്‍ ഗാന്ധിയെ സമീപിച്ചിരുന്നതായും, ഇപ്പോള്‍ തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കാന്‍ സോണിയ ഗാന്ധിയുടെ ഇടപെടല്‍ തേടുകയാണെന്നും വ്യാപാരി സംഘടന അറിയിച്ചു.
സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലുണ്ടായ തുടര്‍ച്ചയായ പ്രതിഷേധങ്ങളും റാലികളും ഗതാഗത നിയന്ത്രണങ്ങളും വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി സംഘടന ചൂണ്ടിക്കാട്ടി. തിരക്കേറിയ മൊത്തവ്യാപാര വിപണികളില്‍, ഉപഭോക്താക്കളുടെ വരവിനെയും ചരക്ക് നീക്കത്തെയും സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെയും ഈ തടസങ്ങള്‍ പ്രതികൂലമായി ബാധിച്ചതായി അവര്‍ വ്യക്തമാക്കി.
നവംബര്‍ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന റാലി, സദര്‍ ബസാര്‍, ചാന്ദ്നി ചൗക്ക്, ഖാരി ബാവോലി, ചൗരി ബസാര്‍ എന്നിവിടങ്ങളിലെ ബിസിനസുകള്‍ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. റോഡുകള്‍ അടയ്ക്കുന്നതും ഗതാഗതം വഴിതിരിച്ചുവിടുന്നതും വലിയ ജനക്കൂട്ടം ഒത്തുചേരുന്നതും ഉത്സവ തിരക്കിനിടയില്‍ ഉപഭോക്താക്കള്‍ക്ക് കടകളിലെത്തുന്നത് തടസപ്പെടുത്തുകയും, ചരക്ക് നീക്കത്തെയും വിതരണത്തെയും ബാധിക്കുകയും ചെയ്‌തേക്കാം.
ഈ വാണിജ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വില്‍പന ജീവനക്കാര്‍, സഹായികള്‍, ഡെലിവറി ജീവനക്കാര്‍ തുടങ്ങി ഉത്സവ സീസണിലെ കച്ചവടത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നിരവധി പേര്‍ക്ക് ഇത് വെല്ലുവിളി സൃഷ്ടിക്കും. ഈ ചുരുങ്ങിയ വ്യാപാര കാലയളവിലുണ്ടാകുന്ന തടസങ്ങള്‍ വ്യാപാരികളുടെ വാര്‍ഷിക വരുമാനത്തെയും അവരുടെ കുടുംബങ്ങളുടെ ഉപജീവനത്തെയും ബാധിച്ചേക്കാം എന്നാണ് ആശങ്ക.
നിശ്ചയിച്ചിരിക്കുന്ന റാലിയുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും ഫെഡറേഷന്‍ സമീപിച്ചിട്ടുണ്ട്. ഇതിനുപുറമെ, കിരാന കമ്മിറ്റി ഡല്‍ഹിയും അഖിലേഷ് യാദവിനും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും കത്തെഴുതിയിട്ടുണ്ട്.


Click it and Unblock the Notifications
