റാങ്ക് തട്ടിപ്പ് കേസ്; പ്രതിയുടെ വീട്ടില്‍നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
പറ്റ്‌ന: ബിഹാര്‍ പന്ത്രണ്ടാംക്ലാസ് റാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ബച്ചാ റായിയുടെ വീട്ടില്‍ നിന്നും 20 ലക്ഷം രൂപയുടെ സ്വര്‍ണം പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. 1,32,000 രൂപയും ചില രേഖകളും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി. വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.
ബിഹാര്‍ ബോര്‍ഡ് എക്‌സാമിനേഷന്‍ നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങിയ കുട്ടികള്‍ക്ക് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അറിവുപോലുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമഗ്രമായ അന്വേഷണം നടത്തുന്നത്. ആര്‍ട്‌സ് വിഷയത്തില്‍ റാങ്ക് നേടിയ പെണ്‍കുട്ടി പൊളിറ്റിക്‌സ് എന്നത് പാചകത്തിനുള്ള വിഷയമാണെന്നാണ് പറഞ്ഞത്. സയന്‍സ് റാങ്ക് നേടിയ വിദ്യാര്‍ഥിക്കാകട്ടെ H2O എന്നത് എന്താണെന്ന് അറിയില്ല.

ചാനല്‍ അഭിമുഖത്തിലാണ് ഇക്കാര്യം ബോധ്യമായത്. സംഭവം വന്‍ വിവാദമായതോടെ റാങ്ക് ജേതാക്കള്‍ക്ക് പുന:പരീക്ഷ നടത്തി. പരീക്ഷയ്ക്കുശേഷം മൂന്നുപേര്‍ക്ക് അയോഗ്യത കല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ബിഷുന്‍ റോയ് കോളേജിലെ പ്രിന്‍സിപ്പല്‍ ബച്ചാ റായിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ലക്ഷക്കണക്കിന് രൂപ കൈക്കൂലി നല്‍കിയാണ് റാങ്ക് നിര്‍ണയത്തില്‍ ക്രമക്കേട് നടത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രിന്‍സിപ്പലിനെ കൂടാതെ മറ്റ് അഞ്ചുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ എല്ലാം പ്രതികളെയും പിടികൂടുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications