പ്രായോഗിക രാഷ്ട്രീയവും പ്രത്യയശാസ്ത്ര ബോധവും കൈമുതലാക്കിയ നേതാവ്; യെച്ചൂരി വിടവാങ്ങുമ്പോള്‍
സീതാറാം യെച്ചൂരി എന്ന നേതാവിന്റെ മരണത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്ക്കുണ്ടായിരിക്കുന്നത് അപരിഹാര്യമായ നഷ്ടമാണ്. ഇടതുപക്ഷ മതേതര ഐക്യത്തിന് വേണ്ടി നിരന്തരം വാദിച്ചിരുന്ന, അതിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയിരുന്ന നേതാവിനെയാണ് യെച്ചൂരിയുടെ മരണത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടമായിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മാര്‍ക്സ്റ്റിസ്റ്റ് പ്രസ്ഥാനം എന്നുപയോഗിക്കുന്നതിന് പകരം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് മുകളിലുപയോഗിച്ചത്.
സമീപകാല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ രീതി വെച്ച് പരിശോധിക്കുമ്പോള്‍ തോല്‍വികള്‍ മാത്രം നേരിട്ട നേതാവായിരിക്കും യെച്ചൂരി. മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണവും ദേശീയ പദവിയുമെല്ലാം ഉണ്ടായിരുന്ന സിപിഎമ്മിന് യെച്ചൂരിയുടെ കാലത്താണ് കോട്ടങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നത്. എന്നാല്‍ അത് യെച്ചൂരിയുടെ നേതൃപരാജയമോ ആശയങ്ങളും പാര്‍ട്ടി പരിപാടിയും നടപ്പാക്കുന്നതിലെ വീഴ്ചയോ അല്ല എന്നത് തീര്‍ച്ചയാണ്.

2015 ല്‍ ആണ് സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ 2011 ല്‍ തന്നെ സിപിമ്മിന് കൈയിലുണ്ടായിരുന്ന കേരളവും ബംഗാളും നഷ്ടപ്പെട്ടിരുന്നു. കേരളം അഞ്ച് വര്‍ഷത്തിനിപ്പുറം തിരിച്ചുപിടിച്ചെങ്കിലും ബംഗാളിലേതിന് സമാനമായി കമ്മ്യൂണിസ്റ്റ് കോട്ടയായ ത്രിപുര കൈയില്‍ നിന്ന് പോയി. പിന്നീട് കേരളത്തില്‍ തുടര്‍ ഭരണം ലഭിച്ചത് മാറ്റി നിര്‍ത്തിയാല്‍ സിപിഎം എന്ന പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ തുടരെ തിരിച്ചടി നേരിടുകയാണ് ഉണ്ടായത്.
എന്നാല്‍ കേവലം തിരഞ്ഞെടുപ്പ് വിജയങ്ങളെ മാത്രം മുന്‍നിര്‍ത്തി പരിശോധിക്കേണ്ടത് അല്ല രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള യെച്ചൂരിയുടെ കഴിവ്. 2014 ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറിയതിന് ശേഷം നടന്ന രാജ്യത്തെ പല തിരഞ്ഞെടുപ്പുകളിലും മതേതര ചേരിയെ ശക്തിപ്പെടുത്തണം എന്ന ആഹ്വാനം ആദ്യമായി ഉയര്‍ന്നത് യെച്ചൂരിയില്‍ നിന്നായിരുന്നു. ബിജെപിയാണ് മുഖ്യശത്രു എന്ന നരേറ്റീവ് മതേതര കക്ഷികള്‍ക്കുള്ളില്‍ കൊളുത്തി വെച്ചതില്‍ യെച്ചൂരിയുടെ പങ്ക് വിസ്മരിക്കാനാവില്ല.
രാഷ്ട്രീയത്തിലേക്കും കമ്മ്യൂണിസ്റ്റിലേക്കുമുള്ള യാത്ര
1952 ആഗസ്റ്റ് 12 ന് ചെന്നൈയിലെ തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിലാണ് യെച്ചൂരി ജനിച്ചത്. ഹൈദരാബാദില്‍ വളര്‍ന്ന യെച്ചൂരി പത്താം ക്ലാസ് വരെ ഹൈദരാബാദിലെ ഓള് സെയിന്റ്സ് ഹൈസ്കൂളിലാണ് പഠിച്ചത്. തെലങ്കാന പ്രക്ഷോഭം ആരംഭിക്കുന്ന സമയത്താണ് യെച്ചൂരി ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിയായി എത്തുന്നത്. രാഷ്ട്രീയത്തിലേക്ക്, വിശിഷ്യാ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് യെച്ചൂരി സജീവമായി എത്തുന്നത് ഇവിടെ വെച്ചാണ്.

1974 ല്‍ ആണ് യെച്ചൂരി സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി മുഖമായ എസ്എഫ്ഐയില്‍ ചേര്‍ന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്നു അത്. അക്കാലത്ത് ജെഎന്‍യുവില്‍ ഇടതുരാഷ്ട്രീയം കൂടുതല്‍ കരുത്ത് പ്രകടിപ്പിച്ച സമയമായിരുന്നു. യെച്ചൂരിക്കൊപ്പം പ്രകാശ് കാരാട്ടുമുണ്ടായിരുന്നു. അന്ന് മുതലെ യെച്ചൂരിയേ രാജ്യം ശ്രദ്ധിച്ചിരുന്നു. സിപിഎമ്മിന്റെ ഭാവി മുഖമായി തന്നെ ഇരുവരും വിലയിരുത്തപ്പെട്ടു.
പാര്‍ട്ടി പ്രത്യയശാസ്ത്രത്തിലും പ്രായോഗിക രാഷ്ട്രീയത്തിലും കാണിച്ച മിടുക്ക് തന്നെയായിരുന്നു യെച്ചൂരിയുടെ കൈമുതല്‍. 1975 ലെ അടിയന്തരാവസ്ഥാക്കാലത്താണ് യെച്ചൂരിക്ക് സിപിഎം അംഗത്വം ലഭിക്കുന്നത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് യെച്ചൂരി അറസ്റ്റിലായത്. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
വൈകാതെ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. സിപിഎം ഈറ്റില്ലമായ കേരളത്തില്‍ നിന്നോ ബംഗാളില്‍ നിന്നോ അല്ലാതെ ഈ പദവിയിലെത്തിയ ആദ്യത്തെ വ്യക്തിയാണ് യെച്ചൂരി. സിപിഎം സംഘടനാതലത്തില്‍ ക്ഷണനേരത്തായിരുന്നു യെച്ചൂരിയുടെ വളര്‍ച്ച. യെച്ചൂരിയെ പോലുള്ള യുവനേതാക്കള്‍ മുന്നിലേക്ക് വരണം എന്ന് അന്നത്തെ നേതൃത്വത്തിനും നിര്‍ബന്ധമുണ്ടായിരുന്നു.
1984 ല്‍ അദ്ദേഹം സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ പാര്‍ട്ടി ഭരണഘടന പരിഷ്ക്കരിക്കുകയും പൊളിറ്റ് ബ്യൂറോയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തു. യെച്ചൂരിയെ കൂടാതെ പ്രകാശ് കാരാട്ട്, സുനില്‍ മൊയ്ത്ര, പി. രാമചന്ദ്രന്, എസ്. രാമചന്ദ്രന് പിള്ള എന്നിവരായിരുന്നു അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

1992 ല്‍ യെച്ചൂരി പിബി അംഗവും 2015 ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയുമായി. 2018 ലും 2022 ലും അദ്ദേഹം തന്നെയായിരുന്നു ജനറല്‍ സെക്രട്ടറി.
പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവ്
സീതാറാം യെച്ചൂരിക്ക് ഏറ്റവും ഇണങ്ങുന്ന വിശേഷണങ്ങളിലൊന്നാണിത്. മാറുന്ന സാഹചര്യത്തിന് അനുസരിച്ച് പ്രത്യയശാസ്ത്രത്തില്‍ വ്യതിയാനമില്ലാതെ തന്നെ രാഷ്ട്രീയത്തില്‍ പ്രായോഗികമായി ഇടപെടുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റെ സിപിഎമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജീത്ത് ആണ് ഇതില്‍ യെച്ചൂരിയുടെ ഗോഡ്ഫാദര് എന്ന് പറഞ്ഞാലും തെറ്റില്ല.
1996-ലെ ഐക്യമുന്നണി സര്‍ക്കാരിന് വേണ്ടിയുള്ള പൊതു മിനിമം പരിപാടിയുടെ കരട് തയ്യാറാക്കാന്‍ പി. ചിദംബരത്തോടൊപ്പം പ്രവര്‍ത്തിച്ചത് യെച്ചൂരിയായിരുന്നു. 2004 -ല്‍ യുപിഎ ഗവണ്മെന്റ് രൂപീകരിക്കുന്ന സമയത്ത് സഖ്യം കെട്ടിപ്പടുക്കുന്നതിലും നിര്‍ണായകമായി. കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തില്‍ യെച്ചൂരിയുടെ ഇടപെടലുണ്ടായതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിനേയോ മറ്റ് മതേതര കക്ഷികളേയോ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ലൈന്‍. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയും ഇതേ രീതി പിന്തുടരുന്നതില് യെച്ചൂരിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. ഒടുവില്‍ വിശാല ബിജെപി ഇതര സഖ്യമായ ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും മുന്‍നിരയില്‍ തന്നെ യെച്ചൂരിയുണ്ടായിരുന്നു.

എന്നും വിഎസിനൊപ്പം
കേരള രാഷ്ട്രീയത്തില്‍ വിഎസ്-പിണറായി പോര് മുറുകുമ്പോള്‍ എന്നും പിബിയിലും കേന്ദ്ര കമ്മിറ്റിയിലും വിഎസിന് വേണ്ടി വാദിച്ചത് യെച്ചൂരിയായിരുന്നു. പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയും പിണറായി വിജയന് സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാലത്താണ് കേരളത്തില്‍ വിഭാഗീയത ശക്തമായത്. സംഘടനാതലത്തില്‍ പിണറായി വിജയനായിരുന്നു ശക്തന്. എന്നാല്‍ വിഎസിന് വേണ്ടി യെച്ചൂരി അടിയുറച്ച് നിന്നു.
വിഎസ് ജനങ്ങളുടെ നേതാവാണ് എന്ന് ആവര്‍ത്തിച്ച് പൊതുവേദികളില്‍ വ്യക്തമാക്കാനും യെച്ചൂരി മറന്നില്ല. 2015 ലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമയത്ത് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്ആര്പിയുമായി മത്സരമുണ്ട് എന്ന ഘട്ടം വന്നപ്പോള്‍ യെച്ചൂരിയോട് 'നിങ്ങള്‍ വരണമെന്നാണ് എന്റെ ആഗ്രഹം' എന്ന വിഎസ് മാധ്യമങ്ങള്‍ നില്‍ക്കെ തന്നെ പറഞ്ഞിരുന്നു. ഒടുവില്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അധികാരം ലഭിച്ച് പിണറായിയെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ വിഎസിനെ അനുനയിപ്പിക്കാന്‍ നേരിട്ടെത്തിയതും യെച്ചൂരി തന്നെ.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത്












Click it and Unblock the Notifications