അടുത്ത തിരഞ്ഞെടുപ്പിലും വിഎസ് മത്സരിക്കും! സിപിഎമ്മില്‍ വിരമിക്കല്‍ പ്രായമില്ലെന്ന് യെച്ചൂരി
ദില്ലി: അടുത്ത തിരഞ്ഞെടുപ്പിലും 92കാരനായ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായം ഒരു പ്രശ്‌നമേയല്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. സിപിഎം നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ പ്രായത്തിലും വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാണ്. അദ്ദേഹത്തിന്റെ ഊര്‍ജസ്വലത താന്‍ അടക്കമുള്ളവര്‍ മാതൃകയാക്കേണ്ടതാണെന്നും യെച്ചൂരി പറഞ്ഞു. പ്രായപരിധിയില്ലെന്നു പറയുമ്പോള്‍ വിഎസിനും ഇതു ബാധകമാണെന്നാണ് പറഞ്ഞു വരുന്നത്. 60 കഴിഞ്ഞാല്‍ രാഷ്ട്രീയം വിടണമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ കാറ്റില്‍ പറത്തിയാണ് യെച്ചൂരിയുടെ പ്രതികരണം.

വിഎസിനെ പോലുള്ള നേതാക്കളെയാണ് പുതുതലമുറ കണ്ടുപഠിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസിന് ആദ്യം സീറ്റ് നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീടത് ലഭിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഎസിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ് യെച്ചൂരി പറഞ്ഞിരിക്കുന്നത്.
കേരളത്തില്‍ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നതില്‍ ആശങ്കയുണ്ടെന്നും യെച്ചൂരി അറിയിച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടുകളാണ് ബിജെപിയിലേക്ക് ചോര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications