കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയിലൂടെ ആർക്കാണ് നേട്ടം? മുന്നിലുള്ള പദ്ധതികൾ പര്യാപ്തമോ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇനിയെത്ര പൊതുമേഖാ സ്ഥാപനങ്ങളുണ്ടെന്നത്
കണക്കെടുത്താൽ നിരാശയാവും ഫലം. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന
പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും ഇന്ന് പൂർണ്ണമായോ ഭാഗികമായോ സ്വകാര്യ
കമ്പനികളുടെ കൈകളിലാണ്. പെരുകുന്ന നഷ്ടത്തിന്റെ പേരിലാണ് രാജ്യത്തിന്റെ
മുഖമായ എയർഇന്ത്യയെ വിറ്റൊഴിക്കുന്നതെങ്കിൽ ലാഭത്തിൽ കുതിക്കുന്ന
രാജ്യത്തെ രണ്ടാമത്തെ പൊതുമേഖല എണ്ണകമ്പനിയായ ബിപിസിഎൽ
വിൽക്കുന്നതെന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ
കേന്ദ്രത്തിനായിട്ടില്ല.

ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേയും സ്വകാര്യവത്ക്കരണ പാതയിലേക്കാണ് അതിവേഗം
ഓടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയിലൂടെ ആർക്കാണ് നേട്ടം,
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും തൊഴിൽ മേഖലയിലുമുണ്ടാക്കുന്ന
മാറ്റങ്ങളെന്തെല്ലാം തുടങ്ങിയ ചോദ്യങ്ങൾ പോലും പ്രാധാന്യത്തിൽ
ചർച്ചയാവുന്നില്ലെന്നതും നിരാശയുടെ ആഴംകൂട്ടുന്നു.

 list-of-12-public-

Recommended Video

cmsvideo
മനുഷ്യ കുലത്തിനായി വൈകല്യം മറന്ന ജീവിതം | Oneindia Malayakam

കോൺഗ്രസ് തുടക്കമിട്ടു, ബിജെപി മുന്നോട്ട്

പൊതുമേഖല ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവരായിരുന്നു
ജവഹർലാൽ നെഹ്‌റു അടക്കമുള്ള മുൻ പ്രധാനമന്ത്രിമാർ. സോഷ്യലിസ്റ്റ്
പാതയിലൂടെ നീങ്ങിയ കോൺഗ്രസ് 1991ൽ നവഉദാരവത്ക്കരണത്തിലേക്ക് യു ടേൺ അടിച്ചതോടെയാണ് രാജ്യത്തിന്റെ സമ്പദ്‌രംഗം പുതിയ പാതയിലെത്തിയത്.
പ്രധാനമന്ത്രിയായിരുന്ന പിവി നരസിംഹറാവുവിന്റെ ആശിർവാദത്തിൽ
ധനകാര്യമന്ത്രിയായിരുന്ന ഡോ മൻമോഹൻസിംഗ് സ്വകാര്യ മേഖലയ്ക്ക് മുന്നിൽ
വാതിലുകൾ മലർക്കെ തുറന്നിട്ടു. മാറിമാറിവന്ന കോൺഗ്രസ്, ബിജെപി
സർക്കാരുകളൊന്നും അന്നത്തെ വാതിൽ അടച്ചില്ലെന്ന് മാത്രമല്ല കൂടുതൽ
തുറക്കുന്നതിനായി മത്സരിക്കുകയും ചെയ്തു. പൊതുമേഖല സ്ഥാനങ്ങളിലെ
നിക്ഷേപങ്ങൾ കുറയുന്നതോടൊപ്പം ഓഹരികൾ അതിവേഗം വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ്.

വിറ്റഴിക്കാൻ ആത്മനിർഭർ ഭാരത്

സമസ്ത മേഖലകളിലും സ്വയം പര്യാപതതയാണ് ആത്മനിർഭർ ഭാരത് പാക്കേജിന്റെ
ലക്ഷ്യമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. ഉദാരവത്ക്കരണത്തിന്റെ
വക്താവായിരുന്ന മൻമോഹൻ സിംഗ് പോലും അനുവദിക്കാതിരുന്ന പ്രതിരോധം,
ബഹിരാകാശം, ഖനനം, വ്യോമയാന മേഖല, വൈദ്യുതി, ആണവോർജ്ജം, റെയിൽവേ തുടങ്ങി തന്ത്ര പ്രധാന മേഖലകളിൽ കൂടി സ്വകാര്യവത്ക്കരണ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട് മോദി സർക്കാർ. ആത്മനിർഭർ പാക്കേജ് പ്രഖ്യാപിച്ചവർ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുകയും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നെന്ന
വിരോധാഭാസമാണിപ്പോൾ അരങ്ങേറുന്നത്. ഏറെ സാമ്പത്തിക ലാഭം തരുന്ന കമ്പനികൾ പോലും വിറ്റഴിക്കാനാണ് ഭരണകർത്താക്കൾ ധൃതികൂട്ടുന്നത്.

ചൈനയെ എങ്ങനെ പിടിച്ചുകെട്ടും

കൊവിഡ് പ്രതിസന്ധി രാജ്യത്തിന്റെ പ്രാണനെടുക്കുമ്പോൾ ഉത്പാദന, സേവന മേഖലകളുടെ വികസനത്തിനായി പൊതുമേഖല സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ലെന്നത് നിരാശാജനകമാണ്.1991-92 ലെ കോൺഗ്രസ് കാലഘട്ടത്തിലാണ് രാജ്യത്ത് ആദ്യമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ 31
സ്ഥാപനങ്ങളായിരുന്നു വിറ്റത്. പിന്നീട് ബിജെപി ഭരണത്തിലും വിറ്റഴിക്കൽ
തുടർന്നു. വാജ്‌പേയ് സർക്കാരിന്റെ ഇതിനായി പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിച്ചിരുന്നു. മോഡേൺ ഫുഡ്, വിഎസ്എൻഎൽ, മാരുതി, ബാൽക്കോ, ഐപിസിഎൽ തുടങ്ങിയ സ്ഥാപനങ്ങളായിരുന്നു ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത് വിറ്റഴിക്കപ്പെട്ടത്. ഐപിസിഎൽ റിലയൻസ് ഗ്രൂപ്പിനാണ് കൈമാറിയത്. ഒന്നും രണ്ടു യുപിഎ സർക്കാരിന്റെ കാലത്ത് 99,363 കോടി രൂപയുടെ പൊതുമേഖലാ ഓഹരിയാണ് വിറ്റഴിച്ചത്.മോദി സർക്കാർ അധികാരത്തിലേറിയ 2014 മുതൽ 2019 വരെ 2,79,622 കോടി രൂപയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ വഴി സമാഹരിച്ചത്. 2004- 14 വരെയുള്ള കാലത്തെ സർക്കാരുകൾ സമാഹരിച്ചതാവട്ടെ 1,07,833 കോടി രൂപയും. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ തുടങ്ങി മൂന്ന് വൻകിട ലാഭകരമായ കമ്പനികൾ ഉൾപ്പെടെ അഞ്ച് കമ്പനികളുടെ 100 ശതമാനം ഓഹരികളാണ് സർക്കാർ വിൽക്കാൻതയ്യാറായത്. എയർ ഇന്ത്യ, ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ(ഐ.ഡി.ബി.ഐ) എന്നിവയുടെ ഓഹരി വിൽപ്പനയ്ക്ക് പുറമെയാണിത്. ലോകത്തെ സാമ്പത്തിക മേഖല വിറങ്ങലിച്ച് നിൽക്കുന്ന കൊവിഡിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ആധിപത്യം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വലിയതിരിച്ചടിയാകും പൊതുമേഖയെ ദുർബലമാക്കുന്ന ഇത്തരം നടപടികൾ.

സുരക്ഷയില്ലാതെ എൽഐസി

ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയും വിറ്റഴിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. സർക്കാർ വെറും 105 കോടി രൂപ നിക്ഷേപിച്ച ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) കഴിഞ്ഞ വർഷം മാത്രം 21,40,106 കോടി രൂപയാണ് സർക്കാർ പദ്ധതികളിൽ നിക്ഷേപിച്ചത്. ലാഭത്തിന്റെ 95 ശതമാനവും പോളിസി ഉടമകൾക്ക് ഡിവിഡന്റായി നൽകുന്ന ലോകത്തിലെ ഏക കമ്പനിയാണ് എൽഐസി. എന്നിട്ടും സർക്കാർ അത് സ്വകാര്യമേഖലയ്ക്ക് തീറെഴുതി കൊടുക്കാനാണ് ഒരുങ്ങുന്നത്.

മരുന്നിനും വില കൂടും

ലോകത്ത് കുറ‌ഞ്ഞ ചെലവിൽ മരുന്ന് ഉത്പാദനവും ലഭ്യതയുമുള്ള രാജ്യമാണ്
നമ്മുടേത്. വികസിത രാജ്യങ്ങളിലേക്ക് പോലും വലിയതോതിൽ മരുന്ന്
കയറ്റിയയക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം നിരവധി പേർ ചികിത്സ
തേടി ഇന്ത്യയിലെത്തുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചികിത്സാ
ചെലവിലെ വലിയ കുറവ് തന്നെയാണ് ഇവരെയെല്ലാം ആകർഷിപ്പിക്കുന്നത്.
പൊതുമേഖലയിലെ മരുന്ന് കമ്പനികളുടെ സാന്നിദ്ധ്യം തന്നെയാണ് ഇതിന്
കരുത്തേകുന്നത്.പൊതുമേഖല മരുന്ന് കമ്പനികളെ കൂടുതൽ ശക്തിപ്പെടുത്താൻ
നടപടിയെടുക്കേണ്ടതിന് പകരം അഞ്ച് യൂണിറ്റുകളിൽ നാലെണ്ണം
സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ നടപടിയെടുക്കുന്നത്.

എഞ്ചിനീയറിംഗ് മേഖലകൾ, പെട്രോളിയം, എണ്ണ പര്യവേക്ഷണം, ടെലികോം,
രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ
രാജ്യത്തിന്റെ വ്യാവസായിക അടിത്തറയുടെ വികസനത്തിന് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്നത് പകൽപോലെ വ്യക്തമാണ്. എന്നാൽ ഇവ വേണ്ട വിധത്തിൽ പരിഗണിക്കപ്പെടുന്നില്ല. ഉത്പാദന രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്യാൻ പൊതുമേഖല സ്ഥാപനങ്ങൾക്ക് സാധിക്കും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ പൊതുമേഖല സ്ഥാപനങ്ങളുടെ കാര്യക്ഷമത മാത്രം മതിയാകും.

തകരും ബാങ്കിംഗ് മേഖല

ടെലികോം, വൈദ്യുതി, റെയിൽവേ, എണ്ണ, വാതകം, ബഹിരാകാശ സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ്, പുതിയ സാങ്കേതികവിദ്യകൾ, ഇൻഷുറൻസ്, ബാങ്കിംഗ് തുടങ്ങിയവയാണ് സ്വാശ്രയ ഇന്ത്യയുടെ സൃഷ്ടിക്ക് നിർണകമാകേണ്ടത്. പൊതുമേഖലയിൽ ആണെങ്കിൽ മാത്രമേ രാജ്യത്തിന്റെ സമ്പർവ്യവസ്ഥയ്ക്കും സാധാരണക്കാരനും പ്രയോജനപ്പെടൂ. ആത്മനിർഭർ പാക്കേജിന്റെ 80 ശതമാനവും പ്രഖ്യാപിച്ചിരിക്കുന്നത് ബാങ്കിംഗ് മേഖലയ്ക്കാണ്, പ്രത്യേകികിച്ച് പൊതുമേഖല ബാങ്കുകൾ. എന്നാൽ നിലവിലെ 12 ബാങ്കുകൾ നാലായി കുറച്ച് ബാക്കിയുള്ളവ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇത് പൊതുമേഖലയെ തകർക്കുമെന്ന വാദം സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.

വലിയ പാഠങ്ങളാണ് കൊവിഡ് രാജ്യത്തിനേകുന്നത്. ആരോഗ്യ രംഗത്തടക്കം
സർ‌ക്കാർ സ്ഥാപനങ്ങളുടെ പ്രസക്തിയും ഇടപെടലും എത്രമാത്രം പ്രാധാന്യമേറിയതാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. അവശ്യകത
വർധിച്ചതോടെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾക്ക് പോലും സ്വകാര്യ കമ്പനികൾ വില വർധിപ്പിച്ചിരിക്കുകയാണ്. തടയിടാൻ വില നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു. ലോക സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുടെ കാലം കൂടിയാണിത്. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രസക്തിയും സാമൂഹ്യ ഉത്തരവാദിത്വവും കൂടുതൽ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. രാജ്യം സ്വാശ്രയമാകേണ്ടതിന്റെ പ്രാധാന്യം വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു. പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുന്നതിലൂടെ മാത്രമേ ഇതെല്ലാം സാധ്യമാകൂ. ഇതിന് മികച്ച കാഴ്ചപ്പാടുകളും ദീർഘവീക്ഷണവും അനിവാര്യമാണ്. 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തണമെങ്കിൽ പൊതു മേഖസ്ഥാപനങ്ങളുടെ പങ്ക് തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

English summary
Situation of Public Sector Undertakings after independance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X