ഉയരം കൂട്ടാന്‍ ശസ്ത്രക്രിയ, ഒടുവില്‍ നടക്കാനാകാതെ പതിനേഴുകാരന്‍
മുംബൈ: സുഹൃത്തുക്കളുടെ പരിഹാസം സഹിക്കവയ്യാതെ പതിനേഴുകാരന്‍ ഉയരം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി. എന്നാല്‍, ശസ്ത്രക്രിയയുടെ ഫലം നേരെ വിപരീതമായിരുന്നു. ശരിക്കൊന്നു നടക്കാന്‍ പോലും പ്രേം എന്ന പതിനേഴുകാരന് സാധിക്കുന്നില്ല. അസ്ഥികളില്‍ സഹിക്കാനാവാത്ത വേദന അനുഭവപ്പെടുന്നതുകൊണ്ട് ചലിക്കാനാവാത്ത അവസ്ഥയാണ് പ്രേമിനുള്ളത്.
മുംബൈ കല്യാണ്‍ സ്വദേശിയാണ് പ്രേം. അധികം ഉയരമില്ലാത്ത പ്രേമിനെ കൂട്ടുകാര്‍ കുള്ളന്‍ എന്നാണ് വിളിക്കാറ്. കൂട്ടുകാരുടെ പരിഹാസം സഹിക്കാനാവതെയാണ് പ്രേം ശസ്ത്രക്രിയ നടത്തി ഉയരം വയ്ക്കാന്‍ തീരുമാനിച്ചത്. ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് പ്രേം. അച്ഛന്‍ ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന പൈസ കൊണ്ടാണ് പ്രേമിന്റെ കുടുംബം മുന്നോട്ട് പോകുന്നത്.

എന്നാല്‍, വിഷമം കാണാന്‍ വയ്യാത്ത അമ്മയും അച്ഛനും മകന്റെ ആവശ്യത്തിന് സമ്മതം മൂളുകയായിരുന്നു. ഒടുവില്‍ മുംബൈ സയണ്‍ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ നടത്തുകയാണുണ്ടായത്. പ്രേമിനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നത് പ്രേമിന് ജനിതക വൈകല്യമാണെന്നാണ്. എല്ലിന്റെ വളര്‍ച്ച മുരടിച്ചതാണ് പൊക്കമില്ലായ്മയ്ക്ക് കാരണമെന്നും ഡോക്ടര്‍ പറയുകയുണ്ടായി.
കാല്‍ നീട്ടാന്‍ സാധിക്കുന്ന ശസ്ത്രക്രിയ ഉണ്ടെന്നും, അത് ചെയ്യാമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ഒരു സെന്റീമീറ്റര്‍ നീളം കൂട്ടാന്‍ സാധിക്കുമെന്നും പറഞ്ഞു. എന്നാല്‍, ശസ്ത്രക്രിയ പ്രേമിന് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്.
രണ്ടുമാസത്തോളമായി പ്രേം ശരിക്കൊന്നു നടന്നിട്ട്. നടക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലുകള്‍ക്ക് കടുത്ത വേദന അനുഭവപ്പെടും. മൂന്ന് ലക്ഷത്തോളം രൂപ നല്‍കിയാണ് ഈ ദരിദ്രകുടുംബം ശസ്ത്രക്രിയ നടത്തിയത്. അതേസമയം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍, ആശുപത്രിക്കെതിരെയും ഡോക്ടര്‍ക്കെതിരെയും പരാതി നല്‍കാനൊരുങ്ങുകയാണ് പ്രേമും കുടുംബവും.












Click it and Unblock the Notifications