സുപ്രീം കോടതി ജഡ്ജിമാരുടെ ആറംഗ സംഘം മണിപ്പൂരിലേക്ക്; സ്ഥിതിഗതികൾ വിലയിരുത്തും
ദില്ലി; സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം മാർച്ച് 22 ന് മണിപ്പൂർ സന്ദർശിക്കും. ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് മണിപ്പൂരിലേക്ക് പോകുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന സംഘം അവിടുത്തെ ജനജീവിതവും ദുരിതബാധിതർക്കുള്ള ധനസഹായവിതരണവും വിലയിരുത്തും.
ബി ആർ ഗവായിയെ കൂടാതെ സൂര്യകാന്ത്, വിക്രം നാഥ്, എം എം സുന്ദരേഷ്, കെ വി വിശ്വനാഥൻ, എൻ കോടീശ്വർ എന്നിവരാണ് മണിപ്പൂർ സന്ദർശിക്കുന്നത്. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (NALSA) എക്സിക്യൂട്ടീവ് ചെയർമാനായ ജസ്റ്റിസ് ഗവായ് മണിപ്പൂരിലെ നിയമ സേവന ക്യാമ്പുകളും മെഡിക്കൽ ക്യാമ്പുകളും ഉദ്ഘാടനം ചെയ്യും. കൂടാതെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ഉഖ്രുൽ ജില്ലകളിലെ പുതിയ നിയമ സഹായ ക്ലിനിക്കുകളും വെർച്വലായി ഉദ്ഘാടനം ചെയ്യും.

കുടിയിറക്കപ്പെട്ടവർക്ക് ദുരിതാശ്വാസ സാമഗ്രികൾ സംഘം വിതരണം ചെയ്യും. ആരോഗ്യ സംരക്ഷണം, പെൻഷനുകൾ, തൊഴിൽ പദ്ധതികൾ, തിരിച്ചറിയൽ രേഖ വീണ്ടെടുക്കൽ എന്നിവയുൾപ്പെടെയുള്ളവ ഇവർക്ക് ഉറപ്പാക്കാനുള്ള നടപടികൾ നിയമ സഹായ വകുപ്പുകൾ ഉറപ്പാക്കും.
കുടിയിറക്കപ്പെട്ടവർക്കായി ഓരോ സംസ്ഥാന വകുപ്പുകളും കുറഞ്ഞത് അഞ്ച് പ്രധാന പദ്ധതികളെങ്കിലും അവതരിപ്പിക്കും. ചെന്നൈയിൽ നിന്നുള്ള 25 സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സംഘം എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കൽ ക്യാമ്പുകൾ നടത്തും. ഇവിടെയുള്ളവർക്ക് തുടർച്ചയായ വൈദ്യസഹായവും ചികിത്സയും ആവശ്യമരുന്നുകളും ഡോക്ടർമാരുടെ സംഘം നൽകും. 6 ദിവസങ്ങളോളം സംഘം ഇവിടെ തുടരും.
മണിപ്പൂർ സംഘർഷങ്ങൾക്കിടെ ദുരിതബാധിതർക്ക് കൃത്യമായ നിയമസഹായവും പിന്തുണയും നാഷ്ണൽ ലീഗൽ സർവ്വീസ് സൊസൈറ്റി ഉറപ്പാക്കിയിരുന്നുവെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ 273 പ്രത്യേക നിയമസഹായ ക്ലിനിക്കുകൾ സംഘടന സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ, നഷ്ടപ്പെട്ട രേഖകൾ , വൈദ്യ സഹായം എന്നിവ ക്ലിനിക്കുകൾ വഴി ദുരിതബാധിതർക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും സംഘടന പത്രകുറിപ്പിൽ പറഞ്ഞു.
2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ സംഘർഷം ഉടലെടുത്തത്. മെയ്തെയ് വിഭാഗത്തിന് പട്ടികജാതി വർഗ പദവി നൽകുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് കൊണ്ടുള്ള മണിപ്പൂർ കോടതിയുടെ ഉത്തരവാണ് സംഘർഷത്തിന് കാരണമായത്. കുക്കി -മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications