എയര്‍ ഇന്ത്യ വിമാനദുരന്തം നടന്ന് ആറു മാസം; ഉത്തരം കിട്ടാതെ ഉറ്റവര്‍; ഇതുവരെ നല്‍കിയ നഷ്ടപരിഹാരം
അഹമ്മദാബാദ്: ലോക വ്യോമയാന ചരിത്രത്തിലെ ഏറ്റവും മാരകമായ വിമാന അപകടങ്ങളിലൊന്നായി എഴുതിച്ചേര്‍ക്കപ്പെട്ട എയര്‍ ഇന്ത്യ വിമാന ദുരന്തം നടന്നിട്ട് ഇന്ന് ആറു മാസം. ഈ വര്‍ഷം ജൂണ്‍ 12-നാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടാകുന്നത്. ഇപ്പോഴും ആ നടുക്കുന്ന ഓര്‍മകളില്‍ നിന്ന് രാജ്യവും മരിച്ചവരുടെ ഉറ്റവരും മുക്തമായിട്ടില്ല. അപകട ശേഷം ഇന്ത്യന്‍ വ്യോമയാന മേഖല നിരവധി മാറ്റങ്ങളിലൂടെ കടന്നുപോയെങ്കിലും ഇപ്പോഴും അപകട കാരണം എന്താണെന്ന് കൃത്യമായി പുറത്തുവന്നിട്ടില്ല. അപകടം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും ഉറ്റവരുടെ വേദന അകറ്റാന്‍ അതൊന്നും പര്യാപ്തമായിരുന്നില്ല.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് 242 പേരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് വിമാനം തകര്‍ന്നു വീണ് 260 പേരാണ് മരിച്ചത്. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ഇവിടെയുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു.
അഗ്നിഗോളമായി മാറിയ വിമാനത്തിലെ ഒരു യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ ഇപ്പോഴും ഓര്‍മകള്‍ വേട്ടയാടുകയാണ്. അപകട ശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്താനും ഇദ്ദേഹം തയാറായിട്ടില്ല. അപകടത്തില്‍ മലയാളിയായ നഴ്‌സ് പത്തനംതിട്ടക്കാരി രഞ്ജിത കൊല്ലപ്പെട്ടത് കേരളത്തിനും തീരാവേദനയായി മാറി.

അപകടത്തില്‍ 241 യാത്രക്കാരും വിമാനം തകര്‍ന്നു വീണ പ്രദേശത്തുണ്ടായിരുന്ന 19 പേരുമാണ് കൊല്ലപ്പെട്ടത്. ദുരന്തത്തില്‍ പലരുടെയും ജീവിതം വഴിമുട്ടി. യുകെയില്‍ ഒരു നല്ല ജീവിതവും വിദ്യാഭ്യാസവുമൊക്കെ സ്വപ്‌നം കണ്ടവരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്ന ഭൂരിപക്ഷവും. ഉറ്റവര്‍ നഷ്ടപ്പെട്ടതോടെ യുകെയില്‍ ഒറ്റപ്പെട്ടു പോയ മിക്കവരും വിസ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയില്‍ മടങ്ങിയെത്തി. വായ്പ ഉള്‍പ്പെടെ അടയ്ക്കുന്നതില്‍ നിന്ന് പോലും ഇളവ് ലഭിച്ചിട്ടില്ല.
എന്തു കൊണ്ടാണ് വിമാനം തകര്‍ന്നത്? എങ്ങനെ, ആരുടെ പിഴവാണ് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ തേടുന്നത്.
ഗുജറാത്ത് പൊലീസ് ഉള്‍പ്പെടെ രാജ്യത്തിനകത്ത് നിന്നും വിദേശത്തു നിന്നുമുള്ള ആകെ ഒന്‍പത് ഏജന്‍സികളാണ് വിമാനാപകടം സംബന്ധിച്ച അന്വേഷണം നടത്തുന്നത്. ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍ടിഎസ്ബി) യുകെയിലെ എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷണത്തില്‍ സഹകരിക്കുന്നു.
വിമാനത്തിന്റെ ഇന്ധന വിതരണം നിലച്ചതിനാലാണ് അപകടം സംഭവിച്ചതെന്നാണ് എഎഐബി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എഎഐബിയുടെ അന്തിമ റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല. പ്രധാന പൈലറ്റാണ് അപകടത്തിന് കാരണക്കാരന്‍ എന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായതോടെ, അപകടത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ സുമിത് സബര്‍വാളിന്റെ പിതാവും പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സും (എഫ്‌ഐപി) സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി, പൈലറ്റ് തെറ്റുകാരനാണെന്ന് രാജ്യത്ത് ആരും വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും പൈലറ്റിനെതിരെ ആരോപണമില്ല. എന്നാല്‍ വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പൈലറ്റ് മനപൂര്‍വം തെറ്റു വരുത്തിയതായുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളില്‍ ചിലര്‍ യുഎസില്‍ ബോയിങ്ങിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനായി അമേരിക്കന്‍ അഭിഭാഷകന്‍ മൈക്ക് ആന്‍ഡ്രൂവിനെ നിയമിച്ചു. ഇതുവരെ 130 കുടുംബങ്ങള്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ 95 ശതമാനത്തിലധികം കുടുംബങ്ങള്‍ക്കും എയര്‍ ഇന്ത്യ 25 ലക്ഷം രൂപ നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടുണ്ട്. കൂടുതല്‍ തുക നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഗുജറാത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവര്‍ക്ക് പരിക്കിന്റെ ആഴം അനുസരിച്ച് വ്യത്യസ്തമായ തുക നല്‍കിയിട്ടുണ്ട്.
ഓരോ ഇരയുടെയും കുടുംബത്തിനുള്ള അന്തിമ നഷ്ടപരിഹാരത്തുക വ്യത്യസ്തമായിരിക്കും. നഷ്ടപരിഹാര തുക നിര്‍ണയിക്കാന്‍ മരിച്ചയാളുടെ പ്രായം, പശ്ചാത്തലം, വരുമാന ശേഷി എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കും. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.
മരിച്ചവരുടെ ഓര്‍മയ്ക്കായി ടാറ്റ ഗ്രൂപ്പ് എഐ171 മെമ്മോറിയല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ് രൂപീകരിച്ച് അതില്‍ 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കും. 110 കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, പ്രായമായ മാതാപിതാക്കളുടെ പരിപാലനം എന്നിവ പോലുള്ളവ ആവശ്യങ്ങള്‍ക്കും ട്രസ്റ്റ് പിന്തുണയ്ക്കും. വിമാനം വീണ് തകര്‍ന്ന തകര്‍ന്ന അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള സഹായവും ട്രസ്റ്റ് നല്‍കും. പരിക്കേറ്റവര്‍ക്ക് ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.












Click it and Unblock the Notifications