അഴിമതിക്കേസ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ
ഹൈദരാബാദ്: അഴിമതിക്കേസിൽ ആന്ധ്ര മുൻ മുഖ്യമന്ത്രിയും ടി ഡി പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ.സ്കിൽ ഡെവലെപ്മെന്റ് കേസിൽ ശനിയാഴ്ച രാവിലെയാണ് നന്ദ്യാൽ പോലീസ് നായിഡുവിനെ കസ്റ്റഡിയിൽ എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
നാടകീയമായിട്ടായിരുന്നു നായിഡുവിന്റെ അറസ്റ്റ്. ആർകെ ഹാളിൽ കാരവാനിൽ വിശ്രമിക്കുകയായിരുന്ന നായിഡുവിനെ നന്ദ്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും (സി ഐ ഡി) നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പുലർച്ചെ 3 മണിയോടെയായിരുന്നു പോലീസ് സംഘം എത്തിയത്.

അതേസമയം നായിഡുവിന്റെ അറസ്റ്റിൽ കടുത്ത പ്രതിഷേധമായിരുന്നു പ്രവർത്തകർ ഉയർത്തിയത്. പോലീസ് എത്തിയപ്പോൾ വാഹനത്തിന് പുറത്ത് പ്രവർത്തകർ തടിച്ച് കൂടി പ്രതിഷേധിക്കുകയായിരുന്നു. നായിഡുവിന്റെ സുരക്ഷ ചുമതലയുള്ള എസ് പി ജി സേനയും പോലീസിനെ അറസ്റ്റിന് അനുവദിച്ചില്ല. ചട്ടങ്ങൾ അനുസരിച്ച് പുലർച്ചെ 5.30 വരെ നായിഡുവിനെ കസ്റ്റഡിയിൽ എടുക്കാൻ അനുവദിക്കില്ലെന്നായിരുന്നു എസ് പി ജി നിലപാട്.തുടർന്ന് രാവിലെ ആറ് മണിയോടെ മാത്രമാണ് പോലീസിന് നായിഡുവിനെ കസ്റ്റഡിയിൽ എടുത്തത്.
ക്രിമിനൽ നടപടി നിയമത്തിലെ സെക്ഷൻ 50 (1) (2) പ്രകാരം സെക്ഷൻ 120(8), 166, 167, 418, 420, 465, 468, 471, 409 എന്നിങ്ങനെ അഴിമതി നിരോധന വകുപ്പുകൾ പ്രകാരമാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. ചന്ദ്രബാബു നായിഡുവിനെ വൈദ്യപരിശോധനയ്ക്കായി നന്ദ്യാൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് കേസ്. ഇതിൽ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു.2021ലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അടുത്തിടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന് നായിഡു പറഞ്ഞിരുന്നു. പൊതുപണം കൊള്ളയടിച്ച ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആന്ധ്രാ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മെരുഗ നാഗാർജുനയും വെള്ളിയാഴ്ച പറഞ്ഞിരുന്നു.
'ഹൈദരാബാദിലെ ലേക് വ്യൂ ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കായി 10 കോടിയാണ് നായിഡു ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനായി 10 കോടിയും ചാർട്ടേഡ് വിമാനങ്ങൾക്ക് 100 ധർമ്മ പോരാട്ട ദീക്ഷകൾക്ക് 80 കോടിയും ചെലവഴിച്ചു.നമ്മുടെ മുഖ്യമന്ത്രി അദ്ദേഹത്തെപ്പോലെ പൊതുപണം പാഴാക്കിയില്ല, മറിച്ച് 2.31 ലക്ഷം കോടി രൂപ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള ബെനിഫിറ്റ് ട്രാൻസ്ഫറിലൂടെ വിതരണം ചെയ്തു', എന്നായിരുന്നു നാഗാർജുന പറഞ്ഞത്.












Click it and Unblock the Notifications