ഐഐ വിപ്ലവത്തില്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട കഴിവുകള്‍; ഗൂഗിളിലെ ഇന്ത്യന്‍ ടെക്കിയുടെ ഉപദേശം
ടെക് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് പേര്‍ക്കാണ് എഐ കാരണം കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത്. പല ജോലികളിലും എഐ മനുഷ്യരേക്കാള്‍ മികച്ചതാണെന്ന വിലയിരുത്തലാണ് ജീവനക്കാര്‍ക്കു തിരിച്ചടിയായത്. ഇങ്ങനെ പോയാല്‍ ഭാവിയിലും നിരവധി സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക ഇപ്പോള്‍ തന്നെ ശക്തമാണ്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ തങ്ങളുടെ ശേഷി എഐയേക്കാള്‍ വര്‍ധിപ്പിക്കുക എന്നതു മാത്രമാണ് ഇതിനുള്ള പരിഹാരം.
ഈ സങ്കീര്‍ണമായ കാലഘട്ടത്തെ എങ്ങനെ ബുദ്ധിപരമായി നേരിടാമെന്നാണ് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളായ ഗൂഗിളിലും ആമസോണിലും ജോലി ചെയ്തിട്ടുള്ള ഇന്ത്യന്‍ ഐടി വിദഗ്ദ്ധന്‍ പറയുന്നത്. സോഫ്റ്റ്‌വെയര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ പ്രധാന നൈപുണ്യങ്ങളെക്കുറിച്ചാണ് ആകാശ് വിശാല്‍ എന്ന യുവാവ് പറയുന്നത്.

ഒരു ദശാബ്ദക്കാലം ആമസോണിലും ഗൂഗിളിലും ഇദ്ദേഹം ജോലി ചെയ്തിട്ടുള്ള വിശാല്‍ കൃത്രിമബുദ്ധിയുടെ യുഗത്തില്‍ ടെക് കമ്പനികളിലെ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ അഭിമുഖങ്ങള്‍ക്ക് എങ്ങനെ തയാറെടുക്കണം എന്നും പറയുന്നുണ്ട്.
സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കേവലം കോഡിങ് പരിജ്ഞാനം കൊണ്ട് മാത്രം ഇനി ഒരു മികച്ച ജോലി നേടിയെടുക്കുക പ്രയാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എഐ ടൂളുകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിലാണ് വരുംകാലത്തെ തൊഴില്‍ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നത്. എഐ നല്‍കുന്ന വിവരങ്ങളെ വിശകലനം ചെയ്യാനും അതിലെ തെറ്റുകള്‍ തിരുത്താനും മനുഷ്യസഹജമായ ബുദ്ധിശക്തിയും ക്രിട്ടിക്കല്‍ തിങ്കിങ്ങും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
കോഡിംഗ്, അവലോകനം, ഡിസൈന്‍ എന്നിവയ്ക്കായായാണ് എഐ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. ഇന്നത്തെ കാലത്ത് കമ്പനികള്‍ പ്രധാനമായും നോക്കുന്നത് ഒരാളുടെ വിശകലന ശേഷിയും എഐ സഹായത്തോടെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള കഴിവുമാണ്. പ്രോംപ്റ്റ് എന്‍ജിനീയറിംഗ് പോലുള്ള നൂതന വിദ്യകളില്‍ പ്രാവീണ്യം നേടുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ മുന്‍തൂക്കം നല്‍കും.
സാങ്കേതികമായ അറിവിനൊപ്പം തന്നെ ആശയവിനിമയ ശേഷിക്കും പുതിയ കാലത്ത് വലിയ പ്രാധാന്യമുണ്ട്. സങ്കീര്‍ണമായ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കാനും ടീമംഗങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമുള്ള കഴിവ് ഒരു പ്രൊഫഷണലിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തതാണ്. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളാനും നിരന്തരം പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള മനസ്ഥിതി വളര്‍ത്തിയെടുക്കണമെന്നും എഐയെ ഒരു ഭീഷണിയായി കാണാതെ അതിനെ സ്വന്തം വളര്‍ച്ചയ്ക്കുള്ള ഒരു ഉപാധിയായി ഉപയോഗിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.












Click it and Unblock the Notifications