ഫ്രീഡം 251 ഫോണ്‍; തൊഴിലാളികളെ അധിക്ഷേപിക്കുന്നതോ?
ദില്ലി: രാജ്യത്തെ ഏറ്റവും കുറഞ്ഞവിലയില്‍ വിതരണത്തിനൊരുങ്ങുന്ന ഫ്രീഡം 251 മൊബൈല്‍ ഫോണ്‍ തൊഴിലാളികളെ അധിക്ഷേപിക്കുന്നതോ? ഇത്തരം കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് കുറഞ്ഞ വരുമാനം മാത്രമേ നല്‍കാന്‍ കഴിയൂയെന്നും ഇത് ജീവനക്കാരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന സംഘടനകളാണ് പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ വിലകുറഞ്ഞ ഫോണുകള്‍ വ്യാപകമാകുന്നത് തൊഴിലാളികളെ കാര്യമായി ബാധിക്കും. കൂലിയില്ലാത്ത ഓവര്‍ടൈം ജോലിയും മറ്റും ജീവനക്കാര്‍ക്ക് നേരിടേണ്ടിവരുന്നതായി ജീവനക്കാരുടെ സംഘടനാ പ്രതിനിധി ഗോപിനാഥ് പരക്കുനി പറയുന്നു.

ജീവനക്കാരുടെ തൊഴില്‍ സംരക്ഷണം പ്രധാനമാണ്. ഇത്രയും കുറഞ്ഞവിലയില്‍ ഫോണ്‍ വിപണിയിലെത്തുന്നതോടെ മറ്റു മൊബൈല്‍ കമ്പനികളും മത്സരത്തിനിറങ്ങും. ദിവസേനയെന്നോണം മൊബൈല്‍ ഫോണുകളുടെ വിലകുറയുന്നതോടെ കമ്പനിയില്‍ ജീവനക്കാരുടെ തൊഴില്‍ഭാരം വര്‍ധിക്കുന്നതോടൊപ്പം കൂലി കുറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
251 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന വാഗ്ദാനവുമായി റിംഗിങ് ബെല്‍സ് കമ്പനിയാണ് രംഗത്തെത്തിയത്. 2 ലക്ഷത്തോളം പേര്‍ക്ക് ജൂലൈ ഏഴോടെ മൊബൈല്‍ഫോണ്‍ നല്‍കാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കമ്പനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, 150 രൂപയോളം നഷ്ടം സഹിച്ചാണ് മൊബൈല്‍ ഫോണ്‍ നല്‍കുന്നതെന്നാണ് കമ്പനി ഉടമ പറയുന്നത്.












Click it and Unblock the Notifications