പൊതുസ്ഥലത്ത് പുകവലിക്കല്ലേ ; വലിയ പിഴ നല്‍കേണ്ടിവരും
ന്യൂഡല്‍ഹി : ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്. എന്നാല്‍ ചിലര്‍ അത് സിഗരറ്റ് പുക വലിച്ചുകയറ്റാന്‍ ഉപയോഗിക്കുന്നു. ഇത് നിങ്ങളെ രോഗിയാക്കും....വലിയ രോഗി....തിയേറ്ററിലും ടിവിയിലുമെല്ലാം പുകവലിയ്‌ക്കെതിരെയുളള നിര്‍ദേശങ്ങള്‍ കണ്ട് കണ്ണുമിഴിച്ച് നാം ഇരിക്കാറുണ്ട്. പലകുറി ആവര്‍ത്തിച്ചുകേട്ടിട്ടും പുകവലി തുടരുന്നവരുടെ എണ്ണം ചില്ലറയല്ല. പൊതുസ്ഥലങ്ങളിലും മറ്റും പുകവലി തുടരുന്ന ഇത്തരക്കാര്‍ പിടിക്കപ്പെട്ടാല്‍ ഇനി വലിയ പിഴ നല്‍കേണ്ടി വരും. പൊതുസ്ഥലത്ത് പുകവലിച്ച് പിടിക്കപ്പെട്ടാല്‍ നല്‍കേണ്ട പിഴ 200 രൂപയില്‍ നിന്ന് 20,000 രൂപയാക്കാന്‍ സര്‍ക്കാര്‍ ആലോചന. രാജ്യത്തെ ആരോഗ്യമന്ത്രാലയം നിയോഗിച്ചിരിക്കുന്ന വിദഗ്ദ സമിതിയാണ്പിഴ വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 278ാം വകുപ്പ് പ്രകാരം പുകവലി നിരോധിച്ചിരുന്നതാണ്. നിലവില്‍ 200 രൂപയാണ് പിഴയായി അടക്കേണ്ടത്. പൊതുസ്ഥലത്തെ പുകവലി പിടിക്കപ്പെട്ടാല്‍ പോലീസിലല്ല പകരം നേരിട്ട് കോടതിയിലാണ് പിഴ നല്‍കേണ്ടത്. ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചത്.

പുകവലിയെ കടുത്ത കുറ്റമായി കണക്കാക്കി ശിക്ഷ നല്‍കുന്നതിനെക്കാള്‍ നല്ലത് പിഴ വര്‍ധിപ്പിക്കുന്നതാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. പുകയില ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിനുളള പ്രായപരിധി ഉയര്‍ത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു. നിലവിലെ പ്രായപരിധി 18 ല്‍ നിന്ന് 25 ആക്കി ഉയര്‍ത്തണം. കുട്ടികള്‍ക്കിടയില്‍ പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം വ്യാപകമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്.
അതുപോലെതന്നെ സിഗരറ്റ് പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തേണ്ട നിയമപ്രകാരമുളള മുന്നറിയിപ്പ് ലംഘിക്കുന്ന കമ്പനികള്‍ക്കുളള പിഴ 50,000 രൂപയാക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ 5,000 രൂപയാണ് ഇതിന് പിഴ ഈടാക്കുന്നത്. ചില്ലറയായി സിഗരറ്റ് വില്‍ക്കുന്നത് തടയണമെന്നും നിര്‍ദേശത്തിലുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ ബില്ലായി അവതരിപ്പിക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ദ സമിതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications