വഴിവിട്ട് ചെയര്‍മാന്‍ നിയമനം: സ്മൃതി ഇറാനിയെ തള്ളി നരേന്ദ്ര മോദി!
ദില്ലി: കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് സ്ഥാനം നഷ്ടമായ ബി ജെ പി നേതാവ് സ്മൃതി ഇറാനിക്ക് വീണ്ടും തിരിച്ചടി. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സ്മൃതി ഇറാനി നിര്‍ദേശിച്ച ആളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാകരിച്ചതായാണ് റിപ്പോര്‍ട്ട്. സി ബി എസ് സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്മൃതി ഇറാനി നിര്‍ദേശിച്ച ഡോ. സര്‍വേന്ദ്ര വിക്രം ബഹാദൂര്‍ സിംഗിന്റെ നിയമനമാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം, ഡോ. സിംഗിന്റെ നിയമനം കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി (എ സി സി) റദ്ദാക്കുകയായിരുന്നു. ഇത്തരം നിയമനങ്ങള്‍ നടത്താന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് അധികാരം ഉണ്ടായിരിക്കുന്നതല്ല എന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീമിന് കീഴിലാണ് ഈ നിയമനം നടത്തപ്പെടേണ്ടത്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓപ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. സി ബി എസ് സി ചെയര്‍മാന്‍ സ്ഥാനം 2014 മുതല്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഡോ. സര്‍വേന്ദ്ര വിക്രം ബഹാദൂര്‍ സിംഗിനെ നിയമിക്കാന്‍ സ്മൃതി ഇറാനി മന്ത്രിയായിരിക്കേ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചത്.
ഇതാദ്യമായിട്ടല്ല കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി സ്മൃതി ഇറാനിയുടെ നിര്‍ദേശം നിരാകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ വേണ്ടത്ര യോഗ്യതയില്ലാതെ സത്ബിര്‍ സിംഗിനെ നിയമിക്കാനുള്ള ശ്രമമാണ് എ സി സി തടഞ്ഞത്. അടുത്തിടെ നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് സ്മൃതി ഇറാനിയെ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശ് ജാവദേക്കറിനെ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയാക്കി നിയമിച്ചത്.












Click it and Unblock the Notifications