'ഇതൊക്കെ എന്ത് തരം സ്നേഹമാണ്'? രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി സ്മൃതി ഇറാനി
ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടെ 'മുഹബത്ത് കീ ദൂകാന്‍' (സ്‌നേഹത്തിന്റെ കട) പരാമര്‍ശത്തെ വിമര്‍ശിച്ച സ്മൃതി ഇറാനി ഇന്ത്യന്‍ ജനാധിപത്യത്തോടുളള രാഹുലിന്റെ സ്‌നേഹത്തെയും ചോദ്യം ചെയ്തു.
''സിഖുകാരെ കൂട്ടക്കൊല ചെയ്യുന്നത് ഏത് തരം സ്‌നേഹമാണ്? കല്‍ക്കരിയും കാലിത്തീറ്റയും കൊള്ളയടിക്കുന്നവരുമായി കൈകോര്‍ക്കുന്നത് എന്ത് തരം സ്‌നേഹമാണ്? ചെങ്കോലിനെ അപമാനിക്കുന്നത് ഏത് തരം സ്‌നേഹമാണ്? സ്വന്തം പാര്‍ലമെന്റ് ബഹിഷ്‌ക്കരിക്കുന്നത് ഏത് തരം സ്‌നേഹമാണ്? കേരള സ്റ്റോറിയെ കുറിച്ച് സംസാരിക്കാതിരിക്കുന്നത് ഏത് തരം സ്‌നേഹമാണ്?'' സ്മൃതി ഇറാനി ചോദിച്ചു.

വിദേശത്ത് വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ സൂചിപ്പിച്ച് കൊണ്ട് '' ഇന്ത്യയെ ശപിക്കുന്നവര്‍ക്ക് കൈ കൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതും ഏത് തരം സ്‌നേഹമാണ്'' എന്നും സ്മൃതി ഇറാനി ചോദിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. കഴിഞ്ഞ 9 വര്‍ഷക്കാലമായുളള മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്മൃതി ഇറാനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
ബിജെപി മുസ്ലീം വിരുദ്ധ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് സ്മൃതി ഇറാനിയുടെ മറുപടി ഇങ്ങനെ. ''എല്ലാവരിലേക്കും വികസനം എത്തിക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്. കോണ്‍ഗ്രസ് അനുവദിച്ചത് 12000 കോടിയുടെ ബജറ്റ് ആയിരുന്നുവെങ്കില്‍ മോദി സര്‍ക്കാരിന്റേത് 31,450 കോടിയുടെ ബജറ്റ് ആണ്. അത് തന്നെ സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന എന്താണെന്ന് വ്യക്തമാക്കുന്നു'', സ്മൃതി ഇറാനി പറഞ്ഞു.
''ഏത് വിഭാഗത്തിനും സമുദായത്തിനും ഏത് ആവശ്യത്തിനും സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നതിനാണ് സര്‍ക്കാരിന്റെ മുന്‍ഗണന. മുസ്ലീം സമുദായത്തിന്റെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ഗാന്ധി കുടുംബത്തോട് ചോദിക്കണം, അവരുടെ സര്‍ക്കാര്‍ നീക്കി വെച്ചത് 12000 കോടി ആണെങ്കില്‍ മോദി സര്‍ക്കാര്‍ 9 വര്‍ഷത്തിനിടെ നല്‍കിയ ബജറ്റ് 31450 കോടിയാണ്. സര്‍ക്കാരിന്റെ പരിഗണന എന്തിനാണെന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു'', സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
''നമ്മുടെ ജനാധിപത്യത്തെ മുറിവേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബാഹ്യശക്തികളെ ഉപയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴുളള കോണ്‍ഗ്രസിന്റെ ഇത്തരം പ്രവര്‍ത്തികള്‍ സൂചിപ്പിക്കുന്നത് അവര്‍ അധികാരം പിടിച്ചെടുക്കാനുളള ശ്രമത്തിലാണ് എന്നാണ്''. സ്വന്തം രാജ്യത്തെ ജനാധിപത്യ സംവിധാനം തകര്‍ക്കാന്‍ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് അവരെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.












Click it and Unblock the Notifications