ഡൽഹി രാഷ്ട്രീയത്തിൽ സജീവ ഇടപെടലുമായി സ്മൃതി ഇറാനി; അരവിന്ദ് കെജ്രിവാളിനെതിരെ ഇറങ്ങും? ചർച്ചകൾ സജീവം
ഡൽഹി രാഷ്ട്രീയത്തിൽ സജീവമായി മുൻ അമേഠി എംപി സ്മൃതി ഇറാനി. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കുറച്ചുനാളുകളായി നിശബ്ദയായി തുടരുകയായിരുന്നു അവർ. ഇതിനിടയിലാണ് ഇപ്പോൾ രാജ്യതലസ്ഥാനത്ത് ബി ജെ പിയുടെ പ്രവർത്തനങ്ങളിൽ സ്മൃതി സജീവമായി പങ്കെടുക്കുന്നത്. ബി ജെ പിയുടെ അംഗത്വ വിതരണത്തിനും സ്മൃതിയാണ് നേതൃത്വം നൽകുന്നത്. ഇതോടെ വരാനിരിക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ പോർമുഖം തുറക്കാനുള്ള നീക്കമാണ് സ്മൃതിയുടേത് എന്നാണ് വിലയിരുത്തലുകൾ.
അടുത്തിടെ ദക്ഷിണ ഡൽഹിയിൽ സ്മൃതി ഇറാനി വീട് വാങ്ങിയിരുന്നു. ഡൽഹിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണിതാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല പാർട്ടിയുടെ അംഗത്വ വിതരണ ക്യാമ്പെയ്നിലും സജീവമായിതന്നെ അവർ പങ്കെടുക്കുന്നുണ്ട്. 14 ജില്ലകളിൽ ഏഴിടത്ത് സ്മൃതിയുടെ മേൽനോട്ടത്തിലാണ് അംഗത്വപ്രചാരണം നടക്കുന്നത്.

ഒരു നേതാവിനെ മുൻനിർത്തി പ്രചരണം നടത്തണമെന്ന ആവശ്യം കഴിഞ്ഞ കുറച്ചുനാളുകളായി ഡൽഹിയിലെ ബി ജെ പി നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ശക്തരായ നേതാക്കൾ നയിച്ചാൽ ഡൽഹിയിൽ ആം ആദ്മിയെ വരിഞ്ഞ് കെട്ടാമെന്നും വലിയ മുന്നേറ്റം സാധ്യമാകുമെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടിയത്. 2020 ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും ഉയർത്തിക്കാട്ടാതെയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് കനത്ത തിരിച്ചടിയായിരുന്നു പാർട്ടി നേരിട്ടത്. 8 സീറ്റിൽ മാത്രമാണ് ബി ജെ പിക്ക് വിജയിക്കാനായത്. ബാക്കിയുള്ള സീറ്റുകൾ ആം ആദ്മി പാർട്ടി തൂത്തുവാരുന്നതായിരുന്നു സ്ഥിതി.
അതേസമയം ഒരു നേതാവിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചാൽ എംപിമാരായ മനോജ് തിവാരി, ബാംസുരി സ്വരാജ്, ഡൽഹി ബി ജെ പി അധ്യക്ഷനായ വീരേന്ദ്ര സച്ച്ദേവ, പശ്ചിമഡൽഹി മുൻ എംപി പർവേഷ് വർമ തുടങ്ങിയ നേതാക്കളുടെ പേരുകൾ പാർട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് ബി ജെ പി വൃത്തങ്ങൾ പറയുന്നത്. ശക്തനായ നേതാവിന് കീഴിൽ അണിനിരന്നാൽ ഐക്യത്തിന്റെ സന്ദേശം നൽകാൻ സാധിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
2015 ൽ കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കനത്ത തോൽവിയാണ് പാർട്ടി രുചിച്ചത്. അതുകൊണ്ട് തന്നെ ഏതെങ്കിലും നേതാവിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് അനുകൂല തരംഗം ഉണ്ടാക്കുമെന്ന വിലയിരുത്തലുകൾ തെറ്റാണെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായേക്കും. പ്രത്യേകിച്ച് മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം കൂടി ലഭിച്ച സാഹചര്യത്തിൽ. കെജരിവാൾ വീണ്ടും സജീവമാകുന്നതോടെ ബിജെപിയെ സംബന്ധിച്ച് സാഹചര്യം കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
അതേസമയം മദ്യനയ അഴിമതി കേസിൽ ഇന്നലെ രാത്രിയോടെയാണ് അരവിന്ദ് കെജ്രിവാൾ ജാമ്യം നേടി പുറത്തിറങ്ങിയത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചനം സാധ്യമായത്. തീഹാര്‍ ജയിലിന് പുറത്ത് വൻ സ്വീകരണമായിരുന്നു കെജ്രിവാളിന് പ്രവർത്തകർ ഒരുക്കിയത്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നും ഇനിയും ശക്തമായി തന്നെ പോരാടുമെന്നുമായിരുന്നു പുറത്തിറങ്ങിയതിന് പിന്നാലെയുള്ള കെജ്രിവാളിന്റെ പ്രതികരണം.












Click it and Unblock the Notifications