പിതാവിന് ഹൃദയാഘാതം; ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ ഇന്നത്തെ വിവാഹച്ചടങ്ങ് റദ്ദാക്കി
വനിതാ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ ആവേശം തീരുന്നതിനു മുന്‍പ് തന്നെ വിവാഹം നടക്കുന്ന സന്തോഷത്തിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ലോകകപ്പ് വേദിയില്‍ വച്ച് സംഗീത സംവിധായകനായ പലാഷ് മുഛല്‍ സ്മൃതിയെ പ്രൊപ്പോസ് ചെയ്യുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. സോഷ്യല്‍ മീഡിയയും ദേശീയ മാധ്യമങ്ങളും ഏറെ കാത്തിരുന്ന വിവാഹമായിരുന്നു സ്മൃതിയുടേതും പലാഷിന്റേതും.
ഇന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ മന്ദാന ഫാം ഹൗസില്‍ നടക്കാനിരുന്ന ഇരുവരുടെയും വിവാഹം ഇപ്പോള്‍ അപ്രതീക്ഷിതമായ സംഭവവികാസത്തെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്. സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് വിവാഹം നീട്ടിവെച്ചത്. വിവാഹത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.

സ്മൃതിയുടെ ബിസിനസ് മാനേജര്‍ തുഹിന്‍ മിശ്രയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഹൃദയാഘാതം ഉണ്ടായ ഉടന്‍ തന്നെ അടിയന്തര വൈദ്യ ചികിത്സയ്ക്കായി സാംഗ്ലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്മൃതിയും മറ്റ് അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അച്ഛനുമായി വൈകാരികമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സ്മൃതി തന്നെയാണ് വിവാഹം നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ശ്രീനിവാസിന് സുഖം പ്രാപിക്കുന്നതു വരെ വിവാഹം നീട്ടിവയ്ക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.
അപ്രതീക്ഷിതമായ സാഹചര്യത്തെ തുടര്‍ന്ന് ഇന്നത്തെ ചടങ്ങ് റദ്ദാക്കിയതായി വിവാഹം നടത്താനിരുന്ന ഇവന്റ് മാനേജ്‌മെന്റ് ടീം അറിയിച്ചു. വിവാഹത്തിനുള്ള പുതിയ തീയതി കുടുംബം തീരുമാനിച്ചിട്ടില്ല. വിവാഹത്തിനായുള്ള വേദിയിലെ അലങ്കാരങ്ങള്‍ നീക്കം ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമായിരുന്നു സ്മൃതിയുടെയും പലാഷിന്റെയും. ബോളിവുഡ് മാതൃകയിലുള്ള വിവാഹ അഭ്യര്‍ത്ഥന മുതല്‍ സ്മൃതിയും പലാഷും ദേശീയ മാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. ഇന്ത്യ വനിതാ ലോകകപ്പ് കിരീടം ചൂടിയ ഗ്രൗണ്ടായ മുംബൈയിലെ ഡി വൈ പാര്‍ട്ടിയില്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പലാഷ് സ്മൃതിയെ പ്രൊപ്പോസ് ചെയ്തത്.
ഇന്ന് അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും എന്നതിനാല്‍ വിവാഹത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഇരുവര്‍ക്കും വിവാഹാശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സ്മൃതിയുടെ ഹല്‍ദി ആഘോഷങ്ങള്‍ നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഗായകനും സംഗീത സംവിധായകനുമായ പലാഷുമായി 2019 മുതല്‍ സ്മൃതി പ്രണയത്തിലാണ്. 2024 ലാണ് ഇവരുവരും പ്രണയം പരസ്യമാക്കിയത്.












Click it and Unblock the Notifications