ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം; എവിടെ, എപ്പോള്‍ ദൃശ്യമാകും? അറിയേണ്ടതെല്ലാം
സൂര്യഗ്രഹണം ഇന്ന്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയം സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കും. ഇന്ന് പൂര്‍ണമായി ചന്ദ്രന്‍, സൂര്യനെ മറയ്ക്കും.
ഈ സമയം പ്രഭാതമോ സന്ധ്യയോ പോലെ ആകാശം ഇരുണ്ടിരിക്കും. ഗ്രഹണം നടക്കുമ്പോള്‍ ഭൂമിയുലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അടക്കമുള്ള ശാസ്ത്ര ഏജന്‍സികള്‍ വിപുലമായ സംവിധാനങ്ങളാണ് ലോകമെമ്പാടും ഒരുക്കിയിരിക്കുന്നത്. ഗ്രഹണം നാസ തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്. അതേസമയം ഇത്തവണത്തെ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല.

സൂര്യഗ്രഹണം എവിടെയൊക്കെ ദൃശ്യമാകും?
അമേരിക്ക, കാനഡ, മെക്‌സിക്കോ, വടക്കേ അമേരിക്കയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. ഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളില്‍ ഏകദേശം 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തത്സമയ ദൃശ്യം കാണാന്‍ കഴിയും. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന സൂര്യഗ്രഹണം നാളെ പുലര്‍ച്ചെ 2.22 വരെ നീണ്ടു നില്‍ക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്.
4 മിനിറ്റ് 27 സെക്കന്റ് പൂര്‍ണ സൂര്യഗ്രഹണം നീണ്ടുനില്‍ക്കും. വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഗ്രഹണം ദ്യശ്യമാകുമെങ്കിലും അമേരിക്കയിലെ ടെക്‌സസ് മുതല്‍ മെയിന്‍ വരെയുളള സംസ്ഥാനങ്ങളില്‍ മാത്രമായിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക എന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഇതിന് മുന്‍പ് 2017 ഓഗസ്റ്റ് 21ന് അമേരിക്കയിലായിരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായിരുന്നത്. സമ്പൂര്‍ണ സൂര്യഗ്രഹണം തത്സമയം കാണാനുള്ള സൗകര്യങ്ങള്‍ നാസ ഒരുക്കുന്നുണ്ട്. ഏപ്രില്‍ എട്ടിന് ഇന്ത്യന്‍ സമയം രാത്രി 10:30 ന് ആരംഭിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ നാസ ലൈവ് സ്ട്രീം ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെ 1:30 വരെ നീളും.
സൂര്യഗ്രഹണം എങ്ങനെ കാണണം?
ഈ സമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കണം എന്നാണ് നക്ഷത്ര നിരീക്ഷകര്‍ പറയുന്നത്. കാരണം നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് സുരക്ഷിതമല്ല. സോളാര്‍ ഫില്‍റ്ററുകള്‍, പിന്‍ഹോള്‍ പ്രൊജക്ടര്‍, ക്യാമറ, ബൈനോക്കുലര്‍ എന്നിവ കൊണ്ട് സൂര്യഗ്രഹണം കാണാം.
സൂര്യഗ്രഹണം- കാഴ്ചയുടെ വിരുന്നൊരുക്കാന്‍ നാസ
സൂര്യഗ്രഹണം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ദൃശ്യമാകില്ല. എന്നാല്‍ ലോകത്തെ എല്ലാവര്‍ക്കും ഇത് ദൃശ്യമാകാന്‍ വേണ്ടി വലിയ മുന്നൊരുക്കങ്ങളാണ് നാസ നടത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് തത്സമയ ഓണ്‍ലൈന്‍ സ്ട്രീമിംഗ്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് നിരവധി വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാസ തത്സമയം ജനങ്ങളിലേക്ക് എത്തിക്കും.
ഇതിനൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുമായി നടത്തുന്ന ചര്‍ച്ചകള്‍, ഗ്രഹണവുമായി ബന്ധപ്പെട്ട് നാസ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, മറ്റ് ബഹിരാകാശ സംഭവങ്ങള്‍ എന്നിവയും സംപ്രേഷണം ചെയ്യും. ഗ്രഹണ സമയത്ത് ടെലസ്‌കോപ്പില്‍ നിന്ന് നേരിട്ടുള്ള ദൃശ്യങ്ങളുമുണ്ടായിരിക്കും. നാസയുടെ ടെലിവിഷന്‍ ചാനല്‍, യൂട്യൂബ്, നാസാപ്ലസ്, നാസാ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഗ്രഹണം കാണാം.












Click it and Unblock the Notifications