'അംബേദ്കറിന്റെ പേരിനോട് ചിലർക്ക് അലർജി'; അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് വിജയ്
ഡോ ബിആർ അംബേദ്കർ വിവാദത്തിൽ അമിത് ഷായെ കടന്നാക്രമിച്ച് നടനും ടി വി കെ തലവനുമായ വിജയ്. ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയാണെന്നും അദ്ദേഹത്തെ അവഹേളിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.
അംബേദ്കറിലൂടെയാണ് ഇന്ത്യൻ ജനത സ്വാതന്ത്ര്യം അറിഞ്ഞത്. അദ്ദേഹത്തിന്റെ പേര് ഓരോ നാവിലും മുഴങ്ങുമെന്നും വിജയ് പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രി സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ അടക്കമുള്ള തമിഴ്നാട്ടിലെ നേതാക്കളെല്ലാം കക്ഷിഭേദമന്യേ അമിത് ഷായുടെ പരാമർശത്തിനെതിരെ രംഗത്തെത്തി.

'പാപം ചെയ്യുന്നവർ മാത്രമേ പുണ്യത്തെ കുറിച്ച് ആശങ്കപ്പെടൂ, രാജ്യത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ചിന്തിക്കുന്നവർ വിപ്ലവകാരിയായ അംബേദ്കറുടെ പേര് മാത്രമേ പറയൂ; അത് പരാമർശിക്കേണ്ടതാണ്, "സ്റ്റാലിൻ എക്‌സിൽ കുറിച്ചു. അമിത് ഷായുടെ പരാമർശത്തിൽ അപലപിക്കുകയാണെന്നായിരുന്നു ഉദയിനിധിയുടെ പ്രതികരണം.
'നിങ്ങൾ എവിടെ പോയാലും അംബേദ്കർ എന്ന് പറയും. നിങ്ങൾ ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാൻ ശ്രമിക്കൂ. ഭരണഘടന തകർക്കണമെന്ന വൈരാഗ്യബുദ്ധിയുമായി നടക്കുന്നവർക്ക് അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ അസ്വസ്ഥത ഉണ്ടാകും. അംബേദ്കർ നൽകിയ ഭരണഘടനയെ എങ്ങനെയെങ്കിലും തകർക്കാൻ വെമ്പൽ കൊള്ളുന്ന ഫാസിസ്റ്റുകൾ അംബേദ്കറുടെ രോഷാകുലരാകുമ്പോൾ അദ്ദേത്തിന്റെ പേര് നൂറിരട്ടി ഉച്ചത്തിൽ നമ്മുക്ക് ഉച്ചരിക്കാം', ഉദയനിധി പറഞ്ഞു.
എ ഐ എഡി എം കെ വക്താവ് ഡി ജയകുമാറും അമിത് ഷായ്ക്കെതിരെ രംഗത്തെത്തി. അംബേദ്കറിനെതിരായ ഏത് അവഹേളനവും ജനം തള്ളിക്കളയുമെന്നും അമിത് ഷായുടെ പരാമർശം ബിജെപിയെ തിരിച്ചടിക്കുമെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസംഗമാണ് വിവാദമായത്. അംബേദ്കർ,അംബേദ്കർ,അംബേദ്കർ,അംബേദ്കർ,അംബേദ്കർ...ഇതിപ്പോൾ ഒരു ഫാഷനായിരിക്കുകയാണ്. ഇത്രയും തവണ ഭഗവാനെ വിളിച്ചിരുന്നെങ്കിൽ ഏഴ് ജൻമത്തിലും സ്വർഗം ലഭിച്ചേനേ. അംബേദ്കറുടെ പേര് കോൺഗ്രസ് ആവർത്തിക്കുന്നതിൽ സന്തോഷമുണ്ട്, പക്ഷെ അദ്ദേഹത്തോടുള്ള അവരുടെ യഥാർത്ഥ താത്പര്യം എന്താണെന്ന് കൂടി ഉറക്കെ പറയണം' എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. അതേസമയം വിവാദ പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും കോൺഗ്രസ് അംബേദ്കറോട് ചെയ്ത കാര്യങ്ങൾ ഇതുകൊണ്ടൊന്നും ഇല്ലാതാകില്ലെന്നും അമിത് ഷാ പ്രതികരിച്ചു.












Click it and Unblock the Notifications