‘രാജ്യത്തെ ജിഡിപി വളർച്ച 7.8% ശതമാനം എന്നത് ചിലർക്ക് ദഹിക്കുന്നില്ല'; പ്രതിപക്ഷത്തിനെതിരെ മോദി
7.8 ശതമാനം ജിഡിപി വളർച്ച ഇന്ത്യ കൈവരിച്ചെന്ന കണക്കിൽ വിമർശനം ഉയർത്തിയ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ സാമ്പത്തികമായി ദുർബലാവസ്ഥയിലേക്ക് തള്ളിവിട്ടവർക്ക് 7.8 ശതമാനം ജിഡിപി വളർച്ച എന്ന കണക്ക് ദഹിക്കുന്നുണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കോമേഴ്‌സിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ കോളേജ് സന്ദർശിച്ചപ്പോഴും ഇപ്പോഴത്തേയും സാഹചര്യം മോദി താരതമ്യം ചെയ്തു.
' 2013ൽ നിങ്ങളുടെ സീനിയേഴ്സ് ആയിരുന്നു ഇവിടെ, ഞാൻ അന്ന് മുഖ്യമന്ത്രിയാണ്. പക്ഷെ അന്നത്തെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ അംഗം കൂടിയായിരുന്നു ഞാൻ. അന്നൊരു പ്രതിപക്ഷ നേതാവായിരുന്നിട്ടുകൂടി അന്നത്തെ ആ അവസരം പ്രതിക്ഷത്തെ വിമർശിക്കാനുള്ള വേദിയായി താൻ ഉപയോഗിച്ചിരുന്നില്ല. അന്നത്തെ സർക്കാരിനെ താൻ കടന്നാക്രമിക്കുമെന്നായിരിക്കണം പലരും കരുതിയിട്ടുണ്ടാകുക. പ്രതിപക്ഷത്തായിരുന്നിട്ടും സർക്കാരിനെതിരെ നിരന്തരം തുറന്നടിക്കുന്ന ആളായിരുന്നിട്ടും അത്തരമൊരു ആവശ്യത്തിന് ഞാൻ ഈ വേദി ഉപയോഗിച്ചില്ല. ഞാൻ അന്നൊരു കാഴ്ചപ്പാട് മുന്നോട്ട് വെച്ചു, ഞാൻ വളരെ ശുഭാപ്തി വിശ്വാസത്തോടെ സംസാരിച്ചു.

അന്ന് ഞാൻ പറഞ്ഞതൊക്കേയും എൻ്റെ ഉറച്ച വിശ്വാസമായിരുന്നു. ഞാൻ ആ ചിന്തയിലും സ്വപ്നങ്ങളിലുമായിരുന്നു എല്ലാകാലത്തും ജീവിച്ചത്. രാജ്യത്തിന് വേണ്ടി പൂർണമായി സമർപ്പിച്ച് മുന്നോട്ട് നീങ്ങാനും നാടിന് വേണ്ടി ജീവിക്കാനുമായിരുന്നു താൻ ആഗ്രഹിച്ചത്, ആ പാതയാണ് ഞാൻ എന്നും പിന്തുടർന്നത്', മോദി പറഞ്ഞു.
2013ലെ തന്റെ പ്രസംഗം അന്ന് വലിയ തരംഗമായി മാറിയിരുന്നു, പതിറ്റാണ്ടുകൾക്ക് ശേഷവും അതിന്റെ സ്വാധീനം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈനികർക്കുനേരെയുണ്ടായ ആക്രമണം, റെക്കോർഡ് കറന്റ് അക്കൗണ്ട് കമ്മി, 10 ശതമാനത്തോളമെത്തിയ പണപ്പെരുപ്പം, വ്യാവസായിക മേഖലയിലെ മാന്ദ്യം, ഹെലികോപ്റ്റർ ഇടപാടിലെ അഴിമതി ആരോപണങ്ങൾ, ഹൈദരാബാദിലെ ബോംബ് സ്‌ഫോടനങ്ങൾ എന്നിങ്ങനെ 2013 ൽ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന നിരവധി വിഷയങ്ങൾ ഉണ്ടായിരുന്നു.
വളർച്ച ഉണ്ടായിരുന്നില്ല. നിരവധി അഴിമതികൾ ഉണ്ടായിരുന്നു, അഴിമതി നടത്തിയവർ യാതൊരു ഭയവുമില്ലാതെ വിഹരിച്ചു, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിട്ടത്. എങ്ങും ഭരണ സ്തംഭനത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. അതായത് രാജ്യം എല്ലാ മേഖലകളിലും എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലൂടെ കടന്ന് പോയിരുന്ന കാലമായിരുന്നു അത്. എന്നാൽ അന്നത്തെ കാലമല്ല ഇപ്പോൾ. 7.8 ശതമാനം ജിഡിപി വളർച്ച എന്നത് രാജ്യത്തിൻ്റെ ആത്മവിശ്വാസം ഉയർത്തി. അന്ന് രാജ്യത്തെ ദുർബല സമ്പത്ത് വ്യവസ്ഥയാക്കിയവർക്ക് ഇപ്പോഴത്തെ ഈ വളർച്ച ദഹിക്കുന്നില്ല. ഇന്ന് ലോക രാജ്യങ്ങൾ ഇന്ത്യയുടെ വളർച്ചയെ ഉറ്റുനോക്കുകയാണ്', മോദി പറഞ്ഞു.


Click it and Unblock the Notifications