ലഡാക്കിന് സംസ്ഥാന പദവി നൽകണം; നിരാഹാര സമരം ആരംഭിച്ച് സോനം വാങ്ചുക്ക്
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നിരാഹാര സമരം തുടങ്ങി. 35 ദിവസത്തെ സമരമാണ് തുടങ്ങിയത്. ലഡാക്കിനെ ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന പദവി നൽകണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
കഴിഞ്ഞ രണ്ട് മാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലാത്തതിനാലാണ് വീണ്ടും നിരാഹാര സമരം തുടങ്ങാൻ തീരുമാനിച്ചതെന്ന് വാങ്ചുക്ക് അറിയിച്ചു. 'രണ്ട് മാസം മുമ്പ് കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ നിലച്ചു. പ്രധാന ആവശ്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങാനിരിക്കെ സർക്കാർ പിന്നീട് ഒരു യോഗവും വിളിച്ചിട്ടില്ല', വാങ്ചുക്ക് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾക്ക് കേന്ദ്രം ചെവികൊടുക്കാത്തതുകൊണ്ടാണ് 35 ദിവസത്തെ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ശക്തമാക്കാൻ നിർബന്ധിതരായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുമന്ന് ബിജെപി വാഗ്ദാനം നൽകിയതയാണെന്ന് വാങ്ചുക്ക് ഓർമ്മിപ്പിച്ചു. ലേയിലെ ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഞങ്ങളുടെ പ്രതിഷേധം സമാധാനപരവും അഹിംസാത്മകവുമാണെന്നും,ആവശ്യങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ പരിധിയിൽ വരുന്നതാണെന്നും ലേ അപെക്സ് ബോഡി സന്ദേശം നൽകിയതായി വാങ്ചുക്ക് കൂട്ടിച്ചേർത്തു. ലഡാക്കിന് സംസ്ഥാന പദവി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ലഡാക്ക് അപ്പെക്സ് ബോർഡുമായും (LAB) കാർഗിൽ ഡെമോക്രാറ്റിക് അലയൻസുമായും (KDA) ചർച്ചകൾക്ക് തയ്യാറാകാത്തപക്ഷം നിരാഹാര സമരം തുടങ്ങുമെന്ന് വാങ്ചുക് ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ദീർഘകാലമായി പ്രക്ഷോഭം നയിക്കുകയാണ്.












Click it and Unblock the Notifications