'സർക്കാരിന്റേത് ഏകപക്ഷീയ നടപടിയല്ല', സോനം വാങ്ചുകിനെ ആശുപത്രി മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി
ഡല്‍ഹി: വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ സഫ്ദര്‍ജംഗ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മാറ്റാന്‍ അനുവദിക്കണമെന്ന ഹര്‍ജി നിരസിച്ച് ഡല്‍ഹി ഹൈക്കോടതി. സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആങ്‌മോയാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ നടപടികള്‍ സുതാര്യമല്ലെന്നും സ്വകാര്യ ആശുപത്രിയിലേക്ക് സോനം വാങ്ചുകിനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുത്ത് നിരാഹാര സത്യാഗ്രത്തിലായിരുന്നു സോനം വാങ്ചുക്. നിരാഹാര സമരത്തിന്റെ 20ാം ദിവസം ഡല്‍ഹി പോലീസ് ബലം പ്രയോഗിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ സോനം വാങ്ചുക് തയ്യാറായിട്ടില്ല. ആശുപത്രിയിലും അദ്ദേഹം നിരാഹാര സത്യാഗ്രഹം തുടരുകയാണ്. സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ കൃത്യമായി നീരീക്ഷിക്കുകയും അദ്ദേഹത്തിന്റെ സമ്മതത്തോടെ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് മിനി പുഷ്‌കര്‍ണ നിരീക്ഷിച്ചു.

ആരോഗ്യാവസ്ഥ മോശമായ സോനം വാങ്ചുക് സ്വയമേ ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് പൂര്‍ണമായ അധികാരം ഉണ്ടെന്നും അത് ഏകപക്ഷീയമായ നടപടിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. സോനം വാങ്ചുകിന് നേര്‍ക്ക് ബലപ്രയോഗം നടന്നുവെന്നും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്നോ പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സോനം വാങ്ചുകിന്റെ ഭാര്യ ഗീതാജ്ഞലിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തെ സന്ദര്‍ശിക്കാനുളള പൂര്‍ണ അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ ഘട്ടത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡബിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ഗീതാജ്ഞലി വ്യക്തമാക്കി.
അതിനിടെ കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് നാളെ നടക്കാനിരിക്കുകയാണ്. മാർച്ചിന് ഇതുവരെ പോലീസ് അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും നൂറ് കണക്കിന് ആളുകളാണ് ജന്തർ മന്ദിറിൽ എത്തിയിരിക്കുന്നത്. സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം സിജെപി നേതാവ് അഭിജിത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.


Click it and Unblock the Notifications