സോനം വാങ്ചുക്കിന്റെ ജീവൻ ഈ രാജ്യത്തിന് വിലപ്പെട്ടത്, സമരം ലക്ഷ്യം കാണേണ്ടത് അനിവാര്യമെന്ന് പിണറായി
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 19 ദിവസങ്ങളായി നിരാഹാര സമരത്തിലാണ് വിദ്യാഭ്യാസ പ്രവർത്തകനായ സോനം വാങ്ചുക്ക്. അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ വഷളായിട്ടും ഇതുവരെ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നുമടക്കം വലിയ പിന്തുണയാണ് സോനം വാങ്ചുകിന് ലഭിക്കുന്നത്. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്ത് വന്നിട്ടുണ്ട്. ഈ സമരം ലക്ഷ്യം കാണേണ്ടത് നമ്മുടെ നാടിൻറെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്ന് പിണറായി കുറിക്കുന്നു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമായിരിക്കുന്നു എന്ന വാർത്ത ആശങ്കാജനകമാണ്. ശരീരഭാരം കുറഞ്ഞ്, അവയവങ്ങളുടെ പ്രവർത്തനം തന്നെ തകരാറിലാകുന്ന അപകടകരമായ അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടും കേന്ദ്ര സർക്കാർ ഇതുവരെ ഒരു ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.

കഴിഞ്ഞ 19 ദിവസമായി രാജ്യതലസ്ഥാനത്ത് യുവാക്കൾ ഈ പ്രതിക്ഷേധം നടത്തിവരികയാണ്. കേന്ദ്ര സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയിൽ നിന്നും അഴിമതിയിൽ നിന്നും വിദ്യാഭ്യാസ മേഖലയുടെ മോചനമാണ് അവർ ആവശ്യപ്പെടുന്നത്. പരീക്ഷാ ക്രമക്കേടുകൾ കാരണം സ്വപ്നങ്ങൾ തകർന്ന് ജീവനൊടുക്കിയ തങ്ങളുടെ സഹോദരങ്ങൾക്ക് നീതി ലഭിക്കാനായാണ് അവർ ഒത്തുചേർന്നിരിക്കുന്നത്.
ബിജെപിയുടെ സ്തുതിപാഠകരായ മാധ്യമങ്ങൾ അവഗണിച്ചിട്ടും ഈ സമരം ഈ രാജ്യത്തിൻറെ ആകെ പ്രതിഷേധ ശബ്ദമായി വളർന്നിരിക്കുന്നു. എന്നാൽ വിദ്യാർത്ഥികളുടെ കണ്ണീരിനോട് മാത്രമല്ല, മരണത്തെ മുഖാമുഖം കാണുന്ന ഒരു പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാർ തികഞ്ഞ നിസ്സംഗതയാണ് പുലർത്തുന്നത്. സർക്കാരിന്റെ ഈ കടുത്ത അനാസ്ഥയ്ക്കെതിരെ ഡൽഹി ഹൈക്കോടതിക്ക് തന്നെ ശക്തമായി ഇടപെടേണ്ടി വന്നത് ഭരണകൂടത്തിന്റെ പരാജയത്തിന്റെ ആഴം വ്യക്തമാക്കുന്നു.
നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഒരു പൗരൻ്റെ ജീവൻ സംരക്ഷിക്കാൻ രാജ്യത്തെ പരമോന്നത നീതിപീഠങ്ങൾക്ക് സർക്കാരിനെ ശാസിക്കേണ്ടി വരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് തീർത്തും ലജ്ജാകരമാണ്. സോനം വാങ്ചുക്കിന്റെ ജീവൻ ഈ രാജ്യത്തിന് വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇനിയും വഷളാകാൻ കേന്ദ്രസർക്കാർ അനുവദിക്കരുത്. അതോടൊപ്പം അഴിമതികളാൽ തകർന്നടിഞ്ഞ വിദ്യാഭ്യാസ സംവിധാനത്തെ ശുദ്ധീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം.
ഈ സമരം ലക്ഷ്യം കാണേണ്ടത് നമ്മുടെ നാടിൻറെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഈ ജനകീയ പോരാട്ടത്തിനും അതിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി മുന്നോട്ടുവന്ന സോനം വാങ്ചുക്കിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു''.














Click it and Unblock the Notifications