തന്റെ ഭര്‍ത്താവ് മണ്ണിന്റെ മക്കള്‍ക്കായി നിലകൊള്ളുന്നയാള്‍; രാഷ്ട്രപതിക്ക് കത്തെഴുതി സോനം വാങ്ചുകിന്റെ ഭാര്യ
ലേ: ലഡാക്കില്‍ നാലു പേരുടെ മരണത്തിന് ഇടയാക്കിയ ജെന്‍ സി പ്രക്ഷോഭത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ ആണ് ഭര്‍ത്താവിന്റെ മോചനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചത്.
പരിസ്ഥിതി പ്രവര്‍ത്തകനായ സോനം നിലവില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലാണ് കഴിയുന്നത്. മൂന്നു പേജുള്ള കത്താണ് ഗീതാഞ്ജലി രാഷ്ട്രപതിക്ക് അയച്ചത്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിലകൊള്ളുന്ന ആളാണ് തന്റെ ഭര്‍ത്താവെന്ന് ഗീതാഞ്ജലി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

മാതൃരാജ്യം വിട്ടു പോകാനോ ആര്‍ക്കും ഒരു ഭീഷണിയാകാനോ ഒരിക്കലും കഴിയാത്ത വ്യക്തിയാണ് തന്റെ ഭര്‍ത്താവ്്. ലഡാക്കിലെ മണ്ണിന്റെ മക്കളെ സേവിക്കുന്നതിനാണ് അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നത്. രാഷ്ട്രത്തിന് കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യത്തിനാണ് അദ്ദേഹം എക്കാലവും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുള്ളത്, ലേ ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേന അയച്ച കത്തില്‍ ഗീതാഞ്ജലി പറയുന്നു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ലേ പട്ടണത്തില്‍ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളില്‍ നാലു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലുകളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരമാണ് വാങ്ചുകിനെ കസ്റ്റഡിയിലെടുത്തത്.
തന്റെ ഭര്‍ത്താവിനെ തടങ്കലില്‍ വച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഗീതാഞ്ജലി കത്തില്‍ ആരോപിച്ചു. ഒരു സ്റ്റേഷന്‍ ഓഫീസര്‍ ഇക്കാര്യം തന്നെ അറിയിച്ചിരുന്നു. ഭര്‍ത്താവിന്റെ തടങ്കലില്‍ തനിക്ക് കടുത്ത നിരാശയും ദുഃഖവും ഉണ്ടെന്നും അദ്ദേഹത്തെ ജയിലിലേക്കു കൊണ്ടുപോകുമ്പോള്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോലും അനുവദിച്ചില്ലെന്നും ഗീതാഞ്ജലി കത്തില്‍ കുറിച്ചു.
അദ്ദേഹത്തിന് ജയിലില്‍ വസ്ത്രങ്ങളും മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നല്‍കിയിട്ടുണ്ടോ എന്നു പോലും തനിക്ക് അറിയില്ല. ജയിലില്‍ പോകുന്നതിനു മുമ്പുള്ള 15 ദിവസത്തെ ഉപവാസം അദ്ദേഹത്തെ ശാരീരികമായി ഏറെ തളര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ലഡാക്കിന്റെ മണ്ണിന്റെ മകനോട് ഇങ്ങനെ മോശമായി പെരുമാറുന്നത് പാപം മാത്രമല്ല, സമാധാനപരമായ സഹവര്‍ത്തിത്വത്തോടെ അതിര്‍ത്തികള്‍ നിര്‍മ്മിക്കുന്നതിനും ഈ അറസ്റ്റ് ഭീഷണി ഉയര്‍ത്തുന്നു. തന്റെ ഭര്‍ത്താവ് ഇന്ത്യന്‍ ആര്‍മി ഓഫീസര്‍മാര്‍ക്കും ജവാന്മാര്‍ക്കും വേണ്ടി ഷെല്‍ട്ടറുകള്‍ വരെ നിര്‍മ്മിച്ചിട്ടുണ്ടെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications