'എന്റെ ഇന്നിംഗ്‌സ് അവസാനിച്ചു..'; വിരമിക്കല്‍ പ്രഖ്യാപനവുമായി സോണിയ ഗാന്ധി
വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ നയിച്ച സോണിയ ഗാന്ധി 2017 ല്‍ ആണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. പിന്നീട് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും ഇടക്കാല അധ്യക്ഷയായിരുന്നു

റായ്പൂര്‍: സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നെന്ന സൂചന നല്‍കി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി യോഗത്തില്‍ സംസാരിക്കുന്നതിനിടെ ആണ് സോണിയ ഗാന്ധിയുടെ പ്രതികരണം. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സിന് സമാപനമായി എന്ന് സോണിയ ഗാന്ധി പറഞ്ഞു.
മന്‍മോഹന്‍ സിംഗിനൊപ്പം 2004 ലെയും 2009 ലെയും വിജയങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എനിക്ക് സംതൃപ്തിയേകി. എന്നാല്‍ തന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുന്നത് ഭാരത് ജോഡോ യാത്രയിലൂടെ എന്റെ ഇന്നിംഗ്സിന് സമാപനമാകും എന്നതാണ് എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്.

കോണ്‍ഗ്രസിന് വഴിത്തിരിവാകും
ഇത് കോണ്‍ഗ്രസിന്റെ വഴിത്തിരിവാണ് എന്നും സോണിയ ഗാന്ധി റായ്പൂരില്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് ഭാരത് ജോഡോ യാത്ര തെളിയിച്ചു എന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസും രാജ്യമാകെയും വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ ആണ് കടന്ന് പോകുന്നത്. ബി ജെ പിയും ആര്‍ എസ് എസും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കുകയും അട്ടിമറിക്കുകയും ചെയ്തു എന്നും സോണിയ ഗാന്ധി ആരോപിച്ചു

ബിജെപി ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു
കേന്ദ്രസര്‍ക്കാരിന്റെ ഏതാനും വ്യവസായികളെ മാത്രം അനുകൂലിച്ചുകൊണ്ടുള്ള നിലപാട് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായി എന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരില്‍ ഭയവും ആശങ്കയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെലുത്തുന്നത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ക്രൂരമായ ആക്രമണങ്ങള്‍ നടക്കുന്നു എന്നും സോണിയ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരെ ദയാരഹിതമായ വിവേചനം നടക്കുന്നു.

നിര്‍ണായക സമയം വന്നെത്തി
ഭരണഘടനയുടെ എല്ലാ മൂല്യങ്ങളേയും ബി ജെ പി നശിപ്പിക്കുകയാണ്. ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയില്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ കാലത്തെ ഓര്‍മിച്ച് പോകുന്നു. അന്നും ഇന്നും നമ്മള്‍ ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇത് വളരെ നിര്‍ണായകമായ സമയമാണ്. നമ്മള്‍ ഓരോരുത്തരും പാര്‍ട്ടിയോടും രാജ്യത്തോടും ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ട സമയമാണ്.

കോണ്‍ഗ്രസ് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല
കോണ്‍ഗ്രസ് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി രാജ്യത്തെ ജനങ്ങള്‍ പോരാടിയത് നമ്മളിലൂടെയാണ്. എല്ലാ വിഭാഗം ജനങ്ങളുടേയും ശബ്ദം മുഴങ്ങിയത് നമ്മളിലൂടെയാണ്. ഓരോ ഇന്ത്യക്കാരന്റേയും മഹത്വത്തിനും സ്വപ്‌നങ്ങള്‍ക്കും ജീവിതത്തിനും വേണ്ടിയാണ് നമ്മള്‍ പോരാടിയത്. മുന്നോട്ടുള്ള യാത്ര എളുപ്പമായിരിക്കില്ല. എന്നാല്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാന്‍ കഴിയും വിജയം നമ്മളുടേത് തന്നെയായിരിക്കും.

അച്ചടക്കത്തോടെ പ്രവര്‍ത്തിക്കണം
ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ആ ലക്ഷ്യത്തിലേക്ക് നമ്മള്‍ ഓരോരുത്തരും ക്രിയാത്മകമായി പ്രവര്‍ത്തിക്കണം. നമ്മള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കണം. അച്ചടക്കത്തോടെ ഓരോ പ്രവര്‍ത്തകനും ഈ പ്രവര്‍ത്തനം ഏറ്റെടുക്കണം. വ്യക്തിതാല്‍പര്യങ്ങള്‍ എല്ലാം മാറ്റിവെച്ച് ഐക്യത്തോടെയും ത്യാഗപൂര്‍ണമായ മനസോടെയും പ്രവര്‍ത്തിക്കണം എന്നും സോണിയ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications