പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പിരിച്ച് വിട്ട് സോണിയാ ഗാന്ധി
ചണ്ഡീഡഗ്: പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പിരിച്ച് വിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അതേസമയം സുനില്‍ ജാഖറിനെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തി. പാര്‍ട്ടിയും സര്‍ക്കാരുമായുള്ള സഹകരണം സാധ്യമാക്കാന്‍ 11 അംഗ ഏകോപന സമിതിക്കും സോണിയ രൂപം നല്കി.
സംസ്ഥാന സമിതിയില്‍ 36 വൈസ് പ്രസിഡന്റുമാരും 96 ജനറല്‍ സെക്രട്ടറിമാരും 68 എക്സിക്യൂട്ടീവ് അംഗങ്ങളുമാണ് ഉള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രഅമരീന്ദര് സിംഗ് സോണിയ ഗാന്ധിയെ ദില്ലിയില്‍ എത്തി കണ്ടിരുന്നു.ഇതിന് പിന്നാലെയാണ് നടപടി. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആശാ കുമാരിയാണ് 11 അംഗ സമിതിയുടെ ചെയര്‍പേഴ്സണ്‍.
അമരീന്ദര്‍ സിംഗ്, സുനില്‍ ജഖാര്‍, എഐസിസി ജനറല്‍ സെക്രട്ടറി അംബിക സോണി,മന്ത്രിമാരായ എസ്എസ് ചന്നി, എസ്എസ് അറോറ, വിജയ് ഇന്ദര്‍ സിംഗ്ല, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സന്ദീപ് സന്ദു, എംഎല്‍എമാരായ കുല്ജില് നഗ്ര, ഗുര്‍കിരാത് സിംഗ് എന്നിവരാണ് 11 അംഗ സമിതിയില്‍ ഉള്ളത്.
പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായതോടെയാണ് ഉടച്ചുവാര്‍ക്കല്‍ എന്നാണ് സൂചന. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ രാജ്യസഭ എംപിയും മുതിര്‍ന്ന നേതാവുമായ പ്രതാപ് ബജ്വ രംഗത്തെത്തിയിരുന്നു. കാപ്റ്റന്‍ മുക്ത് കോണ്‍ഗ്രസ് ആണ് പഞ്ചാബില്‍ വേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ ബജ്വ ആവശ്യപ്പെട്ടത്.അതേസമയം പ്രസിഡന്റ് ജാഖറിനേയും തത്സ്ഥാനത്ത് നിന്ന് മാറ്റിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമരീന്ദര്‍ സിംഗും ജാഗറും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം.