തെരഞ്ഞെടുപ്പ്; എല്ലാ സംസ്ഥാനങ്ങളിലും അടികിട്ടിയത് കോണ്‍ഗ്രസിന്
ദില്ലി: നാല് സംസ്ഥാനങ്ങളിലേക്കും പോണ്ടിച്ചേരിയിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കനത്ത അടികിട്ടയത് കോണ്‍ഗ്രസിന്. ദേശീയ രാഷ്ട്രീയത്തില്‍ അടിതെറ്റുമ്പോഴും കേരളത്തില്‍ പിടിച്ചുനിന്ന കോണ്‍ഗ്രസ് ഇടതുപക്ഷത്തിന്റെ കുതിപ്പില്‍ തകര്‍ന്നടിയുകയായിരുന്നു. അസമിലും, ബംഗാളിലും, തമിഴ് നാട്ടിലും സമാനമാണ് അവസ്ഥ.
കേരളത്തില്‍ 39 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ 23 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. കനത്ത തോല്‍വിയായാണ് ഇത് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം വിലയിരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ആത്മപരിശോധന നടത്തുമെന്നാണ് ഇതുസംബന്ധിച്ച് സോണിയാ ഗാന്ധിയുടെ ആദ്യ പ്രതികരണം.

44 സീറ്റുകളാണ് ബംഗാളില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. സിപിഎമ്മുമായുള്ള പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവിടെ വിജയിച്ചില്ല. അസമിലാകട്ടെ നീണ്ട നാളത്തെ കോണ്‍ഗ്രസ് ഭരണത്തിന് അറുതികുറിച്ച് ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. 26 സീറ്റുകളില്‍മാത്രമാണ് ഇവിടെ കോണ്‍ഗ്രസിന് ജയിക്കാനായത്. 60 സീറ്റുകള്‍ നേടിയ ബിജെപി ഭരണത്തിലേറുകയും ചെയ്തു.
കോണ്‍ഗ്രസിന് അല്‍പമെങ്കിലും ആശ്വസിക്കാന്‍ വകയുള്ളത് പോണ്ടിച്ചേരിയില്‍ മാത്രമാണ്. 30 സീറ്റില്‍ 15 എണ്ണം ഇവിടെ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് ഭരണം പിടിച്ചെടുക്കാമെന്ന കരുതിയിരുന്നെങ്കിലും എഐഎഡിഎംകെ അവിടെ വീണ്ടും അധികാരത്തിലെത്തുകയാണ് ചെയ്തിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും ഭരണം പോയശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് അണികളില്‍ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്കയെ നേതൃസ്ഥാനത്ത് എത്തിക്കണമെന്ന ചില നേതാക്കളുടെ ആവശ്യം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications