കോൺഗ്രസ് മുട്ടുമടക്കില്ല! മോദിക്ക് അധികാര ലഹരി! ബിജെപിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി...
ജനങ്ങൾക്ക് കോൺഗ്രസിനെ ആവശ്യമാണ്. രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ഗുജറാത്തിലെയും തിരഞ്ഞെടുപ്പുകളിൽ അത് വ്യക്തമായതാണ്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. മോദി സർക്കാരിന് അധികാര ലഹരിയും ധാർഷ്ട്യവുമാണെന്ന് പറഞ്ഞ സോണിയ ഗാന്ധി, ബിജെപിക്ക് മുന്നിൽ കോൺഗ്രസ് ഒരിക്കലും മുട്ടുമടക്കില്ലെന്നും വ്യക്തമാക്കി. ദില്ലിയിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സോണിയ ഗാന്ധി മോദിയെയും ബിജെപിയെയും കടന്നാക്രമിച്ചത്.
ബിജെപിയുടെ ഏകാധിപത്യ രീതിക്കെതിരെ മുന്നിൽ നിന്ന് പോരാടണമെന്നും, കോൺഗ്രസ് വെറുമൊരു രാഷ്ട്രീയ പാർട്ടി മാത്രമല്ല, ഒരു പ്രസ്ഥാനമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് ഇല്ലാത്ത ഇന്ത്യയല്ല ജനങ്ങൾ ആഗ്രഹിക്കുന്നത്. അവർക്ക് വേണ്ടത് അഴിമതിയും കൊലപാതകങ്ങളുമില്ലാത്ത ഇന്ത്യയാണ്. ജനങ്ങൾക്ക് കോൺഗ്രസിനെ ആവശ്യമാണ്. രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും ഗുജറാത്തിലെയും തിരഞ്ഞെടുപ്പുകളിൽ അത് വ്യക്തമായതാണ്. വരാനിരിക്കുന്ന കർണ്ണാടക തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിക്കുക തന്നെ ചെയ്യും-സോണിയ ഗാന്ധി പറഞ്ഞു.

മോദി സർക്കാരിന് ഏകാധിപത്യ സ്വഭാവമാണുള്ളത്. രാഷ്ട്രീയ എതിരാളികളെ അവർ വേട്ടയാടുന്നു. കള്ളക്കേസിൽ കുടുക്കുന്നു. ഇന്ത്യൻ ഭരണഘടനയോട് അവർക്ക് അനാദരവാണ്. മാധ്യമങ്ങളെ നിരന്തരം ഉപദ്രവിക്കുന്നു. അതിനാൽ ഈ അധികാര ധാർഷ്ട്യത്തിനെതിരെ പോരാടാൻ കോൺഗ്രസിനെ സാധിക്കു. മോദിയെയും അദ്ദേഹത്തിന്റെ തട്ടിപ്പുകളെയും നമ്മൾ തെളിവ് സഹിതം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടണം- സോണിയ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കി.
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിച്ച സോണിയ ഗാന്ധി, മകനും പാർട്ടി അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിയെക്കുറിച്ചും പരാമർശിച്ചു. ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയത്താണ് രാഹുൽ ഗാന്ധി പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്തിരിക്കുന്നതെന്നും, രാഹുലിന് എല്ലാവിധ ആശംസകൾ നേരുന്നുവെന്നും സോണിയ പറഞ്ഞു.












Click it and Unblock the Notifications