സോൻപ്രയാഗ്-കേദാർനാഥ് റോപ് വേ; നിർമ്മാണ ചുമതല അദാനി എന്‌റർപ്രൈസ് ലിമിറ്റഡിന്
സോൻപ്രയാഗിനെ കേദാർനാഥുമായി ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതിയുടെ നിർമ്മാണത്തിനുള്ള കരാർ സ്വന്തമാക്കി അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. നാഷണൽ ഹൈവേയ്‌സ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡ് (എൻഎച്ച്എൽഎംഎൽ) ആണ് കരാർ എഇഎല്ലിന് നൽകിയത്.അദാനി എന്റർപ്രൈസസിന്റെ റോഡ്, മെട്രോ, റെയിൽ, ജല വിഭാഗം ആയിരിക്കും ഈ പദ്ധതിയുടെ നിർമ്മാണ ചുമതല നിർവഹിക്കുക.
12.9 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോപ്‌വേ യാഥാർത്ഥ്യമാകുന്നതോടെ, ദുഷ്കരമായ 9 മണിക്കൂർ കാൽനടയാത്ര വെറും 36 മിനിറ്റായി കുറയും. ഇത് തീർത്ഥാടനം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കും.മണിക്കൂറിൽ 1,800 യാത്രക്കാരെ ഓരോ ദിശയിലും വഹിക്കാൻ റോപ്‌വേയ്ക്ക് കഴിയും. പ്രതിവർഷം ഏകദേശം 20 ലക്ഷം തീർത്ഥാടകർ കേദാർനാഥ് സന്ദർശിക്കുന്നുവെന്നാണ് കണക്കുകൾ.

നാഷണൽ റോപ്‌വേയ്‌സ് ഡെവലപ്‌മെന്റ് പ്രോഗ്രാം - പർവതമാല പരിയോജനയുടെ ഭാഗമാണ് ഈ റോപ്‌വേ. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിക്കുന്ന ഈ പദ്ധതി പൂർത്തിയാക്കാൻ ആറ് വർഷമെടുക്കും. നിർമ്മാണത്തിനുശേഷം 29 വർഷത്തേക്ക് എഇഎൽ ആയിരിക്കും ഇതിന്റെ പ്രവർത്തനം നടത്തുക. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ടൂറിസം വർദ്ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേദാർനാഥ് റോപ്‌വേ ഒരു എഞ്ചിനീയറിംഗ് പദ്ധതി എന്നതിലുപരി, ഭക്തിയും ആധുനിക അടിസ്ഥാന സൗകര്യങ്ങളും തമ്മിലുള്ള ഒരു പാലമാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രതികരിച്ചു.കേദാർനാഥ് യാത്ര സുരക്ഷിതവും വേഗമേറിയതും എളുപ്പവുമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. എൻ.എച്ച്.എൽ.എം.എൽ (NHLML) വഴിയും സംസ്ഥാന സർക്കാരുമായി സഹകരിച്ചും ഉത്തരാഖണ്ഡിലെ ജനങ്ങളെ പിന്തുണയ്ക്കാൻ ഇത് സഹായകമാകും. രാജ്യത്തിന് പ്രയോജനകരമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നത്', അദാനി പറഞ്ഞു.












Click it and Unblock the Notifications