രാഷ്ട്രീയമല്ല, ക്രിക്കറ്റാണ് എന്റെ മേഖല: ഗാംഗുലി
കൊല്‍ക്കത്ത: വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന ബിജെപിയുടെ ക്ഷണം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നിരസിച്ചു. രാഷ്ട്രീയമല്ല, ക്രിക്കറ്റാണ് തന്റെ മേഖലയെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചാല്‍ കായിക മന്ത്രിയാക്കാമെന്ന് വാഗ്ദാനവുമായി ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ സാക്ഷാല്‍ മോഡി തന്നെയാണ് ഗാംഗുലിയെ സമീപിച്ചത്. ഇക്കാര്യം ഗംഗുലി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വരും തിരഞ്ഞെടുപ്പില്‍ ബിജെപി തന്നെയാണ് ജയിക്കുക എന്ന ഉറപ്പോടു കൂടിയായിരുന്നു ബംഗാളില്‍ മത്സരിക്കാന്‍ ഗാംഗുലിയെ മോഡി ക്ഷണിച്ചത്.

എന്നാല്‍ വിഷയത്തില്‍ താന്‍ തീരുമാമൊന്നും എടുത്തിട്ടില്ലെന്നാണ് ഗാംഗുലി ആദ്യം പ്രതികരിച്ചത്. ബംഗാളില്‍ നിലവില്‍ ബിജെപിക്ക് ഒരൊറ്റ സീറ്റ് മാത്രമെയുള്ളൂ. പശ്ചിമ ബംഗാളിലാകട്ടെ കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഗാഗംലിക്ക് ആരാധകരുടെ പ്രവാഹവും. ബംഗാള്‍ കടുവയെന്നും ഗാംഗുലിയെ വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ഇതിഹാസ താരം സച്ചിനെ കോണ്‍ഗ്രസ് പാട്ടിലാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കവെയാണ് ഗാംഗുലിക്ക് വേണ്ടി ബിജെപി വലവിരിച്ചത്. നേരത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ് ടിക്കറ്റിലും നവ് ജോത് സിംഗ് സിദ്ദു ബിജെപി ടിക്കറ്റിലും മത്സരിച്ച് ലോക്‌സഭയില്‍ എത്തിയത് മോഡിയ്ക്ക് പ്രചോദനമായി.












Click it and Unblock the Notifications