കോണ്‍ഗ്രസ്-എസ്പി സഖ്യമില്ലേ? പ്രിയങ്ക എസ്എംഎസ് അയച്ചു, ദൂതനെ വിട്ടു; അഖിലേഷ് മിണ്ട്ണില്ല
അവസാന നീക്കമെന്നോണമാണ് യുപി മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ദൂതനെ അയച്ചിരിക്കുന്നത്.
ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഉത്തര്‍പ്രദേശിലുണ്ടാക്കാന്‍ തീരുമാനിച്ച തിരഞ്ഞെടുപ്പ് സഖ്യത്തിനുള്ള സാധ്യത മങ്ങുന്നു. അവസാന നീക്കമെന്നോണം യുപി മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ദൂതനെ അയച്ചു.
210 സ്ഥാനാര്‍ഥികള്‍ അടങ്ങുന്ന രണ്ട് പട്ടിക എസ്പി പുറത്തിറക്കിയതാണ് കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതക്ക് തിരിച്ചടിയായത്. ഇതില്‍ ഒമ്പതെണ്ണം കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളാണ്. ഗാന്ധിമാരുടെ തട്ടകമായ അമേത്തിയിലെയും റായ്ബറേലിയിലെയും സീറ്റുകളില്‍ എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് സഖ്യം സാധ്യതയില്ലെന്ന തോന്നലുണ്ടാക്കിയത്.

പ്രിയങ്കയുടെ ദൂതന്‍ ധീരജ് ലക്‌നൗവില്‍ ഹോട്ടലിലെത്തിയിട്ടുണ്ട്. അഖിലേഷുമായി കാണാനുള്ള അവസരം അദ്ദേഹം ചോദിച്ചിട്ടുണ്ടെങ്കിലും അഖിലേഷ് ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല. പ്രിയങ്ക വിഷയത്തില്‍ ഇടപെട്ടെന്ന് കോണ്‍ഗ്രസ് നേതാക്കളും സ്ഥിരീകരിച്ചു. എന്നാല്‍ ദൂത് സംഘത്തിലുള്ളവരെ കുറിച്ച് വ്യക്തമായ വിവരം അവര്‍ വെളിപ്പെടുത്തിയില്ല.

സഖ്യം പൊളിയാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കി. അഖിലേഷ് മുമ്പ് നല്‍കിയ ഉറപ്പില്‍ നിന്നു പിന്നാക്കം പോയെന്നും അവര്‍ കുറ്റപ്പെടുത്തി. സഖ്യം പൊളിഞ്ഞാല്‍ ഉത്തരവാദിത്തം എസ്പിയുടെ ദേശീയ അധ്യക്ഷനായിരിക്കുമെന്നു എഐസിസി വക്താവ് അജയ് മാക്കന്‍ പറഞ്ഞു.

സഖ്യം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 11 എസ്എംഎസുകളാണ് പ്രിയങ്ക അഖിലേഷിന് അയച്ചത്. എന്നാല്‍ ഒന്നിന് പോലും മറുപടി ലഭിച്ചില്ല. എസ്പിയിലെ കുടുംബ വഴക്കില്‍ അഖിലേഷ് വിജയിച്ചത് അദ്ദേഹത്തിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ അഖിലേഷ് വിട്ടുവീഴ്ചക്ക് തയ്യാറാവില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അഖിലേഷും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ചും ഇപ്പോള്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

ഇനി എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും എസ്പി നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. 100 സീറ്റ് കോണ്‍ഗ്രസിന് എസ്പി വിട്ടു നില്‍കിയെന്നായിരുന്നു നേരത്തെ നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ എസ്പി നേതാക്കള്‍ ഇപ്പോള്‍ മിണ്ടുന്നില്ല.

സഖ്യം പൊളിഞ്ഞാല്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടിയായിരിക്കും. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാന്‍ രാഹുല്‍ നടത്തിയ റോഡ് ഷോ ഗുണം കണ്ടില്ലെന്നാവും പിന്നീട് വിലയിരുത്തുക. ബിജെപിയെ തടയാനാണ് മതനിരപേക്ഷ സഖ്യത്തിന്റെ സാധ്യത ആരാഞ്ഞ് കോണ്‍ഗ്രസ് എസ്പിയുമായി ചങ്ങാത്തതിന് ശ്രമിച്ചത്.

സഖ്യസാധ്യത ഇല്ലാതാവാന്‍ നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് രാഹുല്‍ ഗാന്ധിയോട് അഖിലേഷ് ലക്‌നൗവിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. പൊതുപരിപാടി സംഘടിപ്പിച്ച് സഖ്യം പ്രഖ്യാപിക്കാനും പ്രചാരണത്തിന് തുടക്കമിടാനുമായിരുന്നു അഖിലേഷിന്റെ പദ്ധതി. എന്നാല്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല.

ആദ്യം കോണ്‍ഗ്രസ് 103 സീറ്റാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച 138 സീറ്റ് വേണമെന്ന പുതിയ ആവശ്യം ഉന്നയിച്ചത് എസ്പിക്ക് പിടിച്ചിട്ടില്ല. ഞായറാഴ്ച പ്രകടന പത്രിക ഇറക്കുമെന്ന് എസ്പി നേരത്തെ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത് നടക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് മുസ്ലിം വോട്ട് പിടിക്കാന്‍ വഴിയൊരുക്കുമെന്നായിരുന്നു എസ്പിയുടെ കരുതല്‍. മുസ്ലിം വോട്ടില്‍ തന്നെയാണ് മായാവതിയുടെ ബിഎസ്പിയും നോട്ടമിട്ടിരിക്കുന്നത്. മുസ്ലിം വോട്ടുകള്‍ ജയം നിര്‍ണയിക്കുന്ന നൂറിലധികം സീറ്റുകള്‍ ഉത്തര്‍ പ്രദേശിലുണ്ട്.












Click it and Unblock the Notifications