അഖിലേഷ് യാദവ് രാജിവച്ചേക്കും; പ്രതിപക്ഷ നേതാവാകാനില്ലെന്ന് റിപ്പോര്‍ട്ട്
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നിമയസഭാംഗത്വം രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 67500 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലായിരുന്നു ജയം. അദ്ദേഹം അസംഗഡില്‍ നിന്നുള്ള ലോക്‌സഭാംഗം കൂടിയാണ്. എംഎല്‍എ പദവി രാജിവച്ച് എംപി പദവിയില്‍ തുടരാനാണ് ആലോചന എന്നറിയുന്നു. രാജിവയ്ക്കുകയാണെങ്കില്‍ ഉത്തര്‍ പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവായി എസ്പിയുടെ മറ്റൊരു നേതാവ് എത്തും.

കേന്ദ്രമന്ത്രി എസ്പി സിങ് ബാഗേല്‍ ആയിരുന്നു കര്‍ഹാലില്‍ അഖിലേഷിനെതിരെ ബിജെപിക്ക് വേണ്ടി മല്‍സരിച്ചത്. എസ്പിക്ക് ശക്തമായ സ്വാധീനമുള്ളതിനാല്‍ ബാഗേലിന് തിളങ്ങാനായില്ല. എസ്പിയുമായി നേരത്തെ ബന്ധമുള്ള ബാഗേലിനെ കളത്തിലിറക്കിയതിലൂടെ ബിജെപി ചില രാഷ്ട്രീയ അടിയൊഴുക്കുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ച അഖിലേഷ് മികച്ച വിജയം നേടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ലോക്‌സഭാ മണ്ഡലമായ അസംഗഡില്‍ 10 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. എല്ലാത്തിലും എസ്പിയാണ് ജയിച്ചത്.
ബിജെപിക്കെതിരെ വലിയ വിജയം നേടാന്‍ സാധിക്കുമെന്നായിരുന്നു എസ്പിയുടെ വിശ്വാസം. ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞെങ്കിലും അവരുടെ തുടര്‍ ഭരണം തടുക്കാന്‍ എസ്പിക്ക് സാധിച്ചില്ല. എസ്പിക്ക് 2017ല്‍ ലഭിച്ചതിനേക്കാള്‍ സീറ്റുകള്‍ വര്‍ധിച്ചു. ബിജെപിയുടെ പല സീറ്റുകളും അവര്‍ പിടിച്ചെടുത്തു. ഭരണം ലഭിക്കുകയാണെങ്കില്‍ അഖിലേഷ് യാദവാകുമായിരുന്നു മുഖ്യമന്ത്രി. 2012 മുതല്‍ 2017 വരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ്. അന്ന് നിയമസഭാ കൗണ്‍സില്‍ വഴി അദ്ദേഹം സഭയിലെത്തുകയായിരുന്നു.
ഇത്തവണയാണ് അഖിലേഷ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. കര്‍ഹാല്‍ മണ്ഡലം എസ്പിയുടെ ശക്തികേന്ദ്രമാണ്. 2002 മുതല്‍ 2017 വരെ ഇവിടെ ജയിച്ചത് എസ്പി നേതാവ് സോബരന്‍ സിങ് യാദവ് ആയിരുന്നു. അഖിലേഷ് യാദവിന് മല്‍സരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മാറി കൊടുത്തത്. അഖിലേഷ് രാജിവയ്ക്കുകയും ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയും ചെയ്താല്‍ സോബരന്‍ തന്നെ വീണ്ടും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്പിയുടെ തട്ടകമായ മെയിന്‍പുരി ജില്ലയിലാണ് കര്‍ഹാല്‍ മണ്ഡലം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 255 സീറ്റാണ് ലഭിച്ചത്. എസ്പിക്ക് 111 സീറ്റുകളും ലഭിച്ചു. 2017ല്‍ ബിജെപിക്ക് 300ലധികം സീറ്റുകളുണ്ടായിരുന്നു. ഇതില്‍ നിന്ന് ഇടിയുകയാണ് ചെയ്തതിപ്പോള്‍. അതേസമയം, എസ്പിക്ക് 50ല്‍ താഴെ സീറ്റുകളാണ് 2017ല്‍ കിട്ടിയത്. അതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ഇത്തവണ എസ്പി നേടി.












Click it and Unblock the Notifications