13 ൽ നിന്ന് 42 ലേക്ക് കുതിച്ച് എസ്പി; പൂർവാഞ്ചലിൽ എസ്പിയുടെ മിന്നും പ്രകടനം..വാരണാസി കോട്ട കാത്ത് ബിജെപി
ദില്ലി; ഉത്തർപ്രദേശിൽ ബി ജെ പിക്കെതിരെ ശക്തമായ മത്സരം നടന്ന മേഖലയാണ് പൂർവാഞ്ചാൽ അഥവ പടിഞ്ഞാറൻ യുപി. ഒബിസി വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഇത്തവണ മിന്നും പ്രകടനാണ് എസ് പി കാഴ്ച വെച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ ബി ജെ പിക്ക് ഒപ്പമുണ്ടായിരുന്ന ഒ പി രാജ്ഭറിന്റെ എസ് ബി എസ് പി ഇത്തവണ എസ് പി സഖ്യത്തിനൊപ്പമായിരുന്നു. പ്രദേശത്തെ ജനസംഖ്യയില്‍ 17-18 ശതമാനം വരെ രാജ്ഭര്‍ സമുദായാംഗങ്ങളാണ്. ഇതെല്ലാം എസ്പിയുടെ മുന്നേറ്റത്തെ തുണച്ചെന്ന് വേണം കരുതാൻ.

2017ൽ കിഴക്കൻ യുപിയിലെ 18 ജില്ലകളിലെ 107 സീറ്റുകളിൽ 13 സീറ്റുകളിൽ മാത്രമായിരുന്നു സമാജ്വാദി പാർട്ടി വിജയിച്ചത്. എന്നാൽ ഇത്തവണ 42 സീറ്റുകളിൽ വിജയിക്കാൻ അഖിലേഷിന്റെ പാർട്ടിക്ക് കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം107ൽ 80 സീറ്റുകളും നേടിയപ്പോൾ ഇക്കുറി അത് 63 സീറ്റുകളായി കുറഞ്ഞു. അതേസമയം 2019ൽ കിഴക്കൻ യുപിയിൽ നാല് ലോക്‌സഭാ സീറ്റുകൾ നേടിയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ ഇക്കുറി ബി എസ് പി തകർന്നടിയുന്നതായിരുന്നു കാഴ്ച.

കിഴക്കൻ യുപി ജില്ലകളായ ഗോരഖ്പൂർ, ദിയോറിയ, കുഷിനഗർ, സന്ത് കബീർ നഗർ എന്നിവിടങ്ങളിലെ 26 സീറ്റുകളും സിദ്ധാർത്ഥനഗർ, മഹാരാജ്ഗഞ്ച് ജില്ലകളിലെ 10 സീറ്റുകളിൽ ഏഴും ബിജെപി തൂത്തുവാരി. നേരത്തെ ഗൊരഖ്പൂർ എംപിയും ഇപ്പോൾ ഗോരഖ്പൂർ സദറിൽ നിന്നുള്ള എംഎൽഎയുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോട്ടയാണ് ഇവിടെ. അപ്പർ പൂർവാഞ്ചൽ മേഖലയിൽ 2017 നെ അപേക്ഷിച്ച് ഒരു സീറ്റ് മാത്രമാണ് ബി ജെ പിക്ക് അധികമായി നേടാൻ സാധിച്ചത്. കഴിഞ്ഞ തവണ 32 സീറ്റുകളായിരുന്നു ഇവിടെ നിന്നും ബി ജെ പി സഖ്യത്തിന് ലഭിച്ചത്. ബി ജെ പി സഖ്യകക്ഷിയായ നിഷാദ് പാർട്ടിയ്ക്കാണ് മേഖലയിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കിയത്.

പൂർവാഞ്ചൽ മധ്യമേഖലയിലാണ് എസ് പി- സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) സഖ്യത്തിന് മിന്നും പ്രകടനം കാഴ്ചവെയ്ക്കാനായത്. അസംഗഡ്, അംബേദ്കർ നഗർ, ഗാസിപൂർ ജില്ലകളിലെ 22 സീറ്റുകളിലും മൗ, ബല്ലിയ, ബസ്തി, ജൗൻപൂർ ജില്ലകളിലെ 25ൽ 16 സീറ്റുകളിലും എസ്പി സഖ്യം വിജയിച്ചു. കഴിഞ്ഞ തവണ വെറും 11 സീറ്റുകൾ ലഭിച്ചിടത്ത് നിന്ന് 38 സീറ്റുകളാണ് സഖ്യം ഇത്തവണ സ്വതന്തമാക്കിയത്. 2017 ൽ ബി ജെ പി സഖ്യത്തിന് ലഭിച്ചത് 26 സീറ്റുകളായിരുന്നു. ഇക്കുറി അത് 8 സീറ്റുകളിലേക്ക് ഒതുങ്ങി.

2019-ൽ ഗാസിപൂർ, ജൗൻപൂർ, ലാൽഗഞ്ച്, ഘോസി എന്നീ നാല് ലോക്‌സഭാ സീറ്റുകൾ നേടിയ ബിഎസ്‌പിയാണ് പൂർവാഞ്ചലിൽ വലിയ തിരിച്ചടി നേരിട്ടത്. ഇത്തവണ ഒരു നിയമസഭാ സീറ്റിൽ മാത്രമായി പാർട്ടി ചുരുങ്ങി. 2019 ലെ ബി എസ് പിയുടെ വിജയം എസ് പിയുടെ ചിറകിലേറിയാണെന്ന് വേണം വിലയിരുത്താൻ.

24 സീറ്റുകളുള്ള ലോവർ പുർവാഞ്ചൽ ബിജെപിയുടെ കോട്ടയായി ഇത്തവണയും നിലകൊണ്ടു. വാരാണസി, മിർസാപൂർ, സോൻഭദ്ര, വാരാണസി ജില്ലകളിലെ എല്ലാ മണ്ഡലങ്ങളിലും സന്ത് രവിദാസ് നഗർ, ചന്ദൗലി എന്നിവിടങ്ങളിലെ ഏഴിൽ അഞ്ച് സീറ്റുകളും ബിജെപി നേതൃത്വത്തിലുള്ള സഖ്യം ഇത്തവണ 22 സീറ്റുകൾ നേടി.2017 ന് സമാനമായ മുന്നേറ്റമായിരുന്നു പാർട്ടി ഇവിടെ കാഴ്ച വെച്ചത്. മേഖലയിൽ രണ്ട് സീറ്റുകൾ മാത്രമാണ് സമാജ്വാദി പാർട്ടിക്ക് നേടാൻ സാധിച്ചത്.












Click it and Unblock the Notifications