എസ്പി നേരിട്ടത് കനത്ത തിരിച്ചടി; 2 സീറ്റും പിടിച്ചെടുത്ത് ബിജെപി, പഞ്ചാബില്‍ ആപ്പിനും ഷോക്ക്
ദില്ലി: 3 ലോക്സഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സിറ്റിങ് പാർട്ടികള്‍ക്ക് കനത്ത തിരിച്ചടി. ഉത്തർപ്രദേശിലെ രാംപൂർ, അസംഗഡ് മണ്ഡലങ്ങളിലും പഞ്ചാബിലെ സംഗ്രൂർ മണ്ഡലത്തിലുമാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ യുപിയിലെ രണ്ട് സീറ്റ് എസ്പിയില്‍ നിന്നും ബിജെപി പിടിച്ചെടുത്തപ്പോള്‍ പഞ്ചാബിലെ സീറ്റ് എഎപിയില്‍ നിന്നും ശിരോമണി അകാലിദള്‍ (അമൃത്സർ) ഉം പിടിച്ചെടുക്കുകയായിരുന്നു. 2014-ലെയും 2019-ലെയും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ സംഗ്രൂർ സീറ്റിൽ എഎപി നേതാവും മുഖ്യമന്ത്രിയുമായ ഭഗവന്ത് മാനായിരുന്നു വിജയിച്ചത്. മാന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എഎപി വിജയം ഉറപ്പിച്ച മണ്ഡലമായിരുന്നു സംഗ്രൂർ.
നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് ശേഷം പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ (എഎപി) ജനപ്രീതി പരീക്ഷിക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു സംഗ്രൂറിലേത്. ആം ആദ്മി പാർട്ടിയുടെ സംഗ്രൂർ ജില്ലയുടെ ചുമതലയുള്ള ഗുർമെയിൽ സിങ്ങിനെ മത്സരിപ്പിച്ചപ്പോള്‍ ശിരോമണി അകാലിദൾ (അമൃത്സർ) സിമ്രൻജിത് സിങ് മാനിലൂടെ മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് മുൻ ധുരി എംഎൽഎ ദൽവീർ സിംഗ് ഗോൾഡിയും ബിജെപി സ്ഥാനാർത്ഥി ജൂൺ 4 ന് പാർട്ടിയിൽ ചേർന്ന ബർണാല മുൻ എംഎൽഎ കേവൽ ധില്ലനുമായിരുന്നു. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബൽവന്ത് സിംഗ് രജോനയുടെ സഹോദരി കമൽദീപ് കൗറിനെയാണ് എസ്എഡി സ്ഥാനാർത്ഥിയാക്കിയിരുന്നത്
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി നേതാവ് അസം ഖാനും യഥാക്രമം അസംഗഢ്, രാംപൂർ സീറ്റുകളിൽ നിന്ന് രാജിവച്ചതിനെ തുടർന്നാണ് ഉത്തർപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ രണ്ട് സീറ്റിലും എസ് പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. അടുത്തിടെ പാർട്ടിയിൽ ചേർന്ന ഘനശ്യാം സിംഗ് ലോധിയെയാണ് രാംപൂരിൽ ബി.ജെ.പി സ്ഥാനാർഥിയാക്കയപ്പോള്‍. അസം ഖാന്റെ നോമിനിയായ അസിം രാജയായിരുന്നു എസ്പി സ്ഥാനാർത്ഥി. ഫലം വന്നപ്പോള്‍ ബി ജെ പി 40000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു.
ബിജെപിയുടെ ദിനേഷ് ലാൽ യാദവ് 'നിർഹുവ' എസ്പിയുടെ ധർമ്മേന്ദ്ര യാദവ്, ഗുഡ്ഡു ജമാലി എന്നറിയപ്പെടുന്ന ബിഎസ്‌പിയുടെ ഷാ ആലം എന്നിവർ തമ്മിലായിരുന്നു അസംഗഡിലെ മത്സരം. എസ് പിയുടെ കുത്തക മണ്ഡലമായ ഇവിടെ പതിനായിരത്തിലേറെ വോട്ടിന് ബി ജെ പി വിജയിച്ചെന്നാണ് അനൌദ്യോഗിക റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം വിജയം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications