നിങ്ങളാരാണ് അനുവാദം നല്‍കാന്‍? രാഹുലിനെ ചോദ്യം ചെയ്ത് സ്പീക്കര്‍... അതിന് ഞാനുണ്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് ക്ലാസെടുത്ത് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. പ്രസംഗ മധ്യേ ബിജെപി എംപിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയ രാഹുല്‍ ഗാന്ധിയുടെ നടപടിയെ ആണ് സ്പീക്കര്‍ ചോദ്യം ചെയ്തത്. ആരാണ് സംസാരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് സ്പീക്കറാണെന്നും ഓം ബിര്‍ള വ്യക്തമാക്കി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് ഈ സംഭവങ്ങള്‍.

നന്ദി പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കവെ ബിജെപി എംപി കമലേഷ് പാസ്വാന്‍ എഴുന്നേല്‍ക്കുകയും ഒരു കാര്യം പറയാനുണ്ടെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ വേളയില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ രാഹുല്‍ അവസരം നല്‍കുകയായിരുന്നു. ഞാന്‍ ജനാധിപത്യവാദിയാണ്. മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ ഞാന്‍ അവസരം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തു. ഇതാണ് സ്പീക്കളെ ചൊടിപ്പിച്ചത്.
മറ്റുള്ളവര്‍ക്ക് അവസരം നല്‍കാന്‍ താങ്കളാര് എന്ന് സ്പീക്കര്‍ ഓം ബിര്‍ള ചോദിച്ചു. മറ്റുള്ളവര്‍ക്ക് സംസാരിക്കുന്നതിന് അവസരം നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. അത് എന്റെ അവകാശമാണ്. ചെയറാണ് ആര് സംസാരിക്കണമെന്ന് തീരുമാനിക്കേണ്ടത് എന്ന് ഓം ബിര്‍ള പറഞ്ഞു. പാര്‍ലമെന്റിന്റെ നടപടിക്രമങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയെ രാജഭരണത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അതിന് ഒരിക്കലും സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ബിജെപി കേന്ദ്രങ്ങളില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിരുന്നു. രാജഭരണത്തില്‍ ആരെയും രാജാവ് ശ്രദ്ധിക്കില്ല. ഈ സാഹചര്യമാണ് രാജ്യത്തുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിന് തൊട്ടുമുമ്പാണ് ബിജെപി അംഗം കമലേഷ് പാസ്വാന്‍ സംസാരിച്ചത്. ബിജെപിയിലെ ദളിത് നേതാവാണ് കമലേഷ്. ദളിത് അംഗമായ കമലേഷ് തെറ്റായ പാര്‍ട്ടിയിലാണുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വേളിയിലാണ് കമലേഷ് തനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് ആവശ്യപ്പെട്ടത്.
നിങ്ങള്‍ ആരെയും കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. ബിജെപിയിലെ എന്റെ സഹോദരീ സഹോദരന്മാരെ പോലും ശ്രദ്ധിക്കുന്നില്ല. ദളിത് സഹപ്രവര്‍ത്തകനായ കമലേഷ് പാസ്വാന്‍ സംസാരിക്കുന്നത് കണ്ടു. പാസ്വാന് ദളിതുകളുടെ ചരിത്രം അറിയാം. 3000 വര്‍ഷം ദളിതുകളെ അടിച്ചമര്‍ത്തിയത് ആരാണെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്താണ് അദ്ദേഹത്തിന്റെ മനസിലുള്ളത് അത് അദ്ദേഹം എന്നോട് സംസാരിച്ചു. എന്നാല്‍ അദ്ദേഹം നിലവിലുള്ളത് തെറ്റായ പാര്‍ട്ടിയിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ വേളയില്‍ ലോക്‌സഭയില്‍ ആകെ ബഹളമായി. കമലേഷ് പാസ്വാന്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടയില്‍ സംസാരിക്കരുത് എന്ന് സ്പീക്കര്‍ പറഞ്ഞു. ഈ വേളയിലാണ് പാസ്വാന് സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയത്. തുടര്‍ന്നാണ് സ്പീക്കര്‍ രാഹുലിന് ചട്ടങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചത്.












Click it and Unblock the Notifications