ലോക്‌സഭ നിരന്തരം തടസ്സപ്പെടുന്നു; സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് അതൃപ്തി, സഭാ നടപടികളില്‍ പങ്കെടുക്കില്ല?
ന്യൂഡല്‍ഹി: പാര്‍ലമെന്റ് നിരന്തരം തടസ്സപ്പെടുന്നതില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അതൃപ്തി. അദ്ദേഹം സഭാ നടപടികളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിപക്ഷ-ഭരണ എംപിമാരുടെ നടപടികളിലാണ് ലോക്‌സഭാ സ്പീക്കര്‍ അതൃപ്തിയറിയിച്ചിരിക്കുന്നത്. ഇരുവിഭാഗവും പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നുവെന്നും, മാന്യതയില്ലാതെ പെരുമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള സെഷനുകളില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സഭയുടെ മാന്യതയ്ക്ക് നിരക്കുന്ന രീതിയില്‍ ഇരുവിഭാഗവും പെരുമാറിയാല്‍ മാത്രമേ സഭാ നടപടികളില്‍ ഇനി പങ്കെടുക്കൂ എന്ന നിലപാടിലാണ് സ്പീക്കര്‍. അതേസമയം ഇന്ന് സഭാ നടപടികള്‍ ആരംഭിച്ച സമയത്ത് സ്പീക്കറുടെ സീറ്റില്‍ ഓം ബിര്‍ള ഉണ്ടായിരുന്നില്ല. എന്നാല്‍ സഭയില്‍ പതിവ് പോലെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഇതോടെ ലോക്‌സഭ രണ്ട് മണിവരെ ആദ്യം പിരിഞ്ഞു.

അതിന് ശേഷം വീണ്ടും പ്രതിഷേധം ഉയര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. പ്രതിപക്ഷമാണ് ഇന്ന് പ്രതിഷേധത്തില്‍ മുന്നില്‍ നിന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇതുവരെ ഈ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെ സാഹചര്യത്തില്‍ വിശദീകരണം നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഇന്ന് ലോക്‌സഭയില്‍ സ്പീക്കര്‍ക്ക് പകരം ബിജെപി എംപി കിരിത് സോളങ്കിയാണ് സഭാ നടപടികള്‍ നിയന്ത്രിച്ചത്. പ്രതിപക്ഷ അംഗങ്ങളോട് ബഹളം നിര്‍ത്തണമെന്ന് സോളങ്കി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബഹളം അവസാനിക്കാത്തതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഡല്‍ഹി ഓര്‍ഡിനന്‍സ് ഇന്നായിരുന്നു ലോക്‌സഭയില്‍ അവതരിപ്പിക്കേണ്ടത്. എന്നാല്‍ സഭ പിരിഞ്ഞതോടെ ഇന്ന് അത് ചര്‍ച്ചയ്ക്ക് വന്നില്ല. വോട്ടെടുപ്പും നടന്നില്ല. പ്രതിപക്ഷം ഡല്‍ഹി ഓര്‍ഡിനന്‍സില്‍ അടക്കം സര്‍ക്കാരിനെതിരെ പ്രതിഷേധത്തിലാണ്. രാജ്യസഭയില്‍ വിവിധ കക്ഷികള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചിട്ടുമുണ്ട്.
പ്രതിപക്ഷത്തിന്റെയും, ട്രഷറി ബെഞ്ചിന്റെയും പെരുമാറ്റത്തില്‍ സ്പീക്കര്‍ കടുത്ത അതൃപ്തിയിലാണ്. ചൊവ്വാഴ്ച്ച ബില്‍ പാസാക്കുന്നതിനിടെയുള്ള ഇവരുടെ പെരുമാറ്റത്തെ തുടര്‍ന്നാണ് സ്പീക്കര്‍ വിട്ടുനിന്നതെന്നാണ് സൂചന. പ്രതിപക്ഷത്തെയും, ട്രഷറി ബെഞ്ചിനെയും സ്പീക്കര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്നത് ശരിയല്ലെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കാതെ പ്രശ്‌നം അവസാനിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ സംസാരിക്കും. അതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന വിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.












Click it and Unblock the Notifications