5000 അടി ഉയരത്തില്‍ പറന്ന ശേഷം വിമാനത്തിനുള്ളില്‍ പുക; അടിയന്തിരമായി തിരിച്ചിറക്കി സ്‌പൈസ്‌ജെറ്റ് വിമാനം
ന്യൂദല്‍ഹി: പറന്നുയര്‍ന്നതിന് പിന്നാലെ ക്യാബിനുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്നും ജബല്‍പുരിലേക്ക് പോയ വിമാനമാണ് ഇന്ന് രാവിലെ തിരിച്ചിറക്കിയത്. വിമാനത്തിനുള്ളില്‍ പുകയുണ്ടായതിനെ തുടര്‍ന്ന് 5000 അടി ഉയരത്തില്‍ നിന്നാണ് വിമാനം തിരിച്ചിറക്കിയത്.
വിമാന ജീവനക്കാരിലൊരാളാണ് പുക വരുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ക്യാബിന്‍ മുഴുവനും പുക നിറഞ്ഞിരുന്നു എന്നും ചിലര്‍ക്ക് ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഞങ്ങളുടെ വിമാനം രാവിലെ 6.15 നായിരുന്നു, 2-3 മിനിറ്റിനുശേഷം ഞങ്ങള്‍ക്ക് എന്തോ മണം അനുഭവപ്പെട്ടു.

എല്ലാവരും പരിഭ്രാന്തരാകാന്‍ തുടങ്ങി, ചിലര്‍ക്ക് ശ്വസിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അവര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ഞങ്ങള്‍ രാവിലെ 7 മണിക്ക് ഇറങ്ങി, അതിനുശേഷം എഞ്ചിന്‍ ഫാനുകളില്‍ നിന്ന് പുക വരുന്നതായി ഞങ്ങള്‍ മനസ്സിലാക്കി, സൗരഭ് ഛബ്ര എന്ന യാത്രക്കാരന്‍ പറഞ്ഞു.
വിമാനം ഉയരത്തിലേക്ക് പോകും തോറും ക്യാബിനിലെ പുക വര്‍ദ്ധിച്ചു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തില്‍ വച്ച് ആരോ സിഗരറ്റ് വലിക്കുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ ആദ്യം യാത്രക്കാരോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും, ടേക്ക് ഓഫിനു ശേഷം ഞങ്ങളുടെ സീറ്റ് ബെല്‍റ്റ് ഓണായിരുന്നതിനാല്‍ അത് സാധ്യമല്ലായിരുന്നു, അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അന്വേഷണം ആരംഭിച്ചു. 15 ദിവസത്തിനിടെ സ്പൈസ് ജെറ്റ് ഇത് രണ്ടാം തവണയാണ് അടിയന്തരമായി തിരിച്ചിറക്കുന്നത്.
ജൂണ്‍ 19 ന് ആയിരുന്നു ആദ്യത്തേത്. 185 യാത്രക്കാരുമായി പറന്ന വിമാനത്തിനുള്ളില്‍ മര്‍ദ്ദ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് വിമാനം തിരിച്ചിറക്കിയത്. വിമാനം ആറായിരം അടി ഉയര്‍ന്നിട്ടും അതിനനുസരിച്ചുള്ള മര്‍ദ്ദം ഉണ്ടായിരുന്നില്ല.
കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക
പിന്നാലെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്. ജൂണ്‍ 25- ന് പട്ന - ഗുവാഹത്തി സ്പൈസ് ജെറ്റ് വിമാനവും സാങ്കേതിക തകരാര്‍ മൂലം ടേക്ക് ഓഫ് നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.












Click it and Unblock the Notifications