വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; 22 പാക്, ഇന്ത്യൻ യുട്യബ് ചാനലുകൾ നിരോധിച്ച് സർക്കാർ
ദില്ലി; വ്യാജ വാർത്തകളും ഇന്ത്യ വിരുദ്ധ വാർത്തകളും പ്രചരിപ്പിച്ചത് യുട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. 18 ഇന്ത്യൻ യുട്യൂബ് ചാനലുകളും നാല് പാക് യുട്യൂബ് ചാനലുകളുമാണഅ നിരോധിച്ചത്. കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഈ യൂട്യൂബ് ചാനലുകൾ ടിവി ന്യൂസ് ചാനലുകളുടെ ലോഗോകളും തെറ്റായ തമ്പ്നെയിലുകളും ഉപയോഗിച്ചതായും വാർത്താ വിതരണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇരുപത്തിരണ്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ കൂടാതെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്‌സൈറ്റ് എന്നിവയും ബ്ലോക്ക് ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. ബ്ലോക്ക് ചെയ്‌ത യൂട്യൂബ് ചാനലുകൾക്ക് 260 കോടിയിലധികം വ്യൂവർഷിപ്പ് ഉണ്ടെന്നും ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം, പൊതു ക്രമം എന്നീ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിച്ചതായി മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ സായുധ സേന, ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാൻ ഈ യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചു. മാത്രമല്ല ഇന്ത്യ വിരുദ്ധ ഉല്ളടക്കങ്ങൾ പങ്കുവെയ്ക്കുന്ന പാക്കിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പങ്കിടുന്ന വാർത്തകളും ഇവർ സംപ്രേഷണം ചെയ്തുവെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം ഇന്ത്യയിൽ നിന്നുള്ള യുട്യൂബ് ചാനലുകൾ യുക്രൈൻ വിഷയത്തിൽ നൽകിയ റിപ്പോർട്ടുകൾ ഇന്ത്യയുടെ വിദേശ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ളതാണെന്നും സർക്കാർ വ്യക്തമാക്കി. ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യൻ യൂട്യൂബ് ചാനലുകൾ ചില ടിവി വാർത്താ ചാനലുകളുടെ ടെംപ്ലേറ്റുകളും ലോഗോകളും അവരുടെ വാർത്താ അവതാരകരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുമാണ് ഉപയോഗിച്ചതെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഐടി ചട്ടങ്ങൾ-2021, വിജ്ഞാപനം ചെയ്ത ശേഷം ആദ്യമായാണ് ഇന്ത്യൻ യൂട്യൂബ് അധിഷ്ഠിത വാർത്താ പ്രസാധകർക്കെതിരെ നടപടിയെടുക്കുന്നത്.
ഈ നടപടിയോടെ 2021 ഡിസംബർ മുതൽ ദേശ സുരക്ഷ, രാജ്യത്തിൻറെ പരമാധികാരം, അഖണ്ഡത, പൊതു ക്രമം എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയ 78 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും മറ്റ് നിരവധി സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആധികാരികവും വിശ്വസനീയവും സുരക്ഷിതവുമായ ഓൺലൈൻ വാർത്താ മാധ്യമ അന്തരീക്ഷം ഉറപ്പാക്കാനും ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയെ തുരങ്കം വെക്കുന്ന ഏതൊരു ശ്രമവും തടയാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ അറിയിച്ചു.












Click it and Unblock the Notifications