ശ്രീ ശ്രീ രവിശങ്കറിന് താലിബാന്റെ വധഭീഷണി
ദില്ലി: ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണിക്ക് പിന്നാലെ ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന് തെഹ്‌രിക്-ഇ താലിബാന്റെ വധഭീഷണി. ബെംഗളുരുവിലെ ആര്‍ട് ഓഫ് ലിവിങ് ഓഫീസില്‍ ലഭിച്ച രണ്ടു കത്തുകളിലാണ് വധഭീഷണിയുള്ളതെന്ന് ആശ്രമം അധികൃതര്‍ അറിയിച്ചു. ശ്രീ ശ്രീ രവിശങ്കറിനെയും അനുയായികളെയും സ്‌ഫോടനത്തിലൂടെ ഇല്ലാതാക്കുമെന്നാണ് കത്തിലെ ഉള്ളടക്കം.
വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ രവിശങ്കറിന്റെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇന്റലിജന്‍സ് അധികൃതര്‍ ശ്രമം തുടങ്ങി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയാകും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുക.

പാക് താലിബന്റെ ഭീഷണി നേരത്തെയും രവിശങ്കറിന് നേരെ ഉയര്‍ന്നിരുന്നു. സമാധാന സന്ദേശവുമായി പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ രവിശങ്കര്‍ സ്ഥാപിച്ച ആര്‍ട് ഓഫ് ലിവിങ് സ്ഥാപനം തീവ്രവാദികള്‍ അഗ്നിക്ക് ഇരയാക്കുകയും ചെയ്തിരുന്നു. രവിശങ്കര്‍ ഹിന്ദുമതം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു അക്രമം.
ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍ നിന്നും രവിശങ്കറിന് ഭീഷണി ലഭിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മലേഷ്യയില്‍ പരിപാടി അവതരിപ്പിച്ചാല്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഭീഷണിയെ തുടര്‍ന്ന് പോലീസ് കനത്ത സുരക്ഷ നല്‍കിയാണ് രവിശങ്കര്‍ മലേഷ്യന്‍ പരിപാടി പൂര്‍ത്തിയാക്കിയത്. പിന്നീട് ഭീഷണി സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.












Click it and Unblock the Notifications