ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിയില്‍ മോഷണം; മലയാളികള്‍ അറസ്റ്റില്‍!
ദില്ലി: ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ വിശ്വ സാംസ്‌കാരികോത്സവവുമായി ബന്ധപ്പെട്ട 70ലധികം മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സാംസ്‌കാരിക പ്രവര്‍ത്തകരും മതനേതാക്കളും എത്തിയ ഒരു പരിപാടിയിലാണ് ഇത്രയും കേസുകള്‍ എന്നോര്‍ക്കണം. ദില്ലി പോലീസ് 70 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
മോഷണക്കേസുകളുമായി ബന്ധപ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ മറ്റുള്ളവര്‍. പണം, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ സാധനങ്ങളാണ് മോഷണം പോയത്. ഈ സംഭവം ഇല്ലാതെ തന്നെ ശ്രീ ശ്രീ രവിശങ്കറിന്റെ വിശ്വ സാംസ്‌കാരികോത്സവം വലിയ വിവാദമായി മാറിയിരുന്നു.

പരിപാടിക്ക് വേണ്ടി യമുനാതീരത്തെ പരിസ്ഥിതിക്ക് നാശം വരുത്തിയതില്‍ 5 കോടി രൂപ പിഴയടക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ രവിശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതിക്ക് നാശം വരുന്ന പരിപാടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം കൂടാതെ സംഘടിപ്പിച്ചു എന്ന ആരോപണവും നിലനില്‍ക്കുന്നു. ഇത് മാത്രമല്ല രവിശങ്കറിന്റെ പരിപാടിക്ക് പാലം പണിയാന്‍ സൈന്യത്തിന്റെ സേവനം ഉപയോഗിച്ചതും വിവാദമായിട്ടുണ്ട്.
അതേസമയം സാംസ്‌കാരികോത്സവത്തിന് വേദിയായ യമുനാതീരത്തെ പത്ത് ദിവസത്തിനുള്ളില്‍ പൂര്‍വ സ്ഥിതിയിലാക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ഇപ്പോള്‍ പറയുന്നത്. ആത്മീയ സമ്മേളനത്തിന് വേദിയാക്കിയത് കൊണ്ട് യമുനാ തീരത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും രവിശങ്കര്‍ പറയുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ആയിരക്കണക്കിന് കലാകാരന്മാരും അണിനിരന്നു.












Click it and Unblock the Notifications