ശ്രീദേവിക്ക് സംഭവിച്ചത് ആസ്പിരേഷന്‍? ബാത്ത് ടബ്ബില്‍ എങ്ങനെ മുങ്ങിമരിക്കും; മൂന്ന് കാരണങ്ങള്‍
ഒന്നുകില്‍ ബോധം നഷ്ടപ്പെട്ട് വീണതാകാം. അല്ലെങ്കില്‍ കാല് തെന്നി വീണത് മൂലം തലയിടിക്കുന്നതിലൂടെ ബോധം നഷ്ടപ്പെട്ടതാകാം.
നടി ശ്രീദേവി ദുബായിലെ ഹോട്ടലില്‍ മരിച്ചതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങാത്ത സാഹചര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കുറ്റകൃത്യം നടന്നതായി ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ദുബായ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ ചില സംശയങ്ങള്‍ സ്വാഭാവികമായി ഉയരുന്നു. അതില്‍ പ്രധാനപ്പെട്ടത് ബാത്ത് ടെബ്ബില്‍ എങ്ങനെ ഒരാള്‍ മുങ്ങിമരിക്കും എന്നതാണ്. ബാത്ത് ടെബ്ബില്‍ ഒരാള്‍ മുങ്ങിമരിക്കാന്‍ മാത്രം വെള്ളമുണ്ടാകുമോ എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവയ്ക്കുന്നു. മുങ്ങിമരിക്കാന്‍ ബാത്ത് ടെബ്ബിലെ വെള്ളം തന്നെ ധാരാളം മതി എന്നാണ് വിദഗ്ധരുടെ അഭിപ്രായം...

പുതിയ അന്വേഷണം നടക്കുന്നത്
നടി ശ്രീദേവി അപകരമായ സാഹചര്യത്തില്‍ മുങ്ങിമരിച്ചുവെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. ദുബായ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റിലും ഇക്കാര്യം തന്നെയാണ് പറയുന്നത്. പക്ഷേ, ബാത്ത് ടെബ്ബിലേക്ക് എങ്ങനെ വീണു എന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

പോസ്റ്റുമോര്‍ട്ടം
ആദ്യം ഹൃദയാഘാതം എന്ന കാരണമാണ് മരണത്തിന് പറഞ്ഞിരുന്നത്. പക്ഷേ, വിശദമായ പരിശോധനയിലാണ് ബാത്ത് ടെബ്ബില്‍ വീണ് മുങ്ങിമരിച്ചതാണെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിശദ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

സമയത്തില്‍ മാറ്റം
ശനിയാഴ്ച രാത്രി 11.30നാണ് മരിച്ചതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങള്‍. പക്ഷേ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് മരണം 10.01ന് സംഭവിച്ചിട്ടുണ്ടെന്നാണെന്ന് ഫസ്റ്റ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെയാകുമ്പോള്‍ വീണ്ടും സംശയങ്ങള്‍ ബലപ്പെടുകയാണ്.

മുങ്ങിമരണം എന്നാല്‍
മുങ്ങിമരണം എന്ന് പറയുന്നത് ശരീരം മൊത്തം വെള്ളത്തില്‍ മുങ്ങിയത് മൂലം സംഭവിക്കുന്ന ഒന്നല്ല. ശ്വാസ കോശത്തിന് അകത്ത് വെള്ളം കയറി ശ്വാസോച്ഛ്വാസം തടസപ്പെട്ടാല്‍ മതി. അതിനും മുങ്ങിമരണം എന്നു പറയും.

തലച്ചോര്‍ ഉണര്‍ന്നിരിക്കണം
ഈ സാഹചര്യത്തില്‍ ബാത്ത് ടെബ്ബിലെ വെള്ളത്തില്‍ വീണാലും മുങ്ങിമരണം സംഭവിക്കും. പക്ഷേ, തലച്ചോര്‍ ഉണര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണിത് സംഭവിക്കുന്നത് എങ്കില്‍ ശരീരം വേഗത്തില്‍ പ്രതികരിക്കും.

അബോധാവസ്ഥയിലാണെങ്കില്‍
പക്ഷേ, അബോധാവസ്ഥയിലാണെങ്കില്‍, തലച്ചോര്‍ ഉണര്‍ന്നിരിക്കാത്ത സാഹചര്യത്തിലാകും. അങ്ങനെ സംഭവിച്ചാല്‍ വീഴ്ച ബോധത്തോടെ ആകില്ല. വേഗത്തില്‍ എഴുന്നേല്‍ക്കാന്‍ സാധിക്കാതെ വരികയും ശ്വാസനാളത്തിലൂടെ തുടര്‍ച്ചയായി വെള്ളം കയറുകയും ചെയ്താല്‍ മരണം ഉറപ്പാണ്.

അകത്ത് സംഭവിക്കുന്നത്
വായിലേക്ക് വെള്ളം കയറിയാല്‍ അകത്തേക്ക് പോകുന്നതിന് രണ്ടു വഴികളാണുള്ളത്. അന്നനാളവും ശ്വാസനാളവും. അന്നനാളത്തിലൂടെയാണ് ശരിയായ വഴി. എന്നാല്‍ ശ്വാസനാളത്തിലൂടെ കടന്നാല്‍ ശ്വാസകോശത്തില്‍ കടക്കും. മരണം സംഭവിക്കും.

അടയ്ക്കലും തുറക്കലും
രണ്ട് നാളങ്ങളും അടയ്ക്കാനും തുറക്കാനും ശരീരത്തിന് സ്വന്തമായ രീതികളുണ്ട്. ശ്വാസനാളം സദാസമയം തുറന്നിരിക്കുന്ന ഒന്നാണ്. എന്നാല്‍ വായിലൂടെ എന്തെങ്കിലും ഒരു വസ്തുക അകത്തേക്ക് പ്രവേശിക്കുമ്പോള്‍ മാത്രമാണ് അന്നനാളം തുറക്കുക.

ശരീരത്തിന്റെ പ്രതികരണം
അന്നനാളം തുറക്കണമെങ്കില്‍ ബോധമുള്ള തലച്ചോര്‍ ആവശ്യമാണ്. അബോധാവസ്ഥയിലാണെങ്കില്‍ അന്നനാളം തുറക്കാതിരിക്കുകയും ശ്വാസനാളത്തിലേക്ക് വെള്ളം കയറുകയും ചെയ്യും. അപ്പോഴാണ് ശരീരം ചുമച്ചുകൊണ്ട് പ്രതികരിക്കുക.

ആസ്പിരേഷന്‍
പക്ഷേ, അബോധാവസ്ഥയിലുള്ള വ്യക്തിക്ക് ശ്വാസ നാളം അടഞ്ഞുകൊടുക്കില്ല. അന്നനാളം തുറക്കുകയുമില്ല. അതോടെ വെള്ളം ശ്വാസനാളത്തില്‍ കയറി നിറഞ്ഞാല്‍ മരണം ഉറപ്പാണ്. ഈ അവസ്ഥയെ ആണ് ആസ്പിരേഷന്‍ എന്ന് പറയുക.

ഇടപെടലുകള്‍ ഗുണം ചെയ്യും
ഇത്തരം സാഹചര്യമുണ്ടായാല്‍ ശരീരം പ്രതികരിക്കാതിരുന്നാല്‍ സമീപത്തുള്ളവരുടെ ഇടപെടല്‍ ചിലപ്പോള്‍ ഗുണം ചെയ്യും. സമീപത്ത് ആരും ഇല്ലാതിരുന്നാല്‍ പ്രതിസന്ധിയാകും.

ശ്രീദേവിയുടെ കാര്യത്തില്‍
ശ്രീദേവിയുടെ കാര്യത്തില്‍ ബാത്ത് ടെബ്ബില്‍ എങ്ങനെ വീണു എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. ഒന്നുകില്‍ ബോധം നഷ്ടപ്പെട്ട് വീണതാകാം. അല്ലെങ്കില്‍ കാല് തെന്നി വീണത് മൂലം തലയിടിക്കുന്നതിലൂടെ ബോധം നഷ്ടപ്പെട്ടതാകാം. ഇക്കാര്യത്തില്‍ വിശദമായ പരിശോധന ദുബായില്‍ നടക്കുകയാണ്.

തലയിടിച്ച് വീണതാണെങ്കില്‍
തലയിടിച്ച് വീണതാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമാകും. അടയാളം കാണും. ആസ്പിരേഷന്‍ സംഭവിക്കാനുള്ള സാധ്യതകള്‍ മൂന്ന് ഘട്ടത്തിലാണ്.

മൂന്ന് കാരണങ്ങള്‍
ഹൃദയാഘാതം മൂലം ബോധം നഷ്ടപ്പെടാം. അപസ്മാരം കാരണം സംഭവിക്കാം. അമിതമായ മദ്യപാനം മൂലവും ബോധം പോകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം ആസ്പിരേഷന്‍ സംഭവിക്കാം. വിശദമായ പരിശോധനാ ഫലങ്ങള്‍ വന്നാല്‍ മാത്രമേ ശ്രീദേവിയുടെ കാര്യത്തില്‍ എന്തുസംഭവിച്ചുവെന്ന് വ്യക്തമാകൂ.












Click it and Unblock the Notifications