ശ്രീലങ്കയ്ക്ക് കൈത്താങ്ങ്; മുടങ്ങിയ ശസ്ത്രക്രിയകള്‍ തുടങ്ങാന്‍ ഇന്ത്യ മരുന്നെത്തിക്കും
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ശ്രീലങ്കന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. മരുന്ന് അടക്കമുള്ള സഹായമാണ് ഇന്ത്യ, ശ്രീലങ്കയ്ക്ക് ലഭ്യമാക്കുക. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവം മൂലം ശസ്ത്രക്രിയകള്‍ നിര്‍ത്തി വെച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടല്‍. ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചര്‍ച്ച ചെയ്യാന്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ജയശങ്കര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയില്‍ തിങ്കളാഴ്ച മരുന്നിന്റെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് എല്ലാ ശസ്ത്രക്രിയകളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി പല ആശുപത്രികളും അറിയിച്ചിരുന്നു. ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങള്‍ ഉപേക്ഷിക്കാന്‍ രാജ്യത്തെ നിര്‍ബന്ധിതരാക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്.

ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എല്ലാ വിധ സഹായ സഹകരണങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് എസ് ജയശങ്കര്‍ ശ്രീലങ്കന്‍ അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ, പ്രധാനമന്ത്രി മഹേന്ദ രാജപക്‌സെ, ധനകാര്യമന്ത്രി ബേസില്‍ രാജപക്‌സെ എന്നിവരുമായി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തി. കാന്‍ഡിയിലെ പെരഡെനിയ ടീച്ചിംഗ് ഹോസ്പിറ്റല്‍ എല്ലാ ശസ്ത്രക്രിയകളും നിര്‍ത്തി വെച്ചു എന്ന വാര്‍ത്ത തന്നെ അസ്വസ്ഥനാക്കിയെന്ന് ജയശങ്കര്‍ പറഞ്ഞു.
തിങ്കളാഴ്ച നടന്ന ആശുപത്രി അധികൃതരുടെ യോഗത്തില്‍, ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിക്കുന്ന അനസ്തേഷ്യ മരുന്നിന്റെ ഫലങ്ങള്‍ മാറ്റാന്‍ ഉപയോഗിക്കുന്ന അനസ്തേഷ്യ മരുന്നായ നിയോസ്റ്റിഗ്മൈന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ കടുത്ത ക്ഷാമം കാരണമാണ് എല്ലാ ശസ്ത്രക്രിയകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനമെടുത്തത്. കടുത്ത ഡോളര്‍ പ്രതിസന്ധി, അവശ്യമരുന്നുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന ഇറക്കുമതികളുടെ വാങ്ങല്‍ വെട്ടിക്കുറയ്ക്കാന്‍ ശ്രീലങ്കയെ പ്രേരിപ്പിച്ചിരുന്നു.
ഇത് സംസ്ഥാന ആശുപത്രികളിലും സ്വകാര്യ ഫാര്‍മസികളിലും അവശ്യ മരുന്നുകളുടെ ക്ഷാമത്തിന് കാരണമായി. മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വാങ്ങുന്നതിന് മാര്‍ച്ച് 17 ന് ഒരു ബില്യണ്‍ ഡോളര്‍ ക്രെഡിറ്റ് ലൈന്‍ ഉള്‍പ്പെടെ ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ ധനസഹായം ഇന്ത്യ ശ്രീലങ്കയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ചൈനയും ശ്രീലങ്കയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications