ആര്‍എസ്എസിനെ കുറിച്ചുള്ള തിരക്കഥ വായിച്ച് കരഞ്ഞു, സിനിമ ചലനമുണ്ടാക്കുമോ എന്നറിയില്ല; രാജമൗലി
ആര്‍എസ്എസിനെ കുറിച്ച് തനിക്കൊന്നുമറിയില്ല എന്നാണ് രാജമൗലി പറയുന്നത്. എന്നാല്‍ സിനിമ സംവിധാനം ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ബഹുമതിയായി കണക്കാക്കും

മുംബൈ: ആര്‍ എസ് എസിനെ കുറിച്ച് പിതാവും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് തയ്യാറാക്കിയ തിരക്കഥ താന്‍ വായിച്ചിട്ടുണ്ട് എന്ന് സംവിധായകന്‍ എസ് എസ് രാജമൗലി. ആ തിരക്കഥ വായിക്കുമ്പോള്‍ താന്‍ പലതവണ കരഞ്ഞിട്ടുണ്ട് എന്നും എസ് എസ് രാജമൗലി പറഞ്ഞു. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് രാജമൗലിയുടെ പ്രതികരണം.
രാജമൗലിയുടെ മിക്ക സിനിമകളുടെയും തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് വിജയേന്ദ്ര പ്രസാദാണ്. രാജമൗലിയുടെ ഒടുവിലെ ചിത്രമായ ആര്‍ ആര്‍ ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു. ഓസ്‌കാറിലേക്കും ആര്‍ ആര്‍ ആര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിജയേന്ദ്ര പ്രസാദ് ഇപ്പോള്‍ ആര്‍ എസ് എസിനെക്കുറിച്ചുള്ള സിനിമാക്കായി തിരക്കഥയെഴുതുന്നതിന്റെ തിരക്കിലാണ് എന്ന് രാജമൗലി പറയുന്നു.

ആര്‍എസ്എസ് എങ്ങനെ ഉണ്ടായി എന്നറിയില്ല
ഈ കഥയെ കുറിച്ചും ആര്‍ എസ് എസിനെ കുറിച്ചും എന്താണ് തോന്നിയത് എന്ന് രൗജമൗലിയോട് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ എസ് എസിന്റെ ചരിത്രത്തെ കുറിച്ച് എനിക്ക് അറിയില്ല. ആര്‍ എസ് എസിനെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ അത് എങ്ങനെ രൂപപ്പെട്ടു എന്നോൃ അവരുടെ കൃത്യമായ വിശ്വാസങ്ങള്‍ എന്തൊക്കെയാണ് എന്നോ അവര്‍ എങ്ങനെ വികസിച്ചു എന്നോ ഒന്നും എനിക്കറിയില്ല.

ആര്‍എസ്എസ് സിനിമ സംവിധാനം ചെയ്യുമോ
എന്നാല്‍ പിതാവ് എഴുതിയ തിരക്കഥ ഞാന്‍ വായിച്ചു. വളരെ വൈകാരികമായാണ് ഞാന്‍ ആ സ്‌ക്രിപ്റ്റ് വായിച്ചത്. അത് വായിക്കുന്നതിനിടയില്‍ ഞാന്‍ പലതവണ കരഞ്ഞു. അതിലെ നാടകീയത എന്നെ വികാരഭരിതമാക്കി. എന്നാല്‍ എന്റെ ആ പ്രതികരണത്തിവന് കഥയുടെ ചരിത്ര ഭാഗവുമായി ഒരു ബന്ധവുമില്ല എന്നും രാജമൗലി വ്യക്തമാക്കി. ആര്‍ എസ് എസിനെ കുറിച്ചുള്ള സിനിമ താന്‍ സംവിധാനം ചെയ്യുമോ എന്ന് അറിയില്ല എന്നും രാജമൗലി പറഞ്ഞു.

ആര്‍എസ്എസ് സിനിമ നാട്ടുകാരെങ്ങനെ സ്വീകരിക്കും?
തനിക്ക് സംവിധാനം ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയ ബഹുമതിയാകും. എന്നാല്‍ അച്ഛന്‍ ആ തിരക്കഥ എഴുതിയത് മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ എന്ന് തനിക്ക് അറിയില്ല എന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. തിരക്കഥ വൈകാരികവും വളരെ മികച്ചതുമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ അത് സമൂഹം എങ്ങനെയാണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന് അറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്ക് രാഷ്ട്രീയമില്ല
ആ സിനിമ നെഗറ്റീവോ പോസിറ്റീവോ ആയ സ്വാധീനം ഉണ്ടാക്കുമെന്ന് താന്‍ പറയുന്നില്ല എന്നും അക്കാര്യത്തില്‍ തനിക്ക് ഉറപ്പില്ല എന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. നിലവാരമുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഒരു സ്വതന്ത്ര ചലച്ചിത്ര നിര്‍മാതാവാണ് താനെന്നും ഒരിക്കലും ഒരു രാഷ്ട്രീയ അജണ്ടയെയും പിന്തുണച്ചിട്ടില്ല എന്നും രാജമൗലി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications